കേരള പൊലിസിന്റെ ഇ-ബീറ്റ് പദ്ധതിക്ക് സെര്‍വര്‍ സഹായവുമായി ഐ.ടി മിഷന്‍
തിരുവനന്തപുരം: ഏറെ വിവാദമായ സംസ്ഥാന പൊലിസിന്റെ ഇ-ബീറ്റ് പദ്ധതിക്ക് സാങ്കേതിക സഹായവുമായി ഐ.ടി മിഷന്‍. ഏഴു പൊലിസ് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ പദ്ധതി നടപ്പാക്കുന്നതിനായി സര്‍ക്കാരിന്റെ സെര്‍വറില്‍നിന്നും 100ജിബി ക്ലൗഡ് സ്‌പെയ്‌സ് നല്‍കാന്‍ ഐ.ടി മിഷന്‍ സമ്മതിച്ചു.
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി. സി-ഡിറ്റിന്റെ നേതൃത്വത്തില്‍ സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും സര്‍ക്കാര്‍ സെര്‍വറിലേക്ക് ഹോസ്റ്റ് ചെയ്യുന്നത്.
ഇ-ബീറ്റ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത ബംഗളൂരു ആസ്ഥാനമായ വൈഫിനിറ്റി ടെക്‌നോളജീസ് എന്ന കമ്പനി അവരുടെ സ്വന്തം സെര്‍വറിലാണ് നിലവില്‍ ഇ-ബീറ്റ് പദ്ധതിയുടെ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. പ്രോജക്ട് പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ പ്രത്യേകം സെര്‍വറിലേക്ക് മാറണമെന്നു അവര്‍ സംസ്ഥാന പൊലിസിനോട് ആവശ്യപ്പെട്ടിരുന്നു.
2010ലാണ് ഇ-ബീറ്റ് പദ്ധതിക്കായി 1.87കോടിയുടെ കരാര്‍ ഒപ്പിട്ടത്. ഇതിനിടെ കരാര്‍ നല്‍കുന്നതിനു പിന്നില്‍ സംസ്ഥാന പൊലിസ് സേനയിലെ ചില ഉന്നതരും കമ്പനി അധികൃതരും തമ്മില്‍ വഴിവിട്ട ഇടപാടുകള്‍ നടന്നുവെന്ന് ആരോപണം ഉയര്‍ന്നതോടെ ഇ-ബീറ്റ് പദ്ധതി ആരംഭിക്കാന്‍ കാലതാമസം ഉണ്ടായി.
കൂടാതെ കരാര്‍ ഏറ്റെടുത്ത വൈഫിനിറ്റി ടെക്‌നോളജീസ് കമ്പനി പൂട്ടിയെന്നും അഭ്യൂഹം ഉയര്‍ന്നു. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് നവീകരണ വിഭാഗം എഡി.ജി.പിയായിരുന്ന ഡോ.ബി സന്ധ്യ അന്നത്തെ ഡി.ജി.പി ടി.പി സെന്‍കുമാറിനു നല്‍കിയ റിപ്പോര്‍ട്ടില്‍ 2011-12 വര്‍ഷം പൊലിസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ക്രമക്കേടില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
പദ്ധതിക്കായി സ്ഥാപിച്ച ഉപകരണങ്ങള്‍ ഉപയോഗയോഗ്യമല്ലെന്നും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നു വിശദമായ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ഡി.ജി.പി ചുമതലപ്പെടുത്തിയെങ്കിലും കാര്യമായ തുടര്‍ നടപടികള്‍ ഉണ്ടായില്ല.
ഇതിനിടെയാണു ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഇ-ബീറ്റ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ തീരുമാനിച്ചത്. പൊലിസില്‍ നിലനില്‍ക്കുന്ന പട്ട ബുക്ക് സമ്പ്രദായം അവസാനിപ്പിക്കുകയും രാത്രികാല പട്രോളിങ് ഉള്‍പ്പെടെ ഫലപ്രദമാക്കുകയും ചെയ്യുന്നതിനാണ് മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെടുത്തി റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനത്തിലൂടെ ഇ-ബീറ്റ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.
പട്രോളിങ് കൃത്യസമയത്ത് നടപ്പാക്കാതെ ബീറ്റ് ബുക്കില്‍ കൃത്രിമം നടത്തുന്നുവെന്നു പൊലിസുകാര്‍ക്കെതിരേ പരാതി ഉയര്‍ന്നപ്പോഴാണ് ഇ-ബീറ്റ് എന്ന ആശയം ഉയര്‍ന്നത്. ഇതനുസരിച്ച് ഓരോ ബീറ്റ് പോയിന്റുകളിലും പൊലിസ് പരിശോധനക്കെത്തുന്ന വിവരം ജി.പി.ആര്‍.എസ് സംവിധാനത്തിലൂടെ കണ്‍ട്രോള്‍ റൂമില്‍ കൃത്യമായി രേഖപ്പെടുത്താന്‍ കഴിയും.
സെര്‍വര്‍ സ്‌പേസ് ഐ.ടി മിഷന്‍ നല്‍കുമെങ്കിലും കരാര്‍ പ്രകാരം 2018 മെയ് 31വരെയുള്ള ജി.പി.ആര്‍.എസ് ചാര്‍ജ് കമ്പനി തന്നെ വഹിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."