എസ്.ഐ.ആര്‍; പേര് വെട്ടിമാറ്റാനുള്ള അപേക്ഷ കുത്തനെ കൂടി; ദുരൂഹത
തിരുവനന്തപുരം: വോട്ടർപട്ടികയിൽ നിന്നും പേര് നീക്കം ചെയ്യാനുള്ള ഫോം 7 അപേക്ഷകളുടെ എണ്ണം കുത്തനെ കൂടി. കഴിഞ്ഞ മാസം 31 മുതൽ ഈ മാസം 16 വരെയുള്ള കണക്കുകളിലാണ് സംശയകരമായ നിലയിൽ വർധനവുണ്ടായിരിക്കുന്നത്. 1,66,404 അപേക്ഷകളാണ് ഈ 17 ദിവസം കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത്. സംസ്ഥാനത്ത് എസ്.ഐ.ആർ ആരംഭിച്ച ഒക്ടോബർ 27 മുതൽ കഴിഞ്ഞ 30 വരെയുള്ള മൂന്ന് മാസത്തിലധികം സമയത്ത് 23,636 അപേക്ഷകൾ ലഭിച്ച സ്ഥാനത്താണ് ഇപ്പോൾ ഏഴിരട്ടി വർധവുണ്ടായിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പേര് വെട്ടിമാറ്റുന്നതിനുള്ള ശ്രമമുണ്ടായതായാണ് സംശയം. വോട്ടർപട്ടികയിൽ നിന്നും വോട്ടറുടെ പേര് ഒഴിവാക്കുന്നതിന് ആ മണ്ഡലത്തിലെ ആർക്കും ഫോം 7 ഉപയോഗിച്ച് അപേക്ഷ നൽകാനാകും. ഇതിന്റെ മറപിടിച്ച് രാഷ്ട്രീയപാർട്ടികൾ തങ്ങൾക്ക് വോട്ട് ലഭിക്കാൻ സാധ്യതയില്ലാത്തവരുടെ വോട്ടുവെട്ടിമാറ്റാൻ ശ്രമിക്കുന്നുവെന്ന സംശയം ബലപ്പെടുന്നുണ്ട്.
അടുത്തിടെ മഞ്ചേശ്വരത്ത് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ ബി.ജെ.പി. നേതാവ് വ്യാജ പരാതി നൽകിയത് വിവാദമായിരുന്നു. പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോം7 പ്രകാരം വ്യാജ പരാതി നൽകിയ ബി.ജെ.പി ജില്ലാ സെക്രട്ടറിയായ ലോകേഷ് നോണ്ടക്കെതിരെ കേസ് എടുക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ നിർദേശം നൽകിയിരുന്നു. 1950 ലെ സെക്ഷൻ 31 പ്രകാരമാണ് നിയമനടപടി തുടങ്ങിയത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഒരു വർഷം വരെ തടവോ, പിഴയോ, അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കാവുന്നതാണ്. അതേസമയം, ഇപ്പോൾ ഫോം 7 എണ്ണത്തിലുണ്ടായ വർധനവ് അന്വേഷിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു.ഖേൽക്കർ പറഞ്ഞു.
form 7 applications to remove names from the voter list have surged unusually, with 166,404 requests submitted to the election commission within just 17 days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."