ട്രാഫിക് സിഗ്‌നല്‍ പ്രവര്‍ത്തിച്ചു തുടങ്ങി അരക്കോടി രൂപ ചെലവിലാണ് പദ്ധതി
മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു
കണ്ണൂര്‍: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കണ്ണൂര്‍ നഗരത്തില്‍ വീണ്ടും ട്രാഫിക് സിഗ്‌നല്‍ വിളക്കുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. അരക്കോടി രൂപ ചെലവില്‍ ഹൈക്കൗണ്ട് പൈപ്പ്‌സിന്റെ സഹകരണത്തോടെ കോര്‍പ്പറേഷന്റെ ചെലവിലാണു സിഗ്‌നല്‍ വിളക്കുകള്‍ സ്ഥാപിച്ചത്. ഒന്നരവര്‍ഷം മുമ്പ് തിരുവനന്തപുരം ആസ്ഥാനമായുള്ള പരസ്യക്കമ്പനിയുടെ സഹകരണത്തോടെ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച സിഗ്‌നല്‍ വിളക്കുകള്‍ മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനരഹിതമായിരുന്നു.
അറ്റകുറ്റപ്പണി ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കുമെന്ന് അന്നു നഗരസഭാ അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, താവക്കര ബി.പി.സി.എല്‍ ജങ്ഷന്‍, പ്ലാസ ജംഗ്ഷന്‍, ഗാന്ധി സ്‌ക്വയര്‍, താണ എന്നിവിടങ്ങളിലാണ് സിഗ്‌നല്‍ വിളക്കുകള്‍ സ്ഥാപിക്കുന്നത്. ഒരുമാസത്തിനകം വിളക്കുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കാനാണു കരാര്‍. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍ നല്‍കിയത്. ഈ കാലയളവില്‍ വരുന്ന അറ്റകുറ്റപ്പണിയും കരാര്‍ ഏറ്റെടുത്ത കെല്‍ട്രോണ്‍ കമ്പനി നിര്‍വഹിക്കും. നിര്‍മാണം പൂര്‍ത്തിയായ ഗാന്ധിസ്‌ക്വയറിലെ സിഗ്നല്‍ വിളക്കുകളുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്ചു. ഹൈമാസ്റ്റ് വിളക്കുകളുടെ ഉദ്ഘാടനവും മന്ത്രി നടത്തി. മേയര്‍ ഇ.പി ലത അധ്യക്ഷയായി. പി.കെ ശ്രീമതി എം.പി മുഖ്യാഥിതിയായി. ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍, ട്രാഫിക് എസ്.ഐ പി.കെ സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു. താണയിലെ സിഗ്നല്‍ വിളക്കുകള്‍ അടുത്തയാഴ്ച പ്രവര്‍ത്തനം തുടങ്ങുമെന്നു കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."