ലോകകപ്പിൽ വീണ്ടും കളത്തിലിറങ്ങാൻ സഞ്ജു; നാലാം അങ്കത്തിൽ ഇന്ത്യയുടെ എതിരാളികൾ ഓറഞ്ച് പട
അഹമ്മദ്ബാദ്: ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് നെതർലൻഡ്‌സിനെ നേരിടും. അവസാന മത്സരത്തിൽ പാകിസ്ഥാനെ തോൽപിച്ചതോടെ ഇന്ത്യ സൂപ്പർ 8ൽ പ്രവേശിച്ചിരുന്നു. അതിനാൽ ഇന്നത്തെ മത്സരത്തിൽ ഇന്ത്യക്ക് സമ്മർദമില്ലാതെ കളിക്കാൻ കഴിയും.
പാകിസ്ഥാനെതിരേ 61 റൺസിന്റെ ജയമായിരുന്നു ഇന്ത്യ നേടിയത്. ഇന്ന് രാത്രി ഏഴിന് അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചേക്കും. ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പരിശീലകൻ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
22ന് നടക്കുന്ന സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. സൂപ്പർ 8ലെ രണ്ടാം മത്സരത്തിൽ 26ന് സിംബാബ്‌വെയെ നേരിടുന്ന ഇന്ത്യ മൂന്നാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസുമായും ഏറ്റുമുട്ടും. സൂപ്പർ 8 മത്സരത്തിന് മുന്നോടിയായി ടീമിന്റെ ഒത്തിണക്കം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങുക.
നെതർലൻഡ്‌സും പുറത്തായതിനാൽ ഇന്ത്യക്കെതിരേയുള്ള മത്സരത്തിൽ അവർക്കും കാര്യമായ ഒന്നും ചെയ്യാനില്ല. എന്നാൽ അവസാന മത്സരത്തിൽ ജയിച്ച് നാട്ടിലേക്ക് മടങ്ങുക എന്ന ലക്ഷ്യത്തോടെയാകും നെതർലൻഡ്സ് കളത്തിലെത്തുക. മൂന്ന് മത്സരം പൂർത്തിയാക്കിയ നെതർലൻഡ്‌സ് ഒരു മത്സരത്തിൽ ജയിച്ചപ്പോൾ രണ്ടെണ്ണത്തിൽ തോൽക്കുകയും ചെയ്തു. രണ്ട് പോയിന്റ് മാത്രമാണ് അവർക്ക് നേടാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."