അടിതെറ്റി ബാഴ്‌സലോണ
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണയെ ഈ സീസണില്‍ ഒന്നാം ഡിവിഷനിലേക്കെത്തിയ പുതുമുഖക്കാരായ ഡിപോര്‍ടീവോ അലാവെസ് അട്ടിമറിച്ചു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് കറ്റാലന്‍ പട തോല്‍വി വഴങ്ങിയത്. 39ാ ം മിനുട്ടില്‍ ഡെവേഴ്‌സനും 64ാം മിനുട്ടില്‍ ഇബായിയും അലാവെസിനായി വല ചലിപ്പിച്ചപ്പോള്‍ ജെറമി മാത്യു 49ാം മിനുട്ടില്‍ ബാഴ്‌സയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി. ബാഴ്‌സയുടെ തട്ടകമായ നൗ കാംപിലാണ് തോല്‍വിയെന്നതും ചാംപ്യന്‍ ടീമിനു നാണക്കേടായി.
ഇനിയെസ്റ്റ, മെസ്സി, സുവാരസ് എന്നിവര്‍ക്ക് ആദ്യ ഇലവനില്‍ സ്ഥാനം നല്‍കാതെ ബെഞ്ചിലിരുത്തിയ കോച്ച് ലൂയിസ് ഹെന്റിക്കിന്റെ തീരുമാനം വമ്പന്‍ അബദ്ധമായി മാറുകയായിരുന്നു.
60ാം മിനുട്ടില്‍ മെസ്സിയേയും 64ാം മിനുട്ടില്‍ ഇനിയെസ്റ്റയേയും 66ാം മിനുട്ടില്‍ സുവാരസിനേയും കളത്തിലിറക്കിയിട്ടും ബാഴ്‌സ ക്ലച്ചുപിടിച്ചില്ല. ബ്രസീലിനു ഒളിംപിക് സ്വര്‍ണം സമ്മാനിച്ച ശേഷം ക്ലബില്‍ തിരിച്ചെത്തി ആദ്യ മത്സരത്തിനിറങ്ങിയ നെയ്മര്‍ മാത്രമാണ് എം.എസ്.എന്‍ ത്രയത്തില്‍ മുഴുവന്‍ സമയത്തും കളിച്ച താരം.
തോല്‍വി ബാഴ്‌സയെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് വീഴ്ത്തി. മൂന്നു കളികളില്‍ മൂന്നും ജയിച്ച് ബദ്ധവൈരികളായ റയല്‍ മാഡ്രിഡ് ഒന്‍പത് പോയിന്റോടെ ഒന്നാം സ്ഥാനത്ത്. കടുത്ത പ്രതിരോധ പൂട്ടൊരുക്കിയാണ് ആലാവെസ് ബാഴ്‌സയുടെ മുന്നേറ്റത്തെ തടഞ്ഞത്. മറുഭാഗത്ത് കിട്ടിയ അവസരം ശരിക്കും മുതലെടുക്കാന്‍ പുതുമുഖ ടീമിനു സാധിക്കുകയും ചെയ്തു. 39ാം മിനുട്ടില്‍ കികോ ഫെമെനിയാസിന്റെ ക്രോസില്‍ നിന്നു ഡെവേഴ്‌സന്‍ വല ചലിപ്പിച്ചപ്പോള്‍ ബാഴ്‌സലോണയ്ക്കായി ഗോള്‍ വല കക്കാന്‍ അരങ്ങേറ്റം കുറിച്ച ഹോളണ്ട് ഗോള്‍ കീപ്പര്‍ സില്ലെസന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
രണ്ടാം പകുതി തുടങ്ങി 49ാം മിനുട്ടില്‍ നെയ്മര്‍ കോര്‍ണറില്‍ നിന്നു കൈമാറിയ പന്തില്‍ നിന്നു മാത്യു ഹെഡ്ഡറിലൂടെ ബാഴ്‌സയ്ക്ക് സമനില സമ്മാനിച്ചു. എന്നാല്‍ 64ാം മിനുട്ടില്‍ ബാഴ്‌സലോണയുടെ പ്രതിരോധം പാളിയത് അലാവെസ് മുതലാക്കി. ഇബായ് ഗോമസിലൂടെ അവര്‍ രണ്ടാം ഗോളും വലയിലാക്കി ബാഴ്‌സയെ ഞെട്ടിച്ചു. മൂന്നു കളികളില്‍ നിന്നു അലാവെസ് ആദ്യ ജയമാണ് സ്വന്തമാക്കിയത്. ആദ്യ രണ്ടു മത്സരങ്ങളിലും സമനില വഴങ്ങിയ അവര്‍ക്ക് ഇതോടെ അഞ്ചു പോയിന്റായി. മറ്റൊരു മത്സരത്തില്‍ സ്‌പോര്‍ടിങ് ഗിജോണ്‍ 2-1നു ലെഗാനെസിനെ പരാജയപ്പെടുത്തി.
