ഇരുട്ടത്ത് പതിയിരുന്ന് പരിശോധന: പൊറുതി മുട്ടിച്ച് പൊലിസ്
കണ്ണൂര്‍: ഇരുട്ടത്ത് പതിയിരുന്ന് പൊലിസ് വാഹനയാത്രികരെ പിടികൂടുന്നു. ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് രാത്രികാലങ്ങളില്‍ പൊലിസ് വെളിച്ചമില്ലാത്ത ഇറക്കം ചെന്ന റോഡുകളില്‍ നിന്നുകൊണ്ട് വാഹനപരിശോധന നടത്തുന്നത്. ഏച്ചൂര്‍ പെട്രോള്‍ പമ്പിനടുത്തുള്ള തെരുവുവിളക്കുകളില്ലാത്ത റോഡിലാണ് പൊലിസ് സ്ഥിരമായി വാഹനപരിശോധന നടത്തുന്നത്. ഇതുകാരണം യാത്രക്കാര്‍ തങ്ങളുടെ രേഖകള്‍ ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടുകയാണ്. മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് യാത്രക്കാരെ പൊലിസ് പരിശോധിക്കുന്നത്. മദ്യപിക്കാത്തവരെപ്പോലും അനാവശ്യമായി ഊതിക്കുന്നതായും പരാതിയുണ്ട്. ചക്കരക്കല്‍ ടൗണില്‍ ഏറ്റവും തിരക്കുള്ള ഉച്ചസമയങ്ങളില്‍ എസ്.ഐയുടെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തുന്നത് ഗതാഗതകുരുക്കിനും ഇടയാക്കുന്നുണ്ട്. മണിക്കൂറുകള്‍ നീളുന്ന ഈ പരിശോധനയില്‍ വശംകെടുകയാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍. ഇരുചക്രവാഹന യാത്രികരാണ് കൂടുതല്‍ ഇരയാകുന്നത്. ഗതാഗതകുരുക്കുള്ള സമയങ്ങളില്‍ വാഹനപരിശോധനടത്തരുതെന്ന ഡി.ജി.പിയുടെ നിര്‍ദേശമാണ് ഇതിലൂടെ അട്ടിമറിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."