പൊലിസിനെ വഴിയിൽ തടഞ്ഞ് തെറിവിളിയും ആക്രമണവും; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പിടിയിൽ, ഒമ്പത് പേർക്കെതിരെ കേസ്
തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലിസ് ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തി തെറിവിളിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകരായ രതീഷ്, വിഷ്ണു എന്നിവരെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സ്ക്വാഡ് പിടികൂടിയത്. ഒമ്പത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുള്ളത്. കോൺഗ്രസ് ഫ്ളക്‌സ് ബോർഡുകൾ തകർത്ത സംഭവത്തിൽ നോട്ടീസ് നൽകാനെത്തിയ നഗരൂർ എസ്ഐയെയും സംഘത്തെയുമാണ് പ്രവർത്തകർ നടുറോഡിൽ തടഞ്ഞത്.
സംഭവം ഇങ്ങനെ
ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിന് പിന്നാലെ നഗരൂർ മേഖലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനത്തിനിടെ കോൺഗ്രസിന്റെ ഫ്ളക്‌സ് ബോർഡുകൾ തകർക്കപ്പെട്ടു. വിഷയത്തിൽ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ പൊലിസ് കേസെടുക്കുകയും അന്വേഷണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നോട്ടീസ് നൽകാൻ എത്തുകയുമായിരുന്നു.
പൊലിസിന് നേരെ അസഭ്യവർഷവും ഭീഷണിയും
പൊലിസ് വാഹനം തടഞ്ഞുനിർത്തിയ പ്രവർത്തകർ ഉദ്യോഗസ്ഥർക്ക് നേരെ രൂക്ഷമായ അസഭ്യവർഷമാണ് നടത്തിയത്. "നിനക്ക് അടിക്കണോടാ" എന്ന് ചോദിച്ചുകൊണ്ട് എസ്ഐയെ ആക്രമിക്കാൻ പ്രവർത്തകർ മുതിരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുകയും ചെയ്തിട്ടും സംഭവത്തിൽ പൊലിസ് ഏറെ വൈകിയാണ് കേസെടുക്കാൻ തയ്യാറായത്..
കണ്ണൂരിലെ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടത്-വലത് സംഘടനകൾ തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ തുടർച്ചയായാണ് ഈ സംഭവത്തെയും വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."