ബംഗാൾ വോട്ടർപട്ടിക പുതുക്കൽ: ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ ഉത്തരവ് പുറപ്പെടുവിച്ച് സുപ്രിം കോടതി
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയുമായി (SIR) ബന്ധപ്പെട്ട തർക്കത്തിൽ നിർണായക ഇടപെടലുമായി സുപ്രിം കോടതി. സംസ്ഥാന സർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും തമ്മിലുള്ള വിശ്വാസക്കുറവും കോടതി പരിഗണിച്ചു. വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയുമായി നടപടികൾ നിരീക്ഷിക്കാൻ ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ സുപ്രിം കോടതി ഉത്തരവിട്ടു. ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഈ അസാധാരണ നടപടി.
സംസ്ഥാന സർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും തമ്മിലുള്ള തർക്കം ജനാധിപത്യ പ്രക്രിയയെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇരുവിഭാഗവും തമ്മിൽ നിലനിൽക്കുന്ന കടുത്ത 'വിശ്വാസക്കുറവ്' ദൗർഭാഗ്യകരമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിലവിലുള്ള മൈക്രോ ഒബ്‌സർവർമാർക്ക് പകരം കൊൽക്കത്ത ഹൈക്കോടതിക്ക് കീഴിലുള്ള സർവീസിലുള്ളതോ വിരമിച്ചതോ ആയ ജുഡീഷ്യൽ ഓഫീസർമാരെ ഡെപ്യൂട്ടേഷനിൽ നിയമിക്കണം.
വോട്ടർപട്ടികയിൽ ക്രമക്കേട് നടക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും, ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടാകുന്നുവെന്ന കമ്മിഷന്റെ പരാതിയും കോടതി മുഖവിലക്കെടുത്തു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത നിലനിർത്താൻ സ്വതന്ത്രമായ സംവിധാനം അനിവാര്യമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള പോര് ജനാധിപത്യത്തിന് ഗുണകരമല്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കോടതിയുടെ ഇടപെടൽ അനിവാര്യമാണ് എന്നും സുപ്രിം കോടതി ബെഞ്ച് വ്യക്തമാക്കി.
The Supreme Court of India, using its extraordinary powers under Article 142, has ordered the appointment of judicial officers to oversee the Special Intensive Revision (SIR) of voter lists in West Bengal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."