വികസനം മറന്ന് പ്രീണനം; പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നു; ലക്ഷ്യം ക്രൈസ്തവ വോട്ട്
കൊച്ചി: വികസിത കേരളം എന്ന മുദ്രാവാക്യം തൽക്കാലം മറന്ന്, തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സമുദായ പ്രീണനത്തിനായി പ്രധാനമന്ത്രിയെ തന്നെ രംഗത്തിറക്കാൻ ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് ആദ്യവാരം കൊച്ചിയിലെത്തുമെന്നാണ് ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ക്രൈസ്തവ സഭകളെയും വിവിധ സമുദായ നേതാക്കളെയും സ്വാധീനിക്കലാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നിലെ ലക്ഷ്യമെന്നാണ് സൂചന.
അടുത്ത മാസം ആറിനോ ഏഴിനോ ആണ് പ്രധാന മന്ത്രി എത്തുക. ഇതിന് മുന്നോടിയായി കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു കഴിഞ്ഞദിവസം കൊച്ചിയിലെത്തി സീറോ സഭാ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിനെ സന്ദർശിച്ചിരുന്നു. കൂടാതെ മുനമ്പം സന്ദർശിച്ച കിരൺ റിജിജു ക്രൈസ്തവ നേതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ട്വന്റി 20 പാർട്ടി നേതാവും വ്യവസായിയുമായ സാബു ജോർജിനെയും ബി.ജെ.പിയിലേക്ക് എത്തിയ ക്രൈസ്തവ നേതാക്കളെയും ഉപയോഗിച്ച് മധ്യകേരളത്തിൽ ക്രൈസ്തവ പിന്തുണ നേടിയെടുക്കുകയെന്ന ലക്ഷ്യവുമായി എൻ.ഡി.എയുടെ മധ്യമേഖലാ ഓഫിസ് എറണാകുളത്ത് തുറന്നിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി കേരളത്തിന് വേണ്ടി പദ്ധതികൾ പ്രഖ്യാപിക്കാതിരിക്കുകയും കേന്ദ്ര ബജറ്റിൽ ചരിത്രത്തിലില്ലാത്ത അവഗണന കാട്ടുകയും ചെയ്തതോടെ വികസിത കേരളം എന്ന മുദ്രാവാക്യം 'കൈവിട്ട' ബി.ജെ.പി, സമുദായ ധ്രുവീകരണം വഴി നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് ഇപ്പോൾ.
മുനമ്പം വിഷയത്തിൽ ബി.ജെ.പി തന്ത്രം പാളിപ്പോയതോടെ ക്രൈസ്തവ വിഭാഗത്തിനിടയിൽ വീണ്ടും സ്വാധീനം ഉറപ്പിക്കാനായാണ് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിയെ വീണ്ടും മുനമ്പത്ത് എത്തിച്ചത്. വഖ്ഫ് നിയമം ദേദഗതി ചെയ്തതിന്റെ ആഹ്ലാദപ്രകടനത്തിൽ പങ്കെടുത്തു മടങ്ങിയ കിരൺ റിജിജു വീണ്ടും കൊച്ചിയിലെത്തിയത് മുനമ്പം പ്രശ്‌നം വീണ്ടും ചർച്ചയാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തുന്നത്. ക്രൈസ്തവർക്ക് അതിന്യൂനപക്ഷ പദവി നൽകണം, മാർപ്പാപ്പയെ കേന്ദ്രസർക്കാർ ഔദ്യോഗികമായി ഇന്ത്യയിലേക്ക് ക്ഷണിക്കണം, ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിതരണത്തിൽ അർഹമായ പരിഗണന നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് സീറോ മലബാർസഭ ഉന്നയിച്ചത്. ഇക്കാര്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പുനൽകിയാണ് ആദ്യമായി സീറോ മലബാർസഭ ആസ്ഥാനം സന്ദർശിച്ച കേന്ദ്ര ന്യൂനപക്ഷ മന്ത്രി മടങ്ങിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."