സര്‍ക്കാരിന്റെ നിസംഗത; പ്രവാസി കമ്മിഷന്‍ പ്രവര്‍ത്തനം തുടങ്ങിയില്ല
മലപ്പുറം: പ്രവാസികള്‍ക്ക് ജന്മനാട്ടില്‍ നിയമപരമായ സുരക്ഷയും സംരക്ഷണവും നല്‍കുന്നതിനുവേണ്ടി രൂപീകരിച്ച പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മിഷന്‍ പേരിലൊതുങ്ങി. ഈവര്‍ഷം ജനുവരിയില്‍ കമ്മിഷന്‍ നിലവില്‍വന്ന് ചെയര്‍മാനും അംഗങ്ങളും ചുമതലയേറ്റെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നുമുണ്ടായില്ല. കമ്മിഷന് അര്‍ധ ജുഡീഷ്യല്‍ അധികാരവും വിപുലമായ അധികാര പരിധികളും നല്‍കുമെന്നായിരുന്നു പ്രഖ്യാപനമുണ്ടായിരുന്നത്. എന്നാല്‍ കമ്മിഷന് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സൗകര്യങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ചെയര്‍മാനും അംഗങ്ങളും ചുമതലയേറ്റതിന് ശേഷം ഒരു യോഗം മാത്രമാണ് ഇതുവരെയായി ചേര്‍ന്നത്.
അതേസമയം പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ഇതിനകം തന്നെ കമ്മിഷന് ലഭിച്ചിട്ടുണ്ട്. ഓഫിസും ജീവനക്കാരുമടക്കമുള്ള സൗകര്യങ്ങളൊന്നുമില്ലാതെ പരാതികള്‍ അന്വേഷിക്കുവാനോ ഇടപെടാനോ കഴിയാത്ത സ്ഥിതിയാണ് കമ്മിഷനുള്ളത്. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും എന്‍.ആര്‍.ഐ കമ്മിഷന്‍ രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന പ്രവാസി ഭാരതീയര്‍ ബില്ലിന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് നിയമസഭ അംഗീകാരം നല്‍കിയത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് പ്രവാസികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക, വ്യാജ റിക്രൂട്ട്‌മെന്റുകള്‍ തടയാന്‍ നടപടി സ്വീകരിക്കുക, പ്രവാസികളുടെയും കുടുംബങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് കമ്മിഷന്റെ പ്രധാന ചുമതലകളായി പറഞ്ഞിരുന്നത്. കമ്മിഷന്‍ രൂപീകരിച്ച് ചെയര്‍പേഴ്‌സണായി റിട്ട. ജസ്റ്റിസ് പി.ഭവദാസനും അംഗങ്ങളായി ഡോ. ഷംഷീര്‍ വയലില്‍, പി.എം.എ സലാം, കെ.ഭഗവത് സിങ് എന്നിവരും ചുമതലയേല്‍ക്കുകയും ചെയ്തു. ഇതിനുശേഷം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ല. കമ്മിഷന് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ അനുവദിച്ച് തരണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
പ്രവാസികളെ സംബന്ധിച്ചിടത്തോളം കമ്മിഷന്റെ രൂപീകരണം ഏറെ ആശ്വാസകരമായിരുന്നു. വനിതാ കമ്മിഷന്‍, വിവരാവകാശ കമ്മിഷനുകള്‍ പോലെ ഈ കമ്മിഷനും അര്‍ദ്ധ ജുഡീഷ്വറി അധികാരങ്ങളുണ്ടെന്നാണ് പറഞ്ഞിരുന്നത്. പ്രവാസികളുടെ പണം തട്ടിയെടുക്കുന്നതും വ്യാജ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നതും പോലെയുള്ള ചൂഷണങ്ങള്‍ക്ക് കമ്മിഷന് പരിഹാരം കാണാനാവുമെന്നായിരുന്നു പ്രതീക്ഷ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള ഉദ്യോഗാര്‍ഥികള്‍ക്ക് വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ പിടിയില്‍ പെട്ട് പണം നഷ്ടമായിരുന്നു.
സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ഇപ്പോള്‍ പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുവാനും മടങ്ങിവരുന്നവരുടെ പുനരധിവാസത്തിനും കമ്മിഷന്റെ ഇടപെടല്‍ ഉപകരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ സര്‍ക്കാരിന്റെ നിസംഗത മൂലം ഈ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുകയാണ്. ഇത്തരത്തിലൊരു നിയമനിര്‍മാണം നടത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. പഞ്ചാബില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ കമ്മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പഞ്ചാബില്‍ കമ്മിഷന്റെ ഇടപെടല്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാനത്തും കമ്മിഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."