അയ്യയ്യേ... നാണക്കേട്! ചൈനീസ് റോബോട്ട് നായയെ ഇന്ത്യൻ നിർമ്മിതമാക്കി; ഇന്ത്യൻ യൂണിവേഴ്സിറ്റിയെ എ.ഐ ഉച്ചകോടിയിൽ നിന്ന് പുറത്താക്കി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ ഇന്ത്യക്ക് നാണക്കേടുണ്ടാക്കി ഗ്രേറ്റർ നോയിഡ ആസ്ഥാനമായുള്ള ഗാൽഗോട്ടിയാസ് സർവകലാശാല. എക്‌സ്‌പോ ഏരിയ ഒഴിയാൻ ഗാൽഗോട്ടിയാസ് സർവകലാശാലയോട് ആവശ്യപ്പെട്ടതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ചൈനീസ് നിർമ്മിത റോബോട്ടിക് നായയെ സർവകലാശാലയുടെ സെന്റർ ഓഫ് എക്‌സലൻസ് വികസിപ്പിച്ചെടുത്ത ഉൽപ്പന്നമായി അവതരിപ്പിച്ചതാണ് നാണക്കേടായത്. നായയുടെ വീഡിയോ വൈറൽ ആയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ചൈനീസ് റോബോട്ടിക്സ് കമ്പനിയായ യൂണിട്രീയുടെ മോഡലായ യൂണിട്രീ ഗോ2 ആണ് ഗാൽഗോട്ടിയാസ് സർവകലാശാല തങ്ങളുടെ സെന്റർ ഓഫ് എക്‌സലൻസ് വികസിപ്പിച്ചെടുത്തതായി ഇന്ത്യ എഐ ഇംപാക്ട് എക്സ്പോയിൽ കാണിച്ചിരുന്നത്. ഇന്ത്യയിൽ ഓൺലൈനിൽ 2 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ വിലയ്ക്ക് ഈ റോബോട്ടിക് നായ ലഭിക്കും.
ഉച്ചകോടിയിൽ ഈ റോബോർട്ടിനെ 'ഓറിയോൺ' എന്ന പേരിൽ പ്രദർശിപ്പിക്കുകയായിരുന്നു. പിന്നാലെ സർവകലാശാല പ്രതിനിധിയായി ഉണ്ടായിരുന്ന ഒരു സ്ത്രീ റോബോട്ടിന്റെ സവിശേഷതകൾ വിശദീകരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചു. ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയുടെ സെന്റർ ഓഫ് എക്സലൻസാണ് 'ഓറിയോൺ' വികസിപ്പിച്ചെടുത്തതെന്ന് അവർ പറയുന്നത് വിഡിയോയിൽ ദൃശ്യമാണ്.
മറ്റൊരു വിഡിയോ ക്ലിപ്പിൽ, ഒരു യൂണിവേഴ്സിറ്റി പ്രൊഫസർ ഇതേ അവകാശവാദം ഉന്നയിക്കുന്നതും, റോബോട്ട് സെന്റർ ഓഫ് എക്സലൻസിൽ നിർമ്മിച്ചതാണെന്ന് ഒരു റിപ്പോർട്ടറോട് പറയുന്നതും കാണാം. എന്നാൽ വിഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ ഉപയോക്താക്കൾ ഇത് Unitree Go2 ആണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു. വിദേശ സാങ്കേതികവിദ്യയെ ഇന്ത്യൻ കണ്ടുപിടുത്തമായി സർവകലാശാല അവതരിപ്പിക്കുകയാണെന്നും നെറ്റിസൺസ് കണ്ടെത്തി.
അതേസമയം, ഉപകരണം നിർമ്മിച്ചതായി തങ്ങൾ ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് ഗാൽഗോട്ടിയാസ് സർവകലാശാല ട്വിറ്ററിൽ പറഞ്ഞു. റോബോട്ടിക് നായയെ യൂണിറ്റീയിൽ നിന്ന് വാങ്ങിയതാണെന്നും വിദ്യാർഥികൾക്കുള്ള പഠനോപകരണമായി മാത്രമാണ് ഇത് ഉപയോഗിക്കുന്നതെന്നും അവർ അവകാശപ്പെട്ടു. എന്നാൽ പ്രചരിച്ച വിഡിയോയിൽ ഇത്തരം അവകാശവാദം ഉന്നയിക്കുന്നതായും ഓറിയോൺ എന്ന പേര് നൽകിയതായും നെറ്റിസൺസ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."