യു.എസ് ഓപണിലും കെര്‍ബര്‍
ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ ടെന്നീസ് വനിതാ കിരീടം ലോക ഒന്നാം നമ്പര്‍ താരം ജര്‍മനിയുടെ ആഞ്ജലിക്ക് കെര്‍ബര്‍ക്ക്. ഫൈനലില്‍ ചെക്ക് റിപ്പബ്ലിക് താരം കരോലിന പ്ലിസ്കോവയെ പരാജയപ്പെടുത്തിയാണ് കെര്‍ബര്‍ കീരീടം ചൂടിയത്. സ്കോര്‍: 6-3, 4-6, 6-4. മത്സരത്തിലെ ആദ്യ സെറ്റും അവസാന സെറ്റും നേടിയാണ് കെര്‍ബര്‍ ജയം സ്വന്തമാക്കിയത്. കഴിഞ്ഞ സിന്‍സിനാറ്റി ഓപണ്‍ ഫൈനലില്‍ പ്ലിസ്കോവയോടേറ്റ പരാജയത്തിനു പകരം ചോദിച്ചാണ് കെര്‍ബറുടെ യു.എസ് ഓപണ്‍ നേട്ടം. രണ്ടാം സെറ്റ് പ്ലിസ്കോവ നേടിയതോടെ ഈ യു.എസ് ഓപണില്‍ ആദ്യമായാണ് കെര്‍ബര്‍ ഒരു സെറ്റ് വിട്ടുകൊടുക്കുന്നത്.
ഈവര്‍ഷമാദ്യം ആസ്ത്രേലിയന്‍ ഓപണ്‍ നേടി കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയ കെര്‍ബര്‍ സീസണിലെ അവസാന ഗ്രാന്‍ഡ് സ്ലാമായ യു.എസ് ഓപണില്‍ മുത്തമിട്ട് കിരീട നേട്ടം രണ്ടാക്കി ഉയര്‍ത്തി. ഫൈനലിലെത്തിയതോടെ സെറീന വില്ല്യംസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാം നമ്പറായ കെര്‍ബറുടെ ഒന്നാം സ്ഥാനം ഇന്നു മുതല്‍ ഔദ്യോഗികമായി നിലവില്‍ വരും. 1996ല്‍ സ്റ്റെഫി ഗ്രാഫ് ഒന്നാം റാങ്കിലെത്തിയതിനു ശേഷം ആദ്യമായാണ് ഒരു ജര്‍മന്‍ താരം ഈ നേട്ടം കൈവരിക്കുന്നത്.ഈ വര്‍ഷം രണ്ടു ഗ്രാന്‍ഡ് സ്ലാം കിരീടം നേടാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കരിയറിലെ ഏറ്റവും മികച്ച വര്‍ഷമാണിതെന്നും വിജയത്തിനു ശേഷം കെര്‍ബര്‍ പ്രതികരിച്ചു. കുട്ടിയായിരിക്കുമ്പോള്‍ കണ്ട സ്വപ്നമായിരുന്നു ഒന്നാം റാങ്കും ഗ്രാന്‍ഡ് സ്ലാം കിരീടവും. ഇരട്ട നേട്ടത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും കെര്‍ബര്‍ കൂട്ടിച്ചേര്‍ത്തു.
ഫൈനലില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തില്‍ ഇത്ര മുന്നോട്ടു പോയതു തന്നെ പ്ലിസ്കോവയെ സംബന്ധിച്ച് നേട്ടമാണ്. ആദ്യമായാണ് താരം ഗ്രാന്‍ഡ് സ്ലാമിന്റെ സെമിയും ഫൈനലുമൊക്കെ കളിക്കുന്നത്. വീനസ് വില്ല്യംസിനേയും സെറീന വില്ല്യംസിനേയും ഒരേ ടൂര്‍ണമെന്റില്‍ തോല്‍പ്പിക്കുന്ന ചരിത്രത്തിലെ നാലാമത്തെ മാത്രം താരമായി മാറാനും പ്ലിസ്കോവയ്ക്കു സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."