നിരോധനങ്ങള്‍ക്കു ' പുല്ലുവില..! ' അഥവാ നടപ്പാക്കാനാവാത്ത കുറേ നിരോധനങ്ങള്‍...
നിരോധിക്കാതെയെന്തുണ്ട് നാട്ടില്‍ എന്നന്വേഷിച്ചാല്‍ നാം ഓരോരുത്തരും അമ്പരക്കും. പൊതുജനത്തിന്റെയും പ്രകൃതിയുടെയും നന്മ ലക്ഷ്യമിട്ടു ഭരണകൂടം നിരോധിച്ച വസ്തുക്കളുടെ ലിസ്റ്റ് കണ്ടാല്‍ മൂക്കത്തു വിരല്‍ വെച്ചും പോവും. അത്രയേറെയാണ് നിരോധിത വസ്തുക്കളുടെ എണ്ണം. എന്നാല്‍ നിയമം മൂലം നിരോധിച്ച വസ്തുക്കളാണ് നാട്ടില്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്നത്.
ചെയ്യേണ്ട എന്നു പറഞ്ഞാല്‍ അതു മാത്രമേ ചെയ്യൂവെന്ന മട്ടിലാണ് പൊതു സമൂഹത്തിന്റെയും നിയമ ലംഘകരുടെയും പെരുമാറ്റം. ചുരുക്കത്തില്‍ നിയമത്തെ വെല്ലുവിളിച്ചു നിരോധിത വസ്തുക്കള്‍ കാസര്‍കോട് ജില്ലയില്‍ ഏറെ വിറ്റഴിയുന്നു. പൊലിസിന്റെ മൂക്കിനു തുമ്പിനു മുന്നിലും നിയമം ലംഘിച്ച് വെല്ലുവിളിയുയര്‍ത്തുന്നു. നടപ്പാക്കാനാകാത്ത നിരോധനങ്ങളുടെ കണക്കെടുക്കുകയാണ് ഇന്നത്തെ ' വടക്കന്‍ കാറ്റ് '.
'ലംഘിക്കും ലംഘിക്കും '
മണലെടുപ്പ്
അനധികൃത മണലെടുപ്പ് സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ചതാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ നദികളുള്ള ജില്ലയില്‍ പുഴകളിലെയും കടല്‍ തീരങ്ങളിലെയും മണലെടുപ്പ് നിര്‍ബാധം തുടരുകയാണ്. പ്രകൃതിയെ പൂര്‍ണമായും നശിപ്പിക്കുന്ന രീതിയില്‍ നടത്തുന്ന മണലെടുപ്പിന് ഇതേവരെ അറുതി വരുത്താന്‍ ഭരണകൂടത്തിനോ പൊലിസിനോ ആയിട്ടില്ല. ജില്ലയിലെ പ്രധാന നദികളെല്ലാം രൂക്ഷമായ മണലെടുപ്പ് മൂലം നാശത്തിന്റെ വക്കിലാണ്.
ലഹരി
പാന്‍ മസാലകളും അനധികൃത ലഹരിക വസ്തുക്കളായ ചാരായവും അന്യസംസ്ഥാന വിദേശമദ്യങ്ങളും കേരളത്തില്‍ നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇത്തരം വസ്തുക്കളുടെ ഏറ്റവും വലിയ വിപണി കാസര്‍കോട് ജില്ലയാണ്. കര്‍ണാടകത്തില്‍ ചെറിയ വിലക്കു ലഭിക്കുന്ന ഇത്തരം വസ്തുക്കളെല്ലാം കേരളത്തിന്റെ മറ്റു ജില്ലകളിലേക്കെത്തുന്നതും കാസര്‍കോടെ റോഡു മാര്‍ഗവും ട്രെയിന്‍ മാര്‍ഗവും തന്നെയാണ്. ദിനംപ്രതി ലക്ഷങ്ങളുടെ പാന്‍ മസാലയാണ് കാസര്‍കോടു വഴി കേരളത്തിലെത്തുന്നത്. ചാരായം വാറ്റ് നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കാസര്‍കോടന്‍ മലനിരകളില്‍ ചാരായ നിര്‍മാണം നിര്‍ബാധം നടക്കുന്നു. എക്‌സൈസും പൊലിസും വല്ലപ്പോഴും മാത്രം എത്തി നോക്കുന്ന മലനിരകളിലെ കാറ്റിന് വ്യാജചാരായത്തിന്റെ ഗന്ധമാണ്.
