സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു
കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയ്ക്കെതിരെ നടപടിയുമായി ഇഡി. 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു. കേസില്‍ രണ്ടുതവണ ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ജയസൂര്യ.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സാധാരണ ജനങ്ങളെ കബളിപ്പിച്ചു പണം തട്ടുന്ന സ്ഥാപനങ്ങള്‍ക്കെതിരായ നിയമനടപടികള്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളില്‍ പണം വാങ്ങി അഭിനയിക്കുന്നവരെയും തട്ടിപ്പിലെ കൂട്ടാളികളായി കണക്കാക്കി നടപടി സ്വീകരിക്കാനാണു നിര്‍ദേശം നല്‍കിയിരുന്നത്. ഇതിനു പിന്നാലെയാണ് ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്തത്. പിന്നാലെ, സേവ് ബോക്‌സ് ആപ്പുമായി നടത്തിയ മുഴുവന്‍ സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ ഹാജരാക്കാന്‍ ജയസൂര്യയ്ക്ക് സമയം അനുവദിച്ചിരുന്നു.
ഓണ്‍ലൈന്‍ ലേല ആപ്പ് ആയ സേവ് ബോക്‌സിന്റെ പേരിലാണ് വന്‍ തട്ടിപ്പ് നടന്നത്. സേവ് ബോക്‌സ് എന്ന പേരില്‍ വിവിധ ഇടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ സ്ഥാപന ഉടമയ്‌ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു. സേവ് ബോക്സ് ആപ്പ് നിക്ഷേപമെന്ന പേരില്‍ കോടികള്‍ തട്ടിച്ചതിന് ഇതിന്റെ ഉടമ തൃശൂര്‍ സ്വദേശി സ്വാതിഖ് റഹീമിനെ 2023 ലാണ് തൃശൂര്‍ ഈസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തത്. ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് നൂറിലേറെ പേരില്‍ നിന്ന് സ്വാതിഖ് കോടികളാണ് തട്ടിയത്. ഈ പണത്തിന്റെ വിഹിതമാണ് ജയസൂര്യയ്ക്കടക്കം നല്‍കിയതെന്നാണ് ഇ.ഡിയുടെ നിഗമനം.
In connection with the Save Box online app fraud case, the Enforcement Directorate (ED) has frozen assets worth ₹39 lakh belonging to Malayalam actor Jayasurya. He had earlier been questioned twice by the agency as he served as the brand ambassador of the Save Box platform.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."