യാത്രക്കാര്‍ തിരിഞ്ഞു നോക്കിയില്ല; പാലത്തിനു മുകളില്‍ വൃദ്ധന് അവശനായി കിടന്നത് മണിക്കൂറുകള്‍
നിലമ്പൂര്‍: ആരും തിരിഞ്ഞുനോക്കിയില്ല, അവശനായ വൃദ്ധന് പൊരിവെയിലേറ്റ് കിടന്നത് നാലുമണിക്കൂറിലധികം. ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശിയായ രാമു (60) ആണ് കരുണയില്ലാത്തവരുടെ മുന്നില്‍ മണിക്കൂറുകളോളം അവശനായി കിടക്കേണ്ടിവന്നത്. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി വഴിതെറ്റിയാണ് ചന്തക്കുന്ന് മൈലാടി പാലത്തില്‍ എത്തിയത്.
ഭക്ഷണമോ വെള്ളമോ ലഭിക്കാതെ പാലത്തിന്മേല് തളര്‍ന്ന് അവശനായി കിടക്കുകയായിരുന്നു. നൂറുകണക്കിന് വാഹനങ്ങള്‍ ഇതുവഴി കടന്നുപോയി. കാറിലുള്ളവരും ബസ് യാത്രക്കാരും കാല്‍നടയാത്രികരും ഇയാളെ കണ്ടിട്ടും പരിഗണിക്കാതെ കടന്നുപോയി. ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാനോ വീട്ടുകാരെ പറ്റി അന്വേഷിക്കുവാനോ ആരും മുന്നോട്ടുവന്നില്ല. മണിക്കൂറുകള്‍ക്ക് ശേഷം അതുവഴി കടന്നുപോയ നിലമ്പൂര്‍ യൂനിറ്റിലെ ട്രോമാകെയര്‍ അംഗങ്ങളാണ് ഒടുവില്‍ ഇയാളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പ്രാഥമിക ചികില്‍സ നടത്തിയ ശേഷം വീട്ടുകാരെ വിളിച്ചുവരുത്തി ബന്ധുക്കളുടെ കൂടെ അയക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."