പൊതുനിരത്തില്‍
തുപ്പരുത്
സംസ്ഥാനത്തെ പൊതു നിരത്തുകളില്‍ തുപ്പരുതെന്ന് 2007ലാണ് നിയമം കൊണ്ടുവന്നത്. എന്നാല്‍ കണ്ടാലറയ്ക്കുന്ന രീതിയിലാണ് ഇക്കാര്യത്തില്‍ പലരുടെയും ചെയ്തികള്‍. വ്യക്തി ശുചിത്വത്തിന്റ ഭാഗമായി ഇതിനെ മാറ്റിയെടുക്കേണ്ടതിനു പകരം നിയമം കൊണ്ടുവന്നിട്ടു ഒരു കാര്യവുമില്ലെന്ന് പൊതുനിരത്തില്‍ തുപ്പരുതെന്ന നിരോധനത്തിന്റ കാര്യത്തില്‍ വ്യക്തമാവുന്നു.
മാലിന്യം വലിച്ചെറിയരുത്
വ്യക്തി ശുചിത്വത്തിന്റെ ഭാഗമായി രൂപപ്പെടേണ്ട മറ്റൊരു കാര്യമാണ് മാലിന്യം പൊതുനിരത്തിലും പൊതു സ്ഥലങ്ങളിലും വലിച്ചെറിയുന്നത്. എന്നാല്‍ നിയമം മൂലം നിരോധിച്ചിട്ടും മുന്നറിയിപ്പും നിര്‍ദേശങ്ങളും നല്‍കിയിട്ടും മാലിന്യം വലിച്ചെറിയുന്ന കാര്യത്തില്‍ മാത്രം ഒരു മാറ്റവുമില്ല. കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പൊതു ഇടങ്ങളില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ ഇതിന്റെ തെളിവുകളാണ്. ജില്ലയില്‍ 80 ശതമാനം തദ്ദേശ സ്ഥാപനങ്ങള്‍ക്കും മാലിന്യ സംസ്‌ക്കരണം സംബന്ധിച്ച പ്രത്യേക നയമോ പദ്ധതിയോ ഇല്ലെന്നത് വലിയ പോരായ്മയാണ്.
കണ്ടല്‍ വെട്ടരുത്
കണ്ടല്‍ ചെടികള്‍ വെട്ടിനശിപ്പിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടും സ്വകാര്യ വ്യക്തികളുടെ പറമ്പിലും പുഴയോരത്തെ പുറംമ്പോക്കിലും കണ്ടല്‍ നശീകരണത്തിന് ഒരു കുറവും വന്നിട്ടില്ല. ജില്ലയിലെ കണ്ടല്‍ വിസ്തൃതി വലിയ തോതില്‍ കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ട്രാഫിക് നിയമ ലംഘനം
റോഡുകളിലെ വാഹനങ്ങളുടെ അമിതി വേഗം മുതല്‍ മറികടക്കലിനു വരെ കൃത്യമായ നിയമം ഉണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാനുള്ളതല്ലെന്നാണ് പലരുടെയും പൊതുബോധം. വീട്ടുമുറ്റത്ത് വാഹനമോടിക്കുന്നതു പോലെയാണ് മിക്കയാളുകളും പൊതു നിരത്തില്‍ പെരുമാറുന്നത്. നിയമം ഉണ്ടെങ്കിലും അതൊന്നും കൃത്യമായി പ്രയോഗിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ നിരത്തില്‍ ഓടരുതെന്ന നിര്‍ദേശം പലപ്പോഴും കാറ്റില്‍ പറക്കുന്നു. ഹോണുകളുടെ ശബ്ദത്തിനു കൃത്യമായ അനുപാതം നിശ്ചയിച്ചിരുന്നുവെങ്കിലും അതു നടക്കുന്നില്ല. വാഹനങ്ങളുടെ ഗ്ലാസുകളില്‍ കറുത്ത സ്റ്റക്കര്‍ പതിക്കരുതെന്ന നിര്‍ദേശത്തിനും അല്‍പ്പായുസായിരുന്നു.
