അനുസരണയാണ് ഹജ്ജിന്റെ ആത്മാവ്
ജനങ്ങള്‍ ദുല്‍ഹിജ്ജ മാസത്തില്‍ കഅ്ബ ലക്ഷ്യംവച്ച് യാത്രചെയ്ത് മക്കയിലെത്തി യുക്തികൊണ്ട് കൃത്യമായി വ്യാഖ്യാനിക്കാന്‍ സാധിക്കാത്ത ചില ആരാധനാ കര്‍മങ്ങളനുഷ്ഠിക്കുന്നു. അതാണ് ഹജ്ജ്. ഹജ്ജ് അനുഷ്ഠിക്കുന്നതിലൂടെ ഒരാള്‍ പൂര്‍ണ മുസ്‌ലിമാവുകയാണ്. സ്വീകാര്യയോഗ്യമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ മറ്റു പ്രതിഫലമില്ലെന്ന പ്രവാചക വചനം ഹജ്ജ് കഴിയുന്നതോടുകൂടി ഒരാള്‍ സമ്പൂര്‍ണനായ മുസ്‌ലിമായെന്നാണ് സൂചിപ്പിക്കുന്നത്.
മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് അല്ലാഹുവിനു ആരാധനകളര്‍പ്പിക്കാനാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. 'ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല' (51:56). ഏതൊരു വസ്തുവും അതിന്റെ ഉദ്ദിഷ്ടലക്ഷ്യം സാക്ഷാല്‍ക്കരിക്കുമ്പോഴാണ് സമ്പൂര്‍ണമാകുന്നത്. വീട്ടില്‍ വളര്‍ത്തുന്ന ആട് ശുദ്ധമായ പാല്‍ യഥേഷ്ടം തരുമ്പോഴാണ് അതിനു തീറ്റകൊടുത്തു വളര്‍ത്തുന്ന യജമാനന്‍ സംതൃപ്തനാകുന്നത്. മനുഷ്യന്‍ തന്റെ സ്രഷ്ടാവിന്റെ മുന്നില്‍ അങ്ങേയറ്റം വിനീത വിധേയനാവുമ്പോഴാണ് മനുഷ്യന്‍ സമ്പൂര്‍ണനാകുന്നത്. സുപ്രധാന സന്ദര്‍ഭങ്ങളിലെല്ലാം നബി (സ)യെ 'അടിമ' എന്ന അര്‍ഥം കുറിക്കുന്ന 'അബ്ദ്' എന്ന പദം കൊണ്ടാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. ഇസ്‌റാഅ്, മിഅ്‌റാജിനെ കുറിച്ച് പറയുന്നിടത്തും (17:1) ഖുര്‍ആന്‍ നല്‍കിയെന്ന് പറയുന്നിടത്തും (18:1) അത്തരത്തില്‍ പ്രയോഗിച്ചിരിക്കുന്നത് കാണാം. അഥവാ നബി (സ)യുടെ വ്യക്തിത്വം പൂര്‍ത്തിയാവുന്നത് താന്‍ ദൈവദാസനാണെന്ന ബോധം പൂര്‍ണമായി ഉള്‍ക്കൊള്ളുമ്പോഴാണ്. ഹജ്ജിന്റെ ഓരോ കര്‍മവും മനുഷ്യന്റെ അടിമത്വബോധം തൊട്ടുണര്‍ത്തുന്നതാണ്. അത് ഇഹ്‌റാമിന്റെ വേഷം കെട്ടലില്‍ നിന്ന് തുടങ്ങുന്നു. ദനാഢ്യന്‍പോലും കേവലം രണ്ടു മേല്‍മുണ്ട് മാത്രമേ ധരിക്കാന്‍ പാടുള്ളൂ. അത് അടിമകളെപ്പോലെ തന്നെ ധരിക്കുകയും വേണം.
ഹാജിമാര്‍ മക്കയിലെത്തുന്നതോടെ തന്റെ ചുറ്റുപാടില്‍ നിന്നും തീര്‍ത്തും വിഭിന്നമായ മറ്റൊരു ലോകത്തെത്തിയ പ്രതീതിയാണ് അനുഭവിക്കുന്നത്. എല്ലാവരും തന്നെപ്പോലെ വേഷമണിഞ്ഞവര്‍. ആരുടെ മുഖത്തും അഹംഭാവമില്ല. തങ്ങളുടെ ആവശ്യത്തിനായി തര്‍ക്കിക്കുന്നില്ല. കിട്ടിയത് ഭക്ഷിച്ച്, പരിമിത സ്ഥലങ്ങളില്‍ കിടന്നുറങ്ങി, എല്ലാ ഭൗതിക കഷ്ടപ്പാടുകളും സഹിച്ച് അല്ലാഹുവിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ച് രാപലുകള്‍ തള്ളിനീക്കുകയാണവര്‍. കറുത്ത കാപ്പിരിയും വെളുത്ത വെള്ളക്കാരനും കുറിയ കൊറിയക്കാരനും തവിട്ടു നിറത്തിലുള്ളവരും അവിടെ തുല്യരാണ്. ഓരോരുത്തര്‍ക്കും മറ്റുള്ളവരുടെ ഭാഷ അറിയില്ലെങ്കിലും മുഖത്തെ ഭാവവും വികാരവും വിചാരവും വേഗത്തില്‍ മനസിലാകുന്നു.
