നവകേരള സര്‍വേയില്‍ എന്താണ് അപാകതയെന്ന് സുപ്രിംകോടതി; ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ, സര്‍ക്കാരിന് ആശ്വാസം
ന്യൂഡല്‍ഹി: നവകേരള സര്‍വേ തടഞ്ഞ ഹൈക്കോടതി ഉത്തരവിന് സ്റ്റേ. നവകേരള സര്‍വേയില്‍ എന്താണ് അപാകതയെന്ന് സുപ്രിംകോടതി ചോദിച്ചു. ക്ഷേമപദ്ധതികള്‍ എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നു എന്ന് പരിശോധിക്കാനും വിവരശേഖരണം നടത്താനും സര്‍ക്കാരിന് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പദ്ധതികള്‍ മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് ഇത്തരം പരിശോധനകള്‍ നടത്താമെന്നും കോടതി പറഞ്ഞു.
സി.പി.എം പ്രവര്‍ത്തകരെ ഉപയോഗിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശേഖരിക്കാനുള്ള സര്‍ക്കാര്‍ നീക്കം നിര്‍ത്തിവെക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇതിനാണ് സുപ്രിംകോടതി സ്‌റ്റേ നല്‍കിയിരിക്കുന്നത്.
വികസന, ക്ഷേമ സംരംഭങ്ങളെക്കുറിച്ചുള്ള പൊതുജനാഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശേഖരിക്കുന്നതിനായി പൊതുഫണ്ട് ഉപയോഗിച്ച് നടത്തിവരുന്ന 'നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം' എന്ന സര്‍വേയാണ് നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നത്.
സര്‍വേ നടത്താന്‍ 2025 ഒക്ടോബര്‍ 10ന് പുറപ്പെടുവിച്ച ഉത്തരവും പരിപാടിക്ക് 20 കോടി രൂപ വിനിയോഗിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന് അധികാരം നല്‍കിയതും ഭരണാനുമതി നല്‍കുന്നതുമുള്‍പ്പെടെ ഉത്തരവുകളും കോടതി റദ്ദാക്കിയിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, പെരുമ്പാവൂരിലെ എം.എച്ച് മുബാസ് എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജികളില്‍ ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി.എം ശ്യാം കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സര്‍വേ നടത്തുന്നതിനായി സംസ്ഥാനത്തെ 'കര്‍മ സേന സോഷ്യല്‍ വളണ്ടിയര്‍ ഫോഴ്സ്' പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാരെ പങ്കെടുപ്പിക്കുന്നുവെന്നായിരുന്നു ഹരജിക്കാരുടെ വാദത്തില്‍ പ്രധാനം. സി.പി.എം സംസ്ഥാന സെക്രട്ടറി 2025 സെപ്റ്റംബര്‍ 23 ന് ജില്ലാ കമ്മിറ്റികള്‍ക്ക് എഴുതിയ കത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ പോര്‍ട്ടലില്‍ അടിയന്തരമായി രജിസ്റ്റര്‍ ചെയ്യാനും പരിപാടിയുമായി ഏകോപിപ്പിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിസഭാ തീരുമാനത്തിനും ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിനും മുമ്പുതന്നെ പാര്‍ട്ടി കേഡര്‍മാര്‍ക്ക് കത്ത് എങ്ങനെ ലഭിച്ചുവെന്നതിന് ന്യായമായ വിശദീകരണമില്ലാത്തതിനാല്‍, പാര്‍ട്ടി സെക്രട്ടറിയുടെ കത്ത് സംബന്ധിച്ച ആരോപണങ്ങള്‍ തള്ളിക്കളയാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. പരിപാടിക്ക് മതിയായ പൊതുപ്രചാരണം സര്‍ക്കാര്‍ നല്‍കിയതായി തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, പൊതുചെലവില്‍ സര്‍വേ നടത്തുന്നത് ഭരണമുന്നണിക്ക് വീടുതോറുമുള്ള രാഷ്ട്രീയ ഇടപെടലിന് തുല്യമാണെന്നും സര്‍വേയ്ക്കായി 20 കോടി രൂപ അനുവദിച്ചത് കേരള സര്‍ക്കാരിന്റെ ബിസിനസ് ചട്ടങ്ങള്‍ക്ക് വിരുദ്ധവും ഭരണഘടനയുടെ 204, 205 ആര്‍ട്ടിക്കിളുകളുടെ ലംഘനവുമാണെന്നും ഹരജിക്കാര്‍ ആരോപിക്കുന്നു. എല്ലാ ഫണ്ട് വിഹിതത്തിനും നിയമസഭയുടെ മുന്‍കൂര്‍ അനുമതി ആവശ്യമെന്ന ഉത്തരവ് പാലിക്കാത്തതിനാല്‍ ഇത് ഭരണഘടനയുടെ 204, 205 ആര്‍ട്ടിക്കിളുകളുടെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു.
The Supreme Court of India has questioned what was allegedly wrong with the Navakerala Survey while staying the earlier order issued by the Kerala High Court. The apex court’s decision has come as a major relief to the Kerala government.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."