കോഴിക്കോട് കോര്‍പറേഷനില്‍ 16 കെട്ടിടങ്ങള്‍ 'അണ്‍ഫിറ്റ്'; സുരക്ഷാഭീഷണി നിലനില്‍ക്കെ ഒഴിപ്പിക്കല്‍ അനിശ്ചിതത്വത്തില്‍
കോഴിക്കോട്: നഗരസഭാ പരിധിയിലെ തിരക്കേറിയ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന 16 കെട്ടിടങ്ങള്‍ വാസയോഗ്യമല്ലെന്ന് (Unfit) കോര്‍പറേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ റിപോര്‍ട്ട്. വലിയങ്ങാടി, പാളയം, കാരപ്പറമ്പ്, മെഡിക്കല്‍ കോളജ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ കെട്ടിടങ്ങളാണ് അപകടാവസ്ഥയിലുള്ളത്. എന്നാല്‍, കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി റിപോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാന്‍ കോര്‍പറേഷന്‍ മടിക്കുകയാണ്.
വലിയങ്ങാടി, പാളയം മാര്‍ക്കറ്റ്, കാരപ്പറമ്പ്, മെഡിക്കല്‍ കോളജ് പരിസരം എന്നിവിടങ്ങളിലെ പഴയ കെട്ടിടങ്ങളാണ് പട്ടികയിലുള്ളത്. ഈ കെട്ടിടങ്ങളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനും ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ലെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കി.
2024ല്‍ വലിയങ്ങാടിയിലെ ഒഴിഞ്ഞു കിടക്കുന്ന കടകള്‍ പുനര്‍ലേലം ചെയ്യാന്‍ റവന്യൂ വിഭാഗം നീക്കം നടത്തിയപ്പോഴാണ്, കെട്ടിടം അണ്‍ഫിറ്റാണെന്ന എന്‍ജിനീയറിങ് വിഭാഗത്തിന്റെ റിപോര്‍ട്ട് പുറത്തുവരുന്നത്. എന്‍ജിനീയറിങ് വിഭാഗം നല്‍കിയ റിപോര്‍ട്ട് കോര്‍പറേഷന്‍ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയും കൗണ്‍സില്‍ യോഗവും നിലവില്‍ അംഗീകരിച്ചിട്ടില്ല. എല്ലാ കച്ചവടക്കാരെയും ഒരേസമയം ഒഴിപ്പിച്ച് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് വലിയ പ്രായോഗിക തടസ്സങ്ങള്‍ ഉണ്ടാക്കുമെന്നാണ് കോര്‍പറേഷന്റെ വാദം.
എങ്കിലും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അണ്‍ഫിറ്റ് എന്ന് കണ്ടെത്തിയ കെട്ടിടങ്ങളില്‍ എന്‍ജിനീയറിങ് വിഭാഗം ഒരിക്കല്‍ കൂടി വിശദമായ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കാലപ്പഴക്കം ചെന്ന ഈ കെട്ടിടങ്ങള്‍ നഗരമധ്യത്തില്‍ വലിയ സുരക്ഷാഭീഷണിയാണ് ഉയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."