നാല് വയസ്സുകാരനെ ടാക്സിയിൽ മറന്നുവെച്ച് ദമ്പതിമാർ; രക്ഷകരായി പൊലിസ്, ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി
ബെംഗളൂരു: യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ദമ്പതിമാർ നാല് വയസ്സുകാരനായ മകനെ ടാക്സി കാറിൽ മറന്നുവെച്ചു. എന്നാൽ ബെംഗളൂരു പൊലിസിന്റെ മിന്നൽ വേഗത്തിലുള്ള ഇടപെടൽ നിമിഷങ്ങൾക്കകം കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളുടെ അടുത്തെത്തിച്ചു. ഫെബ്രുവരി 14-നായിരുന്നു സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവങ്ങൾ അരങ്ങേറിയത്.
സംഭവം ഇങ്ങനെ
യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ദമ്പതിമാർ ടാക്സിയിൽ നിന്നിറങ്ങുമ്പോൾ മകൻ കൂടെയുണ്ടെന്നാണ് കരുതിയത്. എന്നാൽ കാറിന്റെ പിൻസീറ്റിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി കാറിൽ നിന്നിറങ്ങിയിട്ടില്ല എന്ന കാര്യം അവർ ശ്രദ്ധിച്ചില്ല. ദമ്പതികൾ ഇറങ്ങിയ ഉടൻ തന്നെ ഡ്രൈവർ വണ്ടിയുമായി പോവുകയും ചെയ്തു.
അല്പസമയത്തിന് ശേഷം കുട്ടി കൂടെയില്ലെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കൾ പരിഭ്രാന്തരായി ഉടൻ തന്നെ 'നമ്മ 112' എന്ന പൊലിസ് ഹെൽപ്പ്‌ലൈൻ നമ്പറിൽ വിവരമറിയിച്ചു.
പൊലിസിന്റെ മിന്നൽ നീക്കം
സന്ദേശം ലഭിച്ച് വെറും രണ്ട് മിനിറ്റിനുള്ളിൽ തന്നെ പൊലിസ് സംഘം ദമ്പതികളുടെ അരികിലെത്തി. ഉടൻ തന്നെ ടാക്സി വാഹനത്തിന്റെ നമ്പറും ലൊക്കേഷനും സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി. തുടർന്ന് ടാക്സി ഡ്രൈവറെ ഫോണിൽ വിളിച്ച് കുട്ടി കാറിനുള്ളിലുണ്ടെന്ന് ഉറപ്പുവരുത്തിയ പൊലിസ്, ഉടൻ തന്നെ മാതാപിതാക്കളുടെ അപ്പാർട്ട്‌മെന്റിലേക്ക് എത്താൻ നിർദ്ദേശം നൽകി.
ബെംഗളൂരു പൊലിസിന്റെ കാര്യക്ഷമമായ ഏകോപനത്തിലൂടെ പരാതി ലഭിച്ച് ഒരു മണിക്കൂറിനകം തന്നെ കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറാൻ സാധിച്ചു. കൃത്യസമയത്ത് ഇടപെട്ട പൊലിസുകാർക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രശംസയാണ് ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."