ഓണസദ്യയില്‍ മനസും വയറും നിറഞ്ഞ് ഇതരസംസ്ഥാനക്കാര്‍
കോഴിക്കോട്: ആദ്യമായി വിഭവസമൃദ്ധമായ ഓണസദ്യയുണ്ടപ്പോള്‍ ഇതരസംസ്ഥാനക്കാരുടെ വയറിനൊപ്പം മനസും നിറഞ്ഞു. വീണ്ടും വീണ്ടും വിഭവങ്ങള്‍ വാങ്ങിക്കഴിച്ച് അവര്‍ കൊതിതീര്‍ത്തതു കണ്ടുനിന്നവര്‍ക്കും കൗതുകമായി.
ഡി.ടി.പി.സി ഓണാഘോഷത്തിന്റെ ഭാഗമായാണ് ടാഗോര്‍ഹാളില്‍ 'ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ഓണസദ്യ' സംഘടിപ്പിച്ചത്. മലയാളിയുടെ ഓണാഘോഷത്തില്‍ പങ്കുചേരാന്‍ ജില്ലയിലെ വിവിധ തൊഴിലാളി ക്യാംപുകളില്‍ നിന്നായി ആയിരത്തിലധികം പേര്‍ സദ്യക്കെത്തി. തൊഴിലാളികളുടെ ജോലി സമയത്തിനു സൗകര്യപ്രദമായി ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെയാണു സദ്യക്കു സമയം ക്രമീകരിച്ചിരുന്നതെങ്കിലും സമയം കഴിഞ്ഞുവന്നവര്‍ക്കും സദ്യ വിളമ്പി.
സദ്യക്കൊപ്പം ടാഗോര്‍ഹാളില്‍ ഹിന്ദി ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേളയും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, അസിസ്റ്റന്റ് കലക്ടര്‍ ഇംബശേഖര്‍, മുന്‍ മേയര്‍ എം. ഭാസ്‌കരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി ശേഖരന്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗം എം.പി.എം മുബശ്ശിര്‍, അഡ്വ. എം. രാജന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."