പയ്യന്നൂര്‍ നഗരസഭയുടെ പകല്‍ വീടിനു പുതിയ മുഖം ഉദ്ഘാടനം ഇന്ന്
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഒരുക്കിയ പകല്‍ വീടിനു പുതിയ മുഖം. സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായാണു കോറോം മുത്തത്തിയിയില്‍ പകല്‍ വീടിനു പുതിയ കെട്ടിടം ഒരുങ്ങിയത്.
വൃദ്ധമാതാക്കള്‍ ഉള്‍പ്പെടെ മുപ്പതിയഞ്ചോളം പേര്‍ ഇപ്പോള്‍ പകല്‍ വീട്ടിലെ അന്തേവാസികളാണ്.
വീടിന്റെ ഇരുട്ടറയില്‍ തളച്ചിടപ്പെട്ട നാരായണിയെന്ന 60 കാരിയുടെ ജീവിതം ഇന്ന് പകല്‍ വീടിലൂടെ പ്രകാശം കാണുകയാണ്. ഇവര്‍ക്കു മാത്രമല്ല 99 വയസായ പാറുവേട്ടത്തിയും 20 വയസുള്ള ബിന്ദുവുമൊക്കെ പ്രതീക്ഷയുടെ ലോകത്താണിപ്പോള്‍. സ്വന്തം വീടിനെക്കാള്‍ സ്‌നേഹവും പരിചരണവും പകല്‍ വീട്ടിലൂടെ ലഭിക്കുന്നു.
സ്വയം തൊഴില്‍ പരിശീലനവും വ്യായാമവും കാര്‍ഷിക വൃത്തിയുമായി ജിവിതത്തെ സന്തോഷമാക്കുകയാണ്.
ദിവസവും രാവിലെ പത്തിനു പകല്‍ വീടിന്റെ വാതില്‍ ഇവര്‍ക്കായി തുറക്കും. പിന്നെ നാലു വരെ ഇത് ഇവരുടെ ലോകമാണ്. ചിട്ടയായ പരിശിലനവും വ്യായാമവുമായി എന്‍.ആര്‍.എച്ച്.എം പ്രവര്‍ത്തകരും സജീവമാണ്.
പയ്യന്നൂര്‍ നഗരസഭയ്ക്കു പുറമേ സമീപ പഞ്ചായത്തുകളായ കുഞ്ഞിമംഗലം, രാമന്തളി എന്നിവിടങ്ങളിലെ മനോവൈകല്യമുള്ളവരെ കണ്ടെത്തി പകല്‍ വീട്ടിലെത്തിക്കുന്നതും എന്‍.ആര്‍.എച്ച്.എം പ്രവര്‍ത്തകരാണ്.
സംസ്ഥാനത്തെ പകല്‍ വീടുകളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം ഇവിടെയാണെന്നു ദേശീയ ആരോഗ്യ മിഷന്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.
നഷ്ടപ്പെട്ട ജിവിതങ്ങള്‍ക്കു തുണയായി പകല്‍ വീടു മാറിയതോടെ നഗരസഭയുടെ വലിയൊരു ലക്ഷ്യമാണ് സാക്ഷാത്കരിക്കുന്നത്.
ഓണക്കോടിയും ഓണസദ്യയും ഒക്കെയായി കെട്ടിട ഉദ്ഘാടനം ഇന്നു രാവിലെ 10ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."