ഉദാരമതികളുടെ കനിവുകാത്ത് ആദിവാസി യുവാവ്
തലശ്ശേരി: നിര്‍മാണ പ്രവൃത്തിക്കിടെ കെട്ടിടത്തിനു മുകളില്‍നിന്നു വീണ ആദിവാസി യുവാവ് സുമനസുകളുടെ കരുണ തേടുന്നു. ആറളം ഫാമിലെ പുനരധിവാസ മേഖലയില്‍ താമസിക്കുന്ന തോയന്‍ സനീഷ്(21) ആണ് വൃഷ്ണം തകര്‍ന്ന് ചികിത്സയിലായത്.
അഞ്ചുമാസം മുന്‍പാണ് സനീഷ് വീടിന്റെ സണ്‍ഷേഡില്‍ നിന്നു വീണത്. മൂത്രനാളിയില്‍ പഴുപ്പ് കയറിയതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ വേണമെന്നാണു ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശം. ഒരുലക്ഷത്തിലേറെ രൂപ ഇതിനായി ചെലവ് വരും. തൈറോയ്ഡ് മാരകമായ രീതിയില്‍ രക്തത്തില്‍ കലര്‍ന്നതിനെ തുടര്‍ന്നു നിത്യരോഗിയായ അമ്മ സുമക്കുള്ള ചികിത്സാചെലവ് കണ്ടെത്താനും മറ്റുമാണു സനീഷ് പണിക്കിറങ്ങിയത്. നിര്‍മാണ ജോലി തുടങ്ങി മാസങ്ങള്‍ കഴിയുമ്പോഴേക്കും അപകടത്തിന്റെ രൂപത്തില്‍ സനീഷിനെ കഷ്ടകാലം പിടികൂടുകയായിരുന്നു. വീഴ്ചയില്‍ വൃഷ്ണം തകര്‍ന്ന യുവാവ് അഞ്ചുമാസത്തോളമായി വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ശസ്ത്രക്രിയക്കുള്ള ചെലവ് കണ്ടെത്താന്‍ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് കൂലിപ്പണിക്കാരനായ പിതാവ് തങ്കപ്പന്‍. ആറളം പുനരധിവാസ മേഖലയില്‍ പട്ടയം ലഭിക്കാത്ത കുടുംബം സന്നദ്ധ സംഘടന നിര്‍മിച്ചു നല്‍കിയ ടാര്‍പോളിന്‍ ഷീറ്റ് മറച്ച കൂരയിലാണു താമസിക്കുന്നത്.
സനീഷിനു പുറമെ വിദ്യാര്‍ഥികളായ നാലു മക്കള്‍ കൂടി തങ്കപ്പന്‍-സുമ ദമ്പതികള്‍ക്കുണ്ട്. സനീഷിനെ കോഴിക്കോട് മെഡിക്കല്‍കോളജിലേക്കു മാറ്റിയിട്ടുണ്ട്. അടിയന്തിര ശസ്ത്രക്രിയക്കു കാരുണ്യമതികളുടെ സഹായം ഈ ആദിവാസി കുടുംബം പ്രതീക്ഷിക്കുകയാണ്. സനീഷിന്റെ പിതാവ് തങ്കപ്പന്റെ ഫോണ്‍ നമ്പര്‍: 9061118943.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."