പ്രസ് ക്ലബ് വികസന സെമിനാറില്‍ ജനപ്രതിനിധികള്‍ വികസന കാഴ്ച്ചപ്പാടുകള്‍ പങ്കുവെച്ചു
നിലമ്പൂര്‍: നിലമ്പൂര്‍ പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ നടന്ന വികസന സെമിനാര്‍ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദടക്കം അമ്പതോളം ജനപ്രതിനിധികളും സംരഭകരും പങ്കെടുത്തു. നിലമ്പൂരിന്റെ വികസന നേട്ടമായ നിലമ്പൂരില്‍ അനുവദിച്ച സര്‍ക്കാര്‍ കോളജ് എല്‍ഡിഎഫ് തള്ളാന്‍ സാധ്യതയില്ലെന്നും നിലവിലെ സാങ്കേതിക തടസ്സങ്ങള്‍ നീങ്ങിയാല്‍ യാഥാര്‍ത്ഥ്യമാകുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
വിദ്യാഭ്യാസ രംഗം ഉന്നതിയിലേക്ക് ഉയരണം. എഞ്ചിനിയറിംഗ് കോളേജുകളില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ക്ക് നിലവില്‍ ജോലി ഇല്ലാത്ത അവസ്ഥയാണ്. അതിനാല്‍ നിലമ്പൂരില്‍ എഞ്ചിനിയറിംഗ് കോളേജ് ആവശ്യമില്ല. നിലമ്പൂര്‍-നഞ്ചംഗോഡ് പാതക്കായി ബോര്‍ഡ് രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിലെ ടൂറിസം സാധ്യത ഉപയോഗപ്പെടുത്താന്‍ വനം വകുപ്പിന്റെ തടസ്സം മറികടക്കാന്‍ സാധിക്കണം. റബ്ബര്‍ ഉപയോഗപ്പെടുത്തി വ്യവസായ രംഗത്ത് വികസനം നടത്തണമെന്നും അദ്ദേഹം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
ടൂറിസം മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാല്‍ അത് നിലമ്പൂരിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നും മുന്‍ നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. കുടിവെള്ളത്തിന് മുന്‍ഗണന നല്‍കുമെന്നും അതിനായി കളത്തിന്‍കടവിലും കുതിരപ്പുഴയിലും സ്ഥിരമായി തടയണ നിര്‍മിക്കണമെന്നും ടൂറിസം മേഖലയിലെ വികസനത്തിനായി വടപുറം മുതല്‍ ചാലിയാര്‍ മുക്ക് വരെ പുഴയോരത്ത് നടപ്പാത നിര്‍മിക്കണമെന്നും നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് പറഞ്ഞു.
മേഖലയിലെ ആദിവാസികളുടെ സമഗ്രവികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്നും മുണ്ടേരി-മേപ്പാടി വനപാത യഥാര്‍ത്ഥ്യമാക്കണമെന്നും നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഗതന്‍ പറഞ്ഞു. നിലമ്പൂര്‍ നഗരസഭയില്‍ അറവുശാല നിര്‍മിക്കണമെന്നും കോളനികളിലെ അടിസ്ഥാന സൗകര്യം ഉയര്‍ത്തണമെന്നും നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി. ഹംസ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. സ്വപ്ന, ആലീസ് അമ്പാട്ട്, സി. സുജാത, പി.ടി. ഉസ്മാന്‍, വി. അസൈനാര്‍, മൂത്തേടം വൈസ് പ്രസിഡന്റ് എ.ടി. റെജി, ജില്ലാ പഞ്ചായത്ത് അംഗം സറീന മുഹമ്മദാലി എന്നിവര്‍ തങ്ങളുടെ പഞ്ചായത്തിലെ വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ള സംരംഭകരും തങ്ങളുടെ കാഴ്ചപ്പാടുകള്‍ സെമിനാറില്‍ പങ്കുവെച്ചു.
നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ പ്രധാന ജനപ്രതിനിധികളെ ഒരേ വേദിയില്‍ എത്തിച്ച് വരുന്ന നാല് വര്‍ഷത്തേക്കുള്ള വികസന രൂപരേഖയാണ് തയ്യാറാക്കിയത്. 80ല്‍ പരം വികസന രേഖകളാണ് ജനപ്രതിനിധികള്‍ പ്രസ്‌ക്ലബ്ബിന് കൈമാറിയത്. ഇത് ക്രോഡീകരിച്ച് ജനപ്രതിനിധികള്‍ക്ക് പിന്നീട് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."