ലിവര്‍പൂളിനു തകര്‍പ്പന്‍ ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാംപ്യന്‍മാരായ ലെയ്സ്റ്റര്‍ സിറ്റിയെ ലിവര്‍പൂള്‍ വീഴ്ത്തി. ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ വിജയിച്ചത്. റോബര്‍ട്ടോ ഫിര്‍മിനോ നേടിയ ഇരട്ട ഗോളുകളാണ് ലിവര്‍പൂളിനു വിജയമൊരുക്കിയത്. നാലു കളികളില്‍ നിന്നു ലിവര്‍പൂള്‍ നേടുന്ന രണ്ടാം ജയമാണിത്.
കളിയുടെ ഇരു പകുതികളിലുമായി ഇരട്ട ഗോളുകള്‍ നേടിയാണ് ലിവര്‍പൂള്‍ മത്സരം പൂര്‍ത്തിയാക്കിയത്. 13ാം മിനുട്ടില്‍ ഫിര്‍മിനോ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടു.
31ാം മിനുട്ടില്‍ സാദിയോ മാനെ, 56ാം മിനുട്ടില്‍ ആദം ലല്ലാന എന്നിവര്‍ വല ചലിപ്പിച്ചു. 89ാം മിനുട്ടില്‍ തന്റെ രണ്ടാം ഗോളിലൂടെ ഫിര്‍മിനോ പട്ടിക പൂര്‍ത്തിയാക്കി. 38ാം മിനുട്ടില്‍ ജാമി വാര്‍ഡി ലെയ്സ്റ്ററിന്റെ ആശ്വസ ഗോള്‍ കണ്ടെത്തി.
ബൊറൂസിയക്ക് അട്ടിമറി തോല്‍വി
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കരുത്തരായ ബൊറൂസിയ ഡോര്‍ഡ്മുണ്ടിനെ ഈ സീസണില്‍ സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ലെയ്പ്‌സിഗ് ഒറ്റ ഗോളിനു അട്ടിമറിച്ചു.
രണ്ടാം മത്സരത്തിലാണ് ബൊറൂസിയക്ക് അട്ടിമറി തോല്‍വി പിണഞ്ഞത്.
ആദ്യ പകുതിയും രണ്ടാം പകുതിയുടെ അവസാനം വരെയും മത്സരം ഗോള്‍രഹിതമായപ്പോള്‍ കളിയുടെ 89ാം മിനുട്ടില്‍ കെയ്റ്റ നേടിയ ഗോളാണ് ബൊറൂസിയയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്.
വിജയത്തോടെ
മൊണാക്കോ
പാരിസ്: ഫ്രഞ്ച് ലീഗ് വണില്‍ മൊണാക്കോയ്ക്ക് തകര്‍പ്പന്‍ ജയം. 4-1നും അവര്‍ ലില്ലെയെ തകര്‍ത്തു. മറ്റു മത്സരങ്ങളില്‍ ആന്‍ജേഴ്‌സ് 3-1നു ഡിജോണിനേയും ബാസ്റ്റിയ 2-1നു ടോളൗസിനേയും നാന്‍സി 2-0ത്തിനു ലോറിയന്റിനേയും ബോര്‍ഡെക്‌സ് 3-1നു ഒളിംപിക് ലിയോണിനേയും കീഴടക്കി. ഗ്വിന്‍ഗാംപ്- മോണ്ട്‌പെല്ലിയര്‍ പോരാട്ടം 1-1നു സമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."