ഏഴുവയസ്സുകാരിയെ ബലമായി ചുംബിച്ചു; സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരെ പോക്സോ കേസെടുത്ത് പൊലിസ്
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിൽ ഏഴുവയസ്സുകാരിയോട് മോശമായി പെരുമാറിയ സ്വയം പ്രഖ്യാപിത ആൾദൈവം മല്ലികാർജുന മുത്യ (26) ക്കെതിരെ പൊലിസ് കേസെടുത്തു. ആശ്രമത്തിൽ വെച്ച് പെൺകുട്ടിയെ മടിയിലിരുത്തി ബലമായി ചുംബിച്ചതിനാണ് നടപടി. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതർ ഇടപെട്ടത്.
സംഭവത്തെക്കുറിച്ച്
മഹാരാഷ്ട്രയിലെ സോലാപ്പൂരിൽ നിന്ന് മാതാപിതാക്കളോടൊപ്പം ഷാപ്പൂരിലെ മുത്യയുടെ ആശ്രമം സന്ദർശിക്കാനെത്തിയതായിരുന്നു പെൺകുട്ടി. ഭക്തർ നോക്കിനിൽക്കെ കുട്ടിയെ മടിയിലിരുത്തിയ മുത്യ, കുട്ടിയുടെ എതിർപ്പ് അവഗണിച്ച് ബലമായി ചുംബിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ കുട്ടിയുടെ പിതാവ് തന്നെയാണ് പകർത്തിയതും ഭക്തിയോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും. എന്നാൽ, വീഡിയോ കണ്ട പൊതുജനങ്ങളിൽ നിന്നും ബാലാവകാശ പ്രവർത്തകരിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയർന്നത്.
ബാലാവകാശ കമ്മീഷന്റെ ഇടപെടൽ
വീഡിയോ ശ്രദ്ധയിൽപ്പെട്ട കർണാടക ബാലാവകാശ കമ്മീഷൻ സ്വമേധയാ വിഷയത്തിൽ ഇടപെടുകയും അന്വേഷണത്തിന് പൊലിസിന് നിർദേശം നൽകുകയും ചെയ്തു. വീഡിയോയിൽ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് വ്യക്തമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
അന്ധവിശ്വാസവും മാതാപിതാക്കളുടെ നിലപാടും:
ആൾദൈവത്തിന്റെ പ്രവൃത്തിയിൽ മോശമായി ഒന്നും തോന്നിയില്ലെന്നായിരുന്നു കുട്ടിയുടെ മാതാപിതാക്കളുടെ ആദ്യ പ്രതികരണം.ഇതിനെത്തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിക്കും മാതാപിതാക്കൾക്കും കൗൺസിലിങ് നൽകി. ഇതിന് ശേഷമാണ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്.അന്ധവിശ്വാസത്തിന്റെ പേരിൽ കുട്ടികൾ ചൂഷണത്തിന് ഇരയാകുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."