ചേലേമ്പ്രയിലെ ഈ നെല്‍കൃഷി പാടത്തല്ല; പറമ്പില്‍
ചേലേമ്പ്ര: പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് പുല്ലിപ്പറമ്പിലെ ക്ഷേമ സ്വയം സഹായസംഘം ഒരേക്കറിനടുത്ത് സ്ഥലത്ത നെല്‍കൃഷി ചെയ്ത് വിളവെടുപ്പിന് കാത്തിരിക്കുകയാണ്. തെങ്ങുകള്‍ നിറഞ്ഞ പറമ്പിലാണ് കൃഷി ചെയ്ത് വിജയിപ്പിച്ചെടുത്തത്. പഞ്ചായത്ത് കൃഷിഭവനില്‍ നിന്നു നല്കിയ ഐശ്വര്യ എന്ന പേരുള്ള കരനെല്‍ വിത്ത് പാകിയാണ് കൃഷിയാരംഭിച്ചത്.
ഏറ്റവും വേഗത്തില്‍ വിളവെടുപ്പ് നടക്കുന്ന ഇനത്തില്‍പ്പെട്ട വിത്താണ് ഐശ്വര്യ എന്നതാണ് ഐശ്വര്യ തെരഞ്ഞെടുക്കാന്‍ കാരണം. പുല്ലിപ്പറമ്പ് സുശീല ടീച്ചറുടെ സ്ഥലത്താണ് ഇപ്പോള്‍ കൃഷിയിറക്കിയിരിക്കുന്നത്. മഴയില്ലാത്തതിനാല്‍ വെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്നതിനാല്‍ ടീച്ചറുടെ തന്നെ കിണറില്‍ നിന്ന് പമ്പ് സെറ്റ് വെച്ച് വെളളെ നനയ്ക്കാന്‍ കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചു. സംഘത്തിന്റെ കീഴില്‍ തൊട്ടടുത്ത് 40 സെന്റ് സ്ഥലത്ത് പൂളകൃഷിയും തൊട്ടടുത്ത പറമ്പില്‍ മഞ്ഞള്‍കൃഷിയും ചെയ്യുന്നുണ്ട്.
ഒഴിവ് ദിവസങ്ങളില്‍ സംഘത്തിലെ പതിനഞ്ചംഗങ്ങളും ചേര്‍ന്നാണ് കൃഷിപ്പണി ചെയ്യുന്നത്. പ്രതീക്ഷിച്ച പോലെ വെളവെടുപ്പ് നടക്കുകയാണെങ്കില്‍ മൂന്ന് ക്വിന്റലിനടുത്ത് നെല്‍ ലഭിക്കുമെന്ന് കണക്കാക്കുന്നു. ലാഭത്തേക്കാളുപരി കൃഷിയെ പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നു ക്ഷേമ സ്വയം സഹായ സഹകരണ സംഘം പ്രതിനിധികള്‍ പറയുന്നു. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് അംഗം അസീസ് പാറയില്‍ സന്ദര്‍ശിച്ചു വേണ്ട സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."