'ഒപ്പിടാൻ വരാൻ സൗകര്യമില്ല'; സ്റ്റേഷനിൽ വിളിച്ച് വെല്ലുവിളി, പിന്നാലെ മദ്യപിച്ചെത്തി പൊലിസിനെ അസഭ്യം പറഞ്ഞു; കാളികാവ് സ്വദേശി പിടിയിൽ
വണ്ടൂർ: ജാമ്യവ്യവസ്ഥ പ്രകാരം പൊലിസ് സ്റ്റേഷനിലെത്തി ഒപ്പിടാൻ കഴിയില്ലെന്ന് ഫോണിലൂടെ വെല്ലുവിളിക്കുകയും പിന്നാലെ സ്റ്റേഷനിലെത്തി അതിക്രമം കാണിക്കുകയും ചെയ്ത യുവാവ് പിടിയിൽ. കാളികാവ് സ്വദേശി വിഷ്ണുവിനെയാണ് വണ്ടൂർ പൊലിസ് കസ്റ്റഡിയിലെടുത്തത്. മദ്യലഹരിയിൽ പൊലിസ് സ്റ്റേഷനിലെത്തി പൊലിസുകാരെ അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് നടപടി.
സംഭവമിങ്ങനെ
വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണുവിന്, ജാമ്യവ്യവസ്ഥയുടെ ഭാഗമായി എല്ലാ മാസവും വണ്ടൂർ സ്റ്റേഷനിലെത്തി ഒപ്പിടേണ്ടതുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഇയാൾ സ്റ്റേഷനിലേക്ക് വിളിച്ച് തനിക്ക് ഒപ്പിടാൻ വരാൻ കഴിയില്ലെന്ന് പൊലിസുകാരോട് തർക്കിച്ചു. നിയമപരമായി ഒപ്പിടാൻ സ്റ്റേഷനിലെത്തണമെന്ന് പൊലിസ് കർശനമായി നിർദ്ദേശിച്ചതോടെ ഫോണിലൂടെ ഇയാൾ പൊലിസുകാരെ അസഭ്യം പറയുകയായിരുന്നു.
പുലർച്ചെ സ്റ്റേഷനിലെത്തി അഭ്യാസം
ഫോൺ വിളിച്ച് മണിക്കൂറുകൾക്കകം, പുലർച്ചെയോടെ വിഷ്ണു നേരിട്ട് വണ്ടൂർ സ്റ്റേഷനിലെത്തി. കടുത്ത മദ്യലഹരിയിലായിരുന്ന ഇയാൾ അവിടെയുണ്ടായിരുന്ന ഡ്യൂട്ടി ഓഫീസർക്കും മറ്റ് പൊലിസുകാർക്കും നേരെ തട്ടിക്കയറുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. സ്റ്റേഷനിൽ അക്രമാസക്തനായ ഇയാൾ ഉടൻ തന്നെ അവിടെ നിന്നും കടന്നുകളഞ്ഞു.
തുടർന്ന് പൊലിസ് നടത്തിയ തിരച്ചിലിൽ വൈകുന്നേരത്തോടെയാണ് വിഷ്ണുവിനെ പിടികൂടിയത്. നിലവിൽ പതിനൊന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ജാമ്യവ്യവസ്ഥ ലംഘിച്ചതിനും പൊലിസിനെ അക്രമിക്കാൻ ശ്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."