ഹര്‍ത്താലുകളുടെ എണ്ണം കുറയുന്നു
കോഴിക്കോട്: പെട്ടെന്നുള്ള ഹര്‍ത്താലുകളുടെ എണ്ണം കുറയുന്നു. വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമായതാണ് ഹര്‍ത്താലുകളുടെ എണ്ണത്തില്‍ കുറവു വരാന്‍ കാരണം.
പണി മുടക്കുകള്‍ ഇടയ്ക്കിടെ നടക്കുന്നുണ്ടെങ്കിലും ഹര്‍ത്താലിനെപ്പോലെ ജനജീവിതത്തെ ബാധിക്കാറില്ല. 2010 മുതല്‍ 'സേ നോ ടു ഹര്‍ത്താല്‍' സംഘടന ഹര്‍ത്താലിനെതിരേ പ്രതിഷേധ പ്രകടനങ്ങളും ബോധവല്‍ക്കരണങ്ങളും നടത്തുന്നുണ്ട്. നിരത്തില്‍ പെട്ടു പോകുന്നവരെ റെയില്‍വേ സ്‌റ്റേഷനിലും എയര്‍പോര്‍ട്ടിലുമെത്തിച്ച് പ്രവര്‍ത്തകര്‍ മാതൃകയായിരുന്നു.
ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ പെട്ടെന്നുള്ള ഹര്‍ത്താലുകളുണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒന്നു മാത്രം. 2009ല്‍ പതിനൊന്നെണ്ണമുണ്ടായ സ്ഥാനത്ത് 2015ല്‍ ഒന്നായി ചുരുങ്ങി. 2010ല്‍ എട്ടും 2011ല്‍ നാലും ഹര്‍ത്താലുകളാണുണ്ടായത്. 2012 ലും നാലെണ്ണമുണ്ടായി. 2013 ല്‍ മൂന്നും 2014ല്‍ രണ്ടുമായി ചുരുങ്ങി. എന്നാല്‍ പ്രാദേശിക ഹര്‍ത്താല്‍ പ്രവണത വര്‍ധിച്ചു വരുന്നുണ്ടെന്ന് 'സേ നോ ടു ഹര്‍ത്താല്‍' ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നടപ്പാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നെങ്കിലും എങ്ങുമെത്തിയില്ല. മൂന്ന് ദിവസം മുന്‍പെങ്കിലും ഹര്‍ത്താല്‍ പ്രഖ്യാപിക്കുക, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുക, ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും സ്ഥാപനങ്ങള്‍ അടപ്പിക്കുന്നത് കുറ്റകരമാക്കുക, അക്രമ സാധ്യതയുണ്ടെങ്കില്‍ സര്‍ക്കാരിന് ഹര്‍ത്താലിനുള്ള അനുമതി നിഷേധിക്കുക, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പൊലിസ് ഉറപ്പുവരുത്തുക തുടങ്ങിയ വ്യവസ്ഥകളായിരുന്നു ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിലുണ്ടായിരുന്നത്.
അതേ സമയം കേരളത്തില്‍ ഹര്‍ത്താല്‍ നിരോധിച്ചില്ലെങ്കില്‍ വിനോദസഞ്ചാര മേഖലയില്‍ 10,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സര്‍ക്കാര്‍ കണക്കനുസരിച്ച് ഹര്‍ത്താല്‍ ദിനത്തിലെ നഷ്ടം100കോടി രൂപയാണ്. ഇതില്ലാതാക്കാന്‍ പണിമുടക്കുകളുടെ എണ്ണത്തില്‍ കൂടി കുറവു വരുത്താനുള്ള യജ്ഞത്തിലാണ് ഇപ്പോള്‍ 'സേ നോ ടു ഹര്‍ത്താല്‍' പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."