ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി
കോഴിക്കോട്: നഗരമധ്യത്തിലെ പാളയത്തുള്ള പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്സിൽ ഇന്ന് വൈകുന്നേരമുണ്ടായ വൻ തീപിടിത്തം നിയന്ത്രണവിധേയമാക്കി. നാല് നിലകളുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വൈകിട്ട് ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. നിമിഷങ്ങൾക്കകം തീ മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു. സമയോചിതമായ ഇടപെടലിലൂടെ കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ജീവനക്കാരെയും ഉപഭോക്താക്കളെയും ഉടൻ തന്നെ പുറത്തെത്തിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപതിലധികം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇതിനു പുറമെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള പ്രത്യേക ഫയർ യൂണിറ്റും സേവനത്തിനെത്തി. കെട്ടിടത്തിന് പുറത്തേക്ക് തീ പടരുന്നത് പൂർണ്ണമായും തടഞ്ഞിട്ടുണ്ട്. എങ്കിലും കെട്ടിടത്തിനുള്ളിലെ പുക ഉയരുന്ന സാഹചര്യത്തിൽ തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
ഷോറൂമിനുള്ളിലെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വൻതോതിൽ നശിച്ചതായാണ് പ്രാഥമിക വിവരം. ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. രണ്ട് മണിക്കൂറിലധികം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയ്ക്ക് തീ നിയന്ത്രിക്കാനായത്. നിലവിൽ ഫയർഫോഴ്സ് അംഗങ്ങൾ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് പരിശോധനകൾ നടത്തിവരികയാണ്.
A major fire broke out at the Jayalakshmi Silks showroom in Palayam, Kozhikode, on Tuesday evening, February 17, 2026. The blaze reportedly started on the second floor around 6:00 PM and quickly spread to the upper levels of the four-story building.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."