ഹജ്ജിന്റെ ഓരോ കര്‍മത്തിലും താന്‍ ഒന്നും അര്‍ഹിക്കാത്ത അടിമായണെന്ന് പറയാതെ പറയുന്നതു കാണാം. കഅ്ബയുടെ അടുത്തെത്തിയവര്‍ അതിനു ചുറ്റും നിശ്ചിത പ്രദക്ഷിണം നടത്തുന്നു. എന്നാല്‍ എന്തിനു പ്രദക്ഷിണം നടത്തണം? ചോദ്യമില്ല. കാരണം ഹാജി അടിമത്വത്തിന്റെ സമ്പൂര്‍ണത വിളിച്ചറിയിക്കാനുള്ള തത്രപ്പാടിലാണ്. അല്ലാഹു പറഞ്ഞത് അനുസരിക്കണം. അത് ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് സ്വഫാ മര്‍വക്കിടയിലെ സഅ്‌യിന്റെ സന്ദര്‍ഭത്തിലാണ്. ഏതോ കാലത്ത് ഹാജറാ ബീവി നടന്നത് അനുസ്മരിപ്പിക്കാനാണ് സ്വഫാ മര്‍വക്കിടയില്‍ നടക്കുന്നത്. അതിനു നാം എന്തിനു നടക്കണം?... ചോദ്യം അപ്രസക്തമാണ്. നടന്നേ തീരൂ. യജമാനന്‍ പറയുന്നതു കേള്‍ക്കണം. ചോദ്യം ചെയ്യാന്‍ പാടില്ല. നിശ്ചിത സ്ഥലത്ത് എത്തുമ്പോള്‍ തടിച്ചവനും മെലിഞ്ഞവനും വലിയവനും ചെറിയവനും വൃദ്ധനും യുവാവും ഓടുന്നത് കാണുമ്പോള്‍ കണ്ണില്‍ നിന്ന് മറ്റൊരു സംസം ഉറവയെടുക്കാറുണ്ട്. പ്രദക്ഷിണം കഴിഞ്ഞ് തല മുണ്ഡനം ചെയ്യാന്‍ പറയുന്നു. അനുസരണയുള്ള അടിമയെപ്പോലെ ഭവ്യതയോടെ അത് നിര്‍വഹിക്കുന്നു.
ചെകുത്താന്‍ സ്തൂപത്തെ കല്ലെറിയുന്നതും ഹജറുല്‍ അസ്‌വദിനെ മുത്തുന്നതും തഥൈവ. ഒരു കല്ലിനെ മുത്തം വയ്ക്കാനും ആദരിക്കാനും ജനങ്ങള്‍ തിരക്കു കൂട്ടുകയാണ്. മരണം വരിച്ചാലും അത് സ്പര്‍ശിച്ച് പുണ്യം നേടിയിട്ടേ നാട്ടിലേക്കു തിരിച്ചുപോവുകയുള്ളൂവെന്ന് ശഠിക്കുന്നു. മറ്റൊരു കല്ലിനെ എറിയാനും നിന്ദിക്കാനും അതുപോലെ തിരക്കു കൂട്ടുന്നു. മരണം മുഖാമുഖം കണ്ടാലും പിന്മറാതെ മുന്നോട്ടു കുതിക്കുകയാണവര്‍. ഭൗതികാര്‍ഥത്തില്‍ രണ്ടും ഒരേ ധാതുലവണങ്ങളാല്‍ നിര്‍മിതമായ കല്ലാണ്. പക്ഷെ, അത്തരത്തിലുള്ള യുക്തിവിചാരവും വിചാരണയും അപ്രസക്തമാണ്. കാരണം അടിമയാണവന്‍. യജമാനന്റെ വാക്കുകളാണ്. അത് അനുസരിക്കുക തന്നെ വേണം. അല്ലാത്തതൊന്നും വില പോവില്ല. അതിന്റെ പിന്നിലെ യുക്തിയും അന്വേഷിക്കുന്നില്ല. 'നീ വെറും കല്ലാണെന്ന് എനിക്കറിയാം. നബി (സ) നിന്നെ മുത്തം വച്ചില്ലായിരുന്നുവെങ്കില്‍ ഞാനും മുത്തം വക്കില്ലായിരുന്നു' എന്ന് ഉമര്‍ (റ) ഹജറുല്‍ അസ്‌വദിനു നേരെ തിരിഞ്ഞു പറഞ്ഞത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
ഹജ്ജ് കഴിയുന്നതോട് കൂടി എല്ലാ അര്‍ത്ഥത്തിലും താന്‍ അല്ലാഹുവിന്റെ അടിമയാണെന്ന ബോധം പൂര്‍ണ്ണമായും ആവാഹിച്ചാവണം ഓരോ ഹാജിയും മടങ്ങി വരേണ്ടത്.
