ഷാർജയിൽ ഇനി എയർ ടാക്സിയും കാർഗോ ഡ്രോണുകളും; വൻ പദ്ധതിയുമായി എക്സിക്യൂട്ടീവ് കൗൺസിൽ
ഷാർജ: ആധുനിക വ്യോമഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഷാർജ. എമിറേറ്റിൽ എയർ ടാക്സികളും നൂതന കാർഗോ സേവനങ്ങളും ആരംഭിക്കുന്നതിനുള്ള സാധ്യതാ പഠനത്തിന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ (SEC) അംഗീകാരം നൽകി. പ്രാദേശിക വ്യോമയാന കേന്ദ്രമെന്ന നിലയിൽ ഷാർജയുടെ സ്ഥാനം ആഗോളതലത്തിൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നീക്കം.
ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണ്ണായക തീരുമാനം. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും കൗൺസിൽ വൈസ് ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും യോഗത്തിൽ പങ്കെടുത്തു.
ഭാവി സാങ്കേതികവിദ്യകളും സുസ്ഥിര വികസനവും മുൻനിർത്തിയുള്ള ആഗോള പ്രവണതകൾക്ക് അനുസൃതമായാണ് എയർ ടാക്സി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ചായിരിക്കും ഇതിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുക. നഗരങ്ങൾ തമ്മിലുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും ചരക്ക് നീക്കം വേഗത്തിലാക്കുന്നതിനും ഈ ആധുനിക ഗതാഗത സംവിധാനം വലിയ പങ്കുവഹിക്കുമെന്ന് കൗൺസിൽ വിലയിരുത്തി.
ഗതാഗത പരിഷ്കരണത്തിന് പുറമെ, സ്വദേശികൾക്കായി ഭൂമി അനുവദിക്കുന്നതിനും കൗൺസിൽ അംഗീകാരം നൽകി. ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരം 2026-ലേക്കുള്ള ആദ്യ ബാച്ച് ഭൂമി അനുവദിക്കലിനാണ് അനുമതിയായത്. 1,200 സ്വദേശികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിൽ 490 പേർക്ക് താമസസ്ഥലത്തിനായുള്ള പ്ലോട്ടുകളും 710 പേർക്ക് നിക്ഷേപ ആവശ്യങ്ങൾക്കായുള്ള ഭൂമിയുമാണ് അനുവദിച്ചിരിക്കുന്നത്. എമിറേറ്റിലെ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ നയങ്ങളും യോഗം അവലോകനം ചെയ്തു.
sharjah executive council has unveiled an ambitious plan to introduce air taxis and cargo drones, aiming to transform urban mobility and logistics. the futuristic initiative is set to enhance smart transport infrastructure and boost innovation in the emirate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."