600-ലേറെ സിം കാർഡുകൾ വഴി കോടികളുടെ തട്ടിപ്പ്; മുൻ ഓഡിറ്റ് ഡയറക്ടറോട് 8.6 മില്യൺ ദിർഹം തിരികെ നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി
ദുബൈ: സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ സിം കാർഡുകൾ ദുരുപയോഗം ചെയ്ത് കോടികൾ തട്ടിയ മുൻ ഇന്റേണൽ ഓഡിറ്റ് ഡയറക്ടർക്ക് കനത്ത തിരിച്ചടി. കമ്പനിക്ക് വരുത്തിയ സാമ്പത്തിക നഷ്ടത്തിന് പരിഹാരമായി 8.6 മില്യൺ ദിർഹത്തിലധികം (ഏകദേശം 19 കോടിയിലധികം രൂപ) തിരികെ നൽകാൻ ദുബൈ സിവിൽ കോടതി ഉത്തരവിട്ടു. പൊതുഫണ്ട് ദുരുപയോഗം ചെയ്യൽ, വിദേശ മാർഗങ്ങളിലൂടെ പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് നടപടി.
2006 മുതൽ 2024 വരെ സ്ഥാപനത്തിൽ ഉന്നത പദവിയിലിരുന്ന പ്രതി, തന്റെ ഔദ്യോഗിക അധികാരം ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. കമ്പനിയുടെ ഇലക്ട്രോണിക് സംവിധാനങ്ങൾ പരിശോധിക്കാനെന്ന വ്യാജേന ധനകാര്യ വകുപ്പിൽ നിന്ന് ഇയാൾ 607 പ്രീപെയ്ഡ് സിം കാർഡുകൾ കൈക്കലാക്കി. ഓരോ കാർഡിലും 950 ദിർഹം വരെ ബാലൻസ് ലഭ്യമായിരുന്നു. ഗൂഗിൾ പ്ലേ, ആപ്പിൾ സ്റ്റോർ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഓൺലൈൻ പർച്ചേഴ്സ് നടത്താൻ ഈ ബാലൻസ് ഉപയോഗിക്കാമെന്ന പഴുതാണ് പ്രതി മുതലെടുത്തത്. മേൽനോട്ടമില്ലാതെ തന്നെ കാർഡുകൾ റീചാർജ് ചെയ്യാമെന്ന സംവിധാനത്തിലെ ദൗർബല്യം ഇയാൾ വർഷങ്ങളോളം ചൂഷണം ചെയ്തു.
2024 സെപ്റ്റംബറിൽ കമ്പനിയുടെ റവന്യൂ ഓഡിറ്റ് വിഭാഗം നടത്തിയ ആന്തരിക അന്വേഷണത്തിലാണ് അസ്വാഭാവികമായ ഇടപാടുകൾ കണ്ടെത്തിയത്. തുടർന്ന് ദുബൈ പൊലിസ് നടത്തിയ സാങ്കേതിക പരിശോധനയിൽ, പ്രതിയുടെ നിയന്ത്രണത്തിലുള്ള രണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ വഴി 25,000-ത്തോളം ഓൺലൈൻ ഇടപാടുകൾ നടന്നതായി സ്ഥിരീകരിച്ചു. വിദേശത്ത് രജിസ്റ്റർ ചെയ്ത തന്റെ തന്നെ കമ്പനിയുടെ അക്കൗണ്ടുകളിലേക്ക് ഈ പണം മാറ്റുകയും, പിന്നീട് യുഎഇയിലെയും വിദേശത്തെയും സ്വന്തം അക്കൗണ്ടുകളിലേക്കും പങ്കാളികളുടെ അക്കൗണ്ടുകളിലേക്കും ഇത് വകമാറ്റുകയും ചെയ്തു.
പിടിക്കപ്പെടാതിരിക്കാൻ ഓരോ ഇടപാടിലും 300 ദിർഹത്തിൽ താഴെയുള്ള തുകകൾ മാത്രമാണ് ഇയാൾ കൈമാറിയിരുന്നത്. 2016 മുതൽ 2024 ഒക്ടോബർ വരെയുള്ള കാലയളവിൽ 24,988 ഇടപാടുകളിലൂടെയാണ് ഇത്രയും വലിയ തുക തട്ടിയെടുത്തതെന്ന് സാങ്കേതിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
തട്ടിയെടുത്ത 8,647,061.34 ദിർഹത്തിന് പുറമെ, കോടതി ഫീസും വിധി വരുന്ന തീയതി മുതലുള്ള തുകയും പ്രതി നൽകണമെന്ന് ദുബൈ കോടതി ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് വിധിച്ചു. പ്രതിയുടെ നടപടി സ്ഥാപനത്തിന്റെ നിക്ഷേപങ്ങളെയും പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു.
a uae court has ordered a former audit director to repay 8.6 million dirhams in a massive fraud case involving more than 600 sim cards. authorities uncovered a large-scale financial scam that led to losses worth millions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."