കള്ളവോട്ട്, വോട്ട് നീക്കൽ: ആശങ്കയുമായി രാഷ്ട്രീയ പാർട്ടികൾ
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികളിൽ വീണ്ടും ആശങ്കയുമായി രാഷ്ട്രീയ പാർട്ടികൾ. കള്ളവോട്ടുകൾ വീണ്ടും കടന്നുകൂടിയിട്ടുണ്ടെന്ന് സി.പി.എം നേതാവ് എം.വി ജയരാജൻ ആരോപിച്ചപ്പോൾ വോട്ട് നീക്കം ചെയ്യാനുള്ള അപേക്ഷകളുടെ എണ്ണത്തിൽ കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥും ആശങ്ക രേഖപ്പെടുത്തി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വിളിച്ചുചേർത്ത രാഷ്ട്രീയപാർട്ടികളുടെ യോഗത്തിലാണ് പ്രതികരണം. തളിപ്പറമ്പ് മണ്ഡലത്തിൽ ഷോപ്പിങ് മാൾ അഡ്രസിൽ 220 വോട്ടർമാരാണുള്ളത്. അതിൽ ഒരു വീട്ടുപേരുള്ള 16 പേരുടെ പിതാവിന്റെ പേര് ഒന്നാണെന്നും വളരെ ഗൗരവമുള്ള വിഷയമാണിതെന്നും ജയരാജൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി തയാറാക്കിയ ലിസ്റ്റിൽ പലരും ഒഴിവായെന്നും 30 ലക്ഷത്തോളം ഒഴിവാക്കപ്പെട്ട പേരുകകളിൽ അർഹതപ്പെട്ടവരും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രകാരം 2.89 കോടി വോട്ടർമാരാണുള്ളത്. പുതിയ ലിസ്റ്റിൽ മരിച്ചവരെ ഒഴിവാക്കിയാലും 2.69 കോടി വോട്ടർമാർ മതിയാകില്ല. അർഹതപ്പെട്ടവരെ ഒഴിവായി. ഇതാണ് എസ്.ഐ.ആറിന്റെ കുഴപ്പമെന്നും ജയരാജൻ പറഞ്ഞു. വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്യാൻ ലഭിച്ച അപേക്ഷകളിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസും രംഗത്തെത്തി. ചുരുങ്ങിയ സമയത്തിനകം 24,32,139 അപേക്ഷകൾ വന്നതാണ് സംശയം പ്രകടിപ്പിക്കാൻ കാരണമെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു.പരാതിയുള്ളവർക്ക് അപ്പീൽ നൽകാമെന്ന് യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ ഖേൽക്കർ അറിയിച്ചു.എം.കെ റഹ്മാൻ (കോൺഗ്രസ് ), എച്ച്. എസ്.എ. ഹലിം (മുസ്‌ലിം ലീഗ് ), ജെ.ആർ പത്മകുമാർ (ബി. ജെ.പി ), മാത്യു ജോർജ് (കേരള കോൺഗ്രസ് ), എ. ആനന്തകുമാർ (കേരള കോൺഗ്രസ്-എം ), കെ. ജയകുമാർ (ആർ.എസ്.പി ), എൻ. രാജൻ (സി. പി. ഐ ) എന്നിവരും യോഗത്തിൽ പങ്കെടുത്തു.
political parties express concern again over the intensive voter list revision process.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."