തൃശൂരിൽ ദേശീയപാത നിർമ്മാണത്തിനിടെ വൻ അപകടഭീഷണി; കൂറ്റൻ സ്ലാബ് സർവീസ് റോഡിലേക്ക് പതിച്ചു
തൃശൂർ: ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയത വീണ്ടും ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. ചാലക്കുടി മുരിങ്ങൂരിന് സമീപം അടിപ്പാതയുടെ പാർശ്വഭിത്തിയിലെ കൂറ്റൻ കോൺക്രീറ്റ് സ്ലാബ് സർവീസ് റോഡിലേക്ക് തകർന്നു വീണു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഈ സമയം റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നെങ്കിലും വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണടിച്ച് ഉയർത്തിയ ഭാഗത്ത് സ്ഥാപിച്ച കോൺക്രീറ്റ് പാനലുകളിൽ ഒന്നാണ് റോഡിലേക്ക് പതിച്ചത്. ചാലക്കുടി ഭാഗത്തേക്കുള്ള ട്രാക്കിലായിരുന്നു അപകടം. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന ആക്ഷേപം ശക്തമാക്കുന്നതാണ് പുതിയ സംഭവം.
നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ഇത്തരം അപകടങ്ങൾക്ക് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു. സമാനമായ സംഭവങ്ങൾ മുൻപും ഇതേ മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഴ്ചകൾക്ക് മുൻപ് ചിറങ്ങരയിൽ മൂന്ന് തവണയാണ് സ്ലാബുകൾ താഴേക്ക് വീണത്. അന്ന് ഒരു തൊഴിലാളിക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തില്ലാത്തത് സ്ഥിതിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്ലാബ് വീഴുമ്പോൾ അത് ഉടൻ നീക്കം ചെയ്ത് വീണ്ടും അവിടെത്തന്നെ ഘടിപ്പിക്കുന്നതല്ലാതെ, ശാസ്ത്രീയമായ പരിശോധനകളോ പരിഹാരങ്ങളോ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
മണ്ണിട്ട് റോഡ് ഉയർത്തുമ്പോൾ പാലിക്കേണ്ട ഒരു മാനദണ്ഡവും ഇവിടെ പാലിക്കപ്പെടുന്നില്ല. സർവീസ് റോഡിലെ കാനകൾക്ക് മുകളിൽ സ്ഥാപിച്ച സ്ലാബുകൾ പൊട്ടി വീഴുന്നത് നിത്യസംഭവമാണ്. ഇരുചക്ര വാഹനയാത്രികരാണ് ഇതിൽ ഏറെയും അപകടത്തിൽപ്പെടുന്നത് നാട്ടുകാർ പറയുന്നു.
മുരിങ്ങൂരിൽ ദിവസങ്ങൾക്ക് മുൻപ് സ്ഥാപിച്ച സ്ലാബാണ് ഇപ്പോൾ അടർന്നു വീണിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളിലെ ഗുണനിലവാരമില്ലായ്മയും സുരക്ഷാ മുൻകരുതലുകളുടെ അഭാവവും യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്. അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വലിയൊരു അപകടം ഏതുനിമിഷവും സംഭവിക്കാവുന്ന അവസ്ഥയിലാണ് ഈ പ്രദേശം.
A massive concrete slab from an under-construction underpass collapsed onto a busy service road in Muringoor, Thrissur. The incident occurred on Tuesday morning, narrowly missing vehicles and pedestrians.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."