ആരോഗ്യമന്ത്രിക്കെതിരെ റീത്ത് പ്രതിഷേധം: പ്രതിപക്ഷ നേതാവിനെതിരെ തിരിച്ചടിക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷത്തിന് സാധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് മുന്നറിയിപ്പിനെത്തുടർന്ന് സുരക്ഷ ശക്തമാക്കി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ റീത്ത് പ്രതിഷേധത്തിന് പിന്നാലെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പ്രതിപക്ഷ നേതാവിന് കനത്ത സുരക്ഷ
വി.ഡി. സതീശന്റെ ഔദ്യോഗിക വസതി, പറവൂരിലെ സ്വകാര്യ വസതി, എംഎൽഎ ഓഫീസ് എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ കടന്നുകയറാൻ സാധ്യതയുണ്ടെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്കിടെ കരിങ്കൊടി പ്രതിഷേധത്തിനും സാധ്യതയുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ പ്രതിപക്ഷ നേതാവിന്റെ പരിപാടികളിലും താമസസ്ഥലത്തും ജാഗ്രത പാലിക്കാൻ പൊലിസിന് നിർദ്ദേശം നൽകി.
പൊലീസിന് ഗുരുതര വീഴ്ച
മന്ത്രിയുടെ വസതിയിൽ പ്രതിഷേധക്കാർ റീത്ത് വെച്ച സംഭവത്തിൽ പൊലിസിന് ഗുരുതര സുരക്ഷാവീഴ്ച സംഭവിച്ചതായി വിലയിരുത്തലുണ്ട്. മുൻകൂട്ടി അറിയിപ്പുണ്ടായിട്ടും മന്ത്രിക്കൊപ്പമുണ്ടായിരുന്നത് വിരലിലെണ്ണാവുന്ന പൊലിസുകാർ മാത്രമായിരുന്നു. സമരം തുടങ്ങി 15 മിനിറ്റ് കഴിഞ്ഞാണ് കൂടുതൽ പൊലിസെത്തിയത്. വീഴ്ചയിൽ കന്റോൺമെന്റ് എസിപിയോട് സിറ്റി പൊലിസ് കമ്മീഷണർ വിശദീകരണം തേടി.
സർക്കാരിനെതിരെ ഡോക്ടർമാരുടെ സംഘടന
അതേസമയം ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തതിനെതിരെ കടുത്ത പ്രതിഷേധവുമായി കെജിഎംസിടിഎ രംഗത്തെത്തി. അന്വേഷണം പൂർത്തിയാകും മുൻപ് ഡോ. ഷാഹിദയെ സസ്പെൻഡ് ചെയ്തത് അംഗീകരിക്കാനാവില്ലെന്ന് സംഘടന വ്യക്തമാക്കി. ആശുപത്രികളിലെ പരിമിതികൾക്ക് ഡോക്ടർമാരെ ബലിയാടാക്കുകയാണെന്നും, ചികിത്സ വേണ്ടത് തകരാറിലായ സിസ്റ്റത്തിനാണെന്നും അവർ കുറ്റപ്പെടുത്തി.
ആരോഗ്യമേഖലയിലെ പോരായ്മകളെക്കുറിച്ച് സംവാദത്തിന് മന്ത്രി തയ്യാറാണോ എന്ന് ഡോക്ടർമാർ ചോദിച്ചു. പരിമിതികൾക്കിടയിൽ ഇനിയും ജോലി ചെയ്യാനാവില്ലെന്ന മുന്നറിയിപ്പും അവർ നൽകി. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോ. ഷാഹിദയെയും നഴ്സിംഗ് ഓഫീസർ ധന്യയെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയ സമയത്ത് യൂണിറ്റ് ചീഫായിരുന്ന ഡോ. ലളിതാംബിക വിരമിച്ചതിനാൽ അവർക്കെതിരായ നടപടിയിൽ ആരോഗ്യവകുപ്പ് ഉടൻ തീരുമാനമെടുക്കും.
wreath protest against Health Minister Veena George, Kerala is on high alert due to potential political clashes. The Special Branch has warned of retaliatory protests by CPM-DYFI workers against Opposition Leader V.D. Satheesan, leading to tightened security at his residences and public events.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."