ഖാംനഇയെ കൊലപ്പെടുത്തിയെന്ന് യു.എസ്; തള്ളി ഇറാൻ, ഇസ്റാഈലിലേക്ക് തുടർച്ചയായി ഇറാന്റെ മിസൈൽ വർഷം, ഇസ്റാഈലിൽ മരണം റിപ്പോർട്ട് ചെയ്തു
വാഷിംഗ്ടൺ/തെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്‌റാഈൽ ഉദ്യോഗസ്ഥരും അവകാശപ്പെട്ടു. എന്നാൽ, ഈ വാർത്ത ഇറാൻ നിഷേധിച്ചു. ഖാംനഇ സുരക്ഷിതനാണെന്നും സൈനിക നീക്കങ്ങൾക്ക് അദ്ദേഹം നേരിട്ട് നേതൃത്വം നൽകുന്നുണ്ടെന്നും ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്നലെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്‌റാഈലും നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് ഖാംനഇയുടെ മരണവാർത്ത പുറത്തുവന്നത്. അദ്ദേഹം കൊല്ലപ്പെട്ടെന്ന ഇസ്‌റാഈൽ റിപ്പോർട്ടുകൾ സ്ഥിരീകരിക്കാനാവില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു. ഇത് ശത്രുക്കൾ നടത്തുന്ന 'മാനസിക യുദ്ധം' (Mental Warfare) മാത്രമാണെന്ന് ഖാംനഇയുടെ ഓഫീസ് പ്രതികരിച്ചു.
ആക്രമണം തുടരുമെന്ന് ട്രംപ്
ഇറാനെതിരെ ശക്തമായ സൈനിക നടപടി ആരംഭിച്ചതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ സൈനിക ശേഷി തകർക്കാനും ആണവായുധ ഭീഷണി ഇല്ലാതാക്കാനുമാണ് ഈ നീക്കമെന്ന് ട്രംപ് പറഞ്ഞു. ലക്ഷ്യം കാണുന്നത് വരെ ഒരാഴ്ചയോ അതിലധികമോ സമയം ആക്രമണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും സംയുക്ത ആക്രമണത്തിൽ ഇറാനിൽ ഇതുവരെ 201 പേർ കൊല്ലപ്പെടുകയും 747 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ റെഡ് ക്രസന്റ് അറിയിച്ചു.
തിരിച്ചടിക്കുമെന്ന് ഇറാൻ
അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും എല്ലാ സൈനിക താവളങ്ങളും ആസ്തികളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാൻ യുഎൻ സ്ഥാനപതി അമീർ സഈദ് ഇരവാനി മുന്നറിയിപ്പ് നൽകി. "അധിനിവേശം പൂർണ്ണമായും അവസാനിക്കുന്നത് വരെ ഇറാൻ പ്രതിരോധം തുടരും. അമേരിക്കയെ ഇറാനുമായുള്ള യുദ്ധത്തിന്റെ ചതുപ്പിലേക്ക് വലിച്ചിഴക്കുന്നതിൽ ഇസ്‌റാഈൽ വിജയിച്ചിരിക്കുകയാണ്," അദ്ദേഹം പറഞ്ഞു.
തിരിച്ചടിയുടെ ഭാഗമായി ഇസ്‌റാഈലിന് നേരെയും ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ആരംഭിച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. അയൽരാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുമെന്നും എന്നാൽ സ്വന്തം മണ്ണ് സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാത്രിയിലുടനീളം നിരവധി മിസൈലുകൾ ആണ് ഇറാൻ ഇസ്രായേലിലേക്ക് തൊടുത്തു വിട്ടത്. നിരവധി പേർക്ക് പരുക്ക് ഉള്ളതായും മരണം സംഭവിച്ചതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ പ്രത്യാക്രമണം ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് നേരെയും
യു.എസിന്റെയും ഇസ്‌റാഈലിന്റെയും ആക്രമണത്തിന് മറുപടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടു. ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, യു.എ.ഇ, സഊദി അറേബ്യ, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങളെ ഇറാന്‍ ലക്ഷ്യം വെച്ചു. ഇതിനെത്തുടര്‍ന്ന് മേഖലയിലെ വ്യോമപാതകള്‍ അടയ്ക്കുകയും വിമാന സര്‍വിസുകള്‍ റദ്ദാക്കുകയും ചെയ്തു.
യു.എ.ഇയിയില്‍ ദുബൈയിലെയും അബൂദബിയിലെയും പ്രധാന വിമാനത്താവളങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായി. അബൂദയില്‍ ഏഷ്യന്‍ വംശജന്‍ കൊല്ലപ്പെട്ടു. മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഒന്ന് മാത്രമാണ് സ്ഥിരീകരിക്കപ്പെട്ടത്. അബൂദബിയിലെ എണ്ണ സംഭരണശാലകള്‍ക്ക് തീ പിടിച്ചതായും വാര്‍ത്തകളുണ്ട്. സഊദിയില്‍ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്‌ഫോടനങ്ങള്‍ നടന്നു. ദമ്മാമിലെയും ജിദ്ദയിലെയും തന്ത്രപ്രധാനമായ യു.എസ് കേന്ദ്രങ്ങള്‍ ഇറാന്‍ ലക്ഷ്യം വെച്ചു. കുവൈത്തിലെ അമേരിക്കന്‍ സൈനിക താവളമായ 'അലി അല്‍ സലേം' ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. താവളത്തിലെ റണ്‍വേകള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇവിടെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമില്ല. ബഹ്‌റൈനിലെ അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പട ആസ്ഥാനമായ മനാമയിലെ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. മനാമയിലെ വിമാനത്താവളത്തിന് സമീപവും സ്‌ഫോടനങ്ങള്‍ നടന്നതായി വിവരമുണ്ട്. ഇവിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകള്‍ പുറത്തുവരുന്നതേയുള്ളൂ. മേഖലയിലെ യു.എസിന്റെ ഏറ്റവും വലിയ വ്യോമതാവളമായ ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ അല്‍ ഉദൈദ് അമേരിക്കന്‍ സൈനിക താവളത്തിന് നേരെയാണ് ഏറ്റവും വലിയ ആക്രമണം ഉണ്ടായത്. താവളം ഏറെക്കുറേ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ പ്രവര്‍ത്തനം നിലക്കുകയും ചെയ്തു.
Summary : US President Donald Trump and Israeli officials claim that Iranian Supreme Leader Ayatollah Ali Khamenei has been killed. Iran has denied the killing, with semi-official media saying he is “steadfast” in commanding the field.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."