ഹജ്ജിലുടനീളം മുഴച്ചുനില്‍ക്കുന്നത് ഇബ്‌റാഹീമീ സ്മരണകളാണ്. ഇബ്‌റാഹീം (അ)ന്റെ ജീവിതദര്‍ശനങ്ങള്‍ ജീവിതത്തിലേക്കു ആവാഹിക്കപ്പെടാന്‍ അവരുടെ കാലടയാളം അനശ്വരമാക്കി. പ്രതീക്ഷയുടെ ഭാണ്ഡവും പേറി മക്കയില്‍ എത്തിയവര്‍ കാണുന്നത് നൂറ്റാണ്ടുകള്‍ക്കപ്പുറം ഇത്തരത്തിലുള്ള പ്രതീക്ഷയുടെ ഭാണ്ഡവും പേറി ലോകത്ത് സഞ്ചരിച്ച ഇബ്‌റാഹീം നബി (അ)ന്റെ കാല്‍പാദങ്ങളാണ്.
ഹജ്ജിന് പോകുന്നവന്‍ കാണേണ്ടത് അംബരചുംബികളായ കെട്ടിടങ്ങളല്ല, മക്കയുടെ ഓരോ മണല്‍തരിയിലും പതിഞ്ഞിരിക്കുന്ന ഇബ്‌റാഹീം നബിയുടെ ത്യാഗസമ്പൂര്‍ണമായ കഥനകഥകളാണ്. അടിമത്വത്തിന്റെ എല്ലാ വിഴുപ്പുഭാണ്ഡവും പേറി അനശ്വരനായ വ്യക്തിയാണ് അദ്ദേഹം. സ്വന്തം മകനെ പോലും അറുക്കാന്‍ അല്ലാഹു കല്‍പിക്കുന്നു. വിനീതവിധേയനായ അടിമയെപ്പോലെ അല്ലാഹുവിന്റെ ആജ്ഞ അനുസരിക്കുന്നു. സ്വന്തം മകനെ അറുക്കാനുള്ള യജമാനന്റെ ആജ്ഞപോലും ധിക്കരിക്കാത്ത അടിമ.
മനുഷ്യനെ പരീക്ഷണത്തിനു വിധേയമാക്കുമെന്ന് അല്ലാഹു പറയുന്നു. 'കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്നു തീര്‍ച്ചയായും നാം മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നു; നാം അവനെ പരീക്ഷിക്കാന്‍ വേണ്ടി' (ഖുര്‍ആന്‍ 76:2). 'തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്'(ഖുര്‍ആന്‍ 37:106).
ഹജ്ജിലൂടെ ഏതൊരു വ്യക്തിയും അല്ലാഹുവിന്റെ അസ്തിത്വം തിരിച്ചറിയുന്നു. അല്ലാഹുവിന് വിനീതവിധേയരാവുന്നത് കുറവല്ല; മറിച്ച് ലോകത്തിന്റെ സ്വാഭാവിക ചലനത്തിനൊപ്പം കൂടലാണെന്ന് മനസിലാക്കുന്നു. ദശലക്ഷക്കണക്കിന് വരുന്ന ജനത അഭിമാനം കൊള്ളുന്നത് ലോകരക്ഷിതാവായ അല്ലാഹുവിനെ അംഗീകരിച്ച് വണങ്ങുമ്പോഴാണെന്ന് മക്കയിലെത്തുന്നതിലൂടെ ബോധ്യപ്പെടുന്നു. ശിഷ്ടകാലം അല്ലാഹുവിനു ആരാധനകള്‍പ്പിച്ച് ജീവിക്കാനുള്ള പ്രചോദനമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."