ഹൈറേഞ്ചില്‍ ഹൈടെന്‍ഷന്‍; കളത്തിലിറങ്ങി വന്യജീവി ആക്രമണവും ഭൂപ്രശ്നങ്ങളും
തൊടുപുഴ: ഭൂപ്രശ്നങ്ങള്‍ വോട്ടുല്‍പ്പാദന ശേഷിയുള്ള വിത്താക്കി മാറ്റാന്‍ ഇടുക്കിയില്‍ മുന്നണികളുടെ തീവ്രശ്രമം. വോട്ടും പട്ടയവും തമ്മില്‍ മലയോര ജില്ലയില്‍ അഭേദ്യ ബന്ധമാണുള്ളത്. കര്‍ഷക ഭൂപ്രശ്നം ഉയര്‍ത്തിക്കാട്ടാതെ ഇടുക്കിയില്‍ ഒരു തെരഞ്ഞെടുപ്പില്ല. മുമ്പ് അങ്ങനെ നടന്നിട്ടുമില്ല. മണ്ണിന്റെ ഉടമസ്ഥത എന്ന വികാരപരമായ പ്രശ്നമുയര്‍ത്തി കര്‍ഷക മനസ് പതിച്ചെടുക്കാന്‍ ഇത്തവണയും ഇരുമുന്നണികളും ഭഗീരഥപ്രയത്നത്തിലാണ്.
ഇക്കുറി ഒരു ട്വിസ്റ്റ് കൂടിയുണ്ട്, വന്യജീവി ആക്രമണം. രണ്ടു മാസത്തിനിടെ കാട്ടാനയാക്രമണത്തില്‍ മാത്രം അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് 64 ലെ റൂള്‍ അനുസരിച്ച് പട്ടയം കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. കോടതി വിധിയെ മറികടക്കാന്‍ ഒരു എതിര്‍ സത്യവാങ്മൂലം പോലും സംസ്ഥാന സര്‍ക്കാര്‍ കൊടുക്കാത്തതിനാല്‍ പട്ടയ വിതരണം സമ്പൂര്‍ണമായി നിലച്ചിരിക്കുകയാണ്.
ഇത് യു.ഡി.എഫ് പ്രചാരണ ആയുധമാക്കുന്നുണ്ട്. തുടര്‍ച്ചയായ വന്യജീവി അക്രമണങ്ങളും ഭൂപ്രശ്നങ്ങളും കര്‍ഷക ആത്മഹത്യകളും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവും ശക്തമായ അടിയൊഴുക്കിന് ഇടയാക്കും. യു.ഡി.എഫ് ദേശീയ രാഷ്ട്രീയം പറയുമ്പോള്‍ എല്‍.ഡി.എഫ് ദേശീയ രാഷ്ട്രീയം പറയാതെ ഒളിച്ചുകളിക്കുന്നതും ശ്രദ്ധേയമാണ്. പ്രതിസന്ധികളെ മെയ്വഴക്കത്തോടെ തരണം ചെയ്യാന്‍ കഴിവുള്ള യുവപോരാളികളെയാണ് മുന്നണികള്‍ രംഗത്തിറക്കിയിരിക്കുന്നത്. സിറ്റിങ് എം.പി ഡീന്‍ കുര്യാക്കോസും മുന്‍ എം.പി ജോയ്സ് ജോര്‍ജും രണ്ടുവട്ടം പര്യടനം നടത്തിക്കഴിഞ്ഞു. വൈകിയാണ് എത്തിയതെങ്കിലും എന്‍.ഡി.എക്ക് വേണ്ടി ബി.ഡി.ജെ.എസിലെ സംഗീത വിശ്വനാഥനും ഓട്ടപ്രദക്ഷിണത്തിലാണ്.
മൂവരും അഭിഭാഷകരാണെന്നതാണ് പ്രത്യേകത. മണ്ഡലത്തിന്റെ വലുപ്പവും കാലാവസ്ഥയും സ്ഥാനാര്‍ഥികളെ ഏറെ കുഴക്കുന്നുണ്ട്. ഒരിക്കല്‍ തോറ്റതിന്റേയും തോല്‍പ്പിച്ചതിന്റെയും വീറും വാശിയിലുമാണ് ഡീനും ജോയ്സും. 2014ല്‍ ജോയ്സ് ജോര്‍ജിനോട് അടിയറവ് പറഞ്ഞ ഡീന്‍ കുര്യാക്കോസ് 2019ല്‍ റെക്കോഡ് ഭൂരിപക്ഷത്തില്‍ ഇതിന് പകരം വീട്ടി. വയനാട്ടില്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവും ഡീനിനായിരുന്നു. കഴിഞ്ഞ തവണത്തെ മത്സരം ആവര്‍ത്തിക്കുന്ന ഏക മണ്ഡലവും ഇടുക്കിയാണ്. രണ്ടുവട്ടം ജോയ്സ് ഇടതുസ്വതന്ത്രനായാണ് മത്സരിച്ചതെങ്കില്‍ ഇക്കുറി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നു.
രാഷ്ട്രീയ ഭൂമികയിലെ അളവുകോലുകള്‍ പ്രകാരം യു.ഡി.എഫ് ചായ്വ് പ്രകടമാക്കുന്ന മണ്ഡലം എന്നവകാശപ്പെടാന്‍ ഏറെ ഘടകങ്ങള്‍ ഇടുക്കിക്കുണ്ടെങ്കിലും തൊടുപുഴയും മൂവാറ്റുപുഴയും ഒഴികെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും എല്‍.ഡി എഫിനൊപ്പമാണ്. എന്നാല്‍ നിയമസഭ കണക്കുകളല്ല പാര്‍ലമെന്റിലേത് എന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം കൂടി ഒപ്പമുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. മാണി ഗ്രൂപ്പ് എല്‍.ഡി.എഫില്‍ വന്നശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കൂടിയാണിത്. മുമ്പ് ജോയ്സിനെ പിന്തുണച്ചിരുന്ന കത്തോലിക്കസഭയുടെ ഹൈറേഞ്ച് സംരക്ഷണസമിതി ഇപ്പോള്‍ നിര്‍ജീവമായതും മനസാക്ഷി വോട്ടാണ് അവരുടെ ഉള്ളിലിരിപ്പ് എന്നതും ഗുണകരമായി യു.ഡി.എഫ് വിലയിരുത്തുന്നു.
ജോയ്സിന്റെ തുറുപ്പ് ചീട്ടായിരുന്ന ഗാഡ്ഗില്‍ -കസ്തൂരിരംഗന്‍ വിഷയം ഇപ്പോള്‍ കാര്യമായി ചര്‍ച്ച ചെയ്യാത്തതും ഭരണവിരുദ്ധ വികാരവും യു.ഡി.എഫിന് അനുകൂലമാണ്. പൗരത്വ നിയമഭേദഗതി പരമാവധി മുതലാക്കാന്‍ ഇരുമുന്നണികളും നൈറ്റ് മാര്‍ച്ചുകള്‍ അടക്കം സംഘടിപ്പിച്ചു.
രൂക്ഷമായ വന്യജീവി ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടും സര്‍ക്കാര്‍ അലംഭാവം തുടരുകയാണെന്ന ആരോപണവുമായി ഡീന്‍ കുര്യാക്കോസ് മൂന്നാറില്‍ നിരാഹാര സമരം നടത്തിയാണ് മൂന്നാമങ്കത്തിന് തുടക്കം കുറിച്ചത് തന്നെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."