പൊതുനിരത്തിലെ
പ്രകടനങ്ങള്‍
ഗതാഗതം ലംഘിച്ചുകൊണ്ട് പൊതു നിരത്തുകളില്‍ പ്രകടനം നടത്തരുതെന്ന് 2008 ല്‍ ഹൈക്കോടതി നിര്‍ദേശമുണ്ട്. ശബ്ദമലിനീകരണം ഉണ്ടാക്കുന്ന രീതിയിലും ഗതാഗതം സ്തംഭിപ്പിച്ചും പ്രകടനങ്ങള്‍ നടപടിയെടുക്കാന്‍ നിയമമുള്ള നാട്ടില്‍ പക്ഷെ ഇക്കാര്യത്തില്‍ ഒന്നും നടക്കാറില്ല. നിയമം കൊണ്ടുവന്ന കോടതി പരിസരത്തു പോലും ഇത്തരം പ്രകടനങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നതാണ് രസകരം.
റെയില്‍വേയില്‍ പലതും പാടില്ല
റെയില്‍വേ സ്റ്റേഷനുകളിലെ പാളങ്ങള്‍ മുറിച്ചു കടക്കരുത്. ട്രെയിനുകളില്‍ സഞ്ചരിക്കുമ്പോള്‍ വാതില്‍പ്പടിയില്‍ ഇരിക്കരുത്. ജനലുകളില്‍ കൂടി കൈയും തലയും പുറത്തിടുക, അനുമതിയില്ലാതെ ട്രെയിനുകളില്‍ നടക്കുന്ന ഭിക്ഷാടനത്തെയും കച്ചവടത്തെയും പ്രോത്സാഹിപ്പിക്കുക എന്നുള്ളതു റെയില്‍വേ നിരോധിച്ചിട്ടുള്ളതാണ്.
ട്രെയിനില്‍ സ്ത്രീകളെ
തുറിച്ചു നോക്കരുത്
പൊലിസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ് സ്ത്രീകളെ തുറിച്ചു നോക്കിയാല്‍ കുറ്റമാണെന്നും രണ്ടെണ്ണം പൊട്ടിക്കണമെന്നും പറയും മുമ്പെ ഇന്ത്യന്‍ റെയില്‍വേ ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രെയിനില്‍ സ്ത്രീകളെ തുറിച്ചു നോക്കുക, അപമര്യാദയായി പെരുമാറുക, കളിയാക്കുക, സ്പര്‍ശിക്കുക, അര്‍ത്ഥം വെച്ച നോട്ടവും പാട്ടും എന്നിവയുണ്ടായാല്‍ ഇന്ത്യന്‍ പീനല്‍കോഡ് പ്രകാരം ശിക്ഷാര്‍ഹമാണെന്ന് റെയില്‍വേ ഓര്‍മ്മിപ്പിക്കുന്നു.
സംവരണ സീറ്റുകള്‍
ബസിലായാലും ട്രെയിനിലായാലും മറ്റ് സഞ്ചാര പഥങ്ങളിലായാലും സംവരണ സീറ്റ് അര്‍ഹതപ്പെട്ടവര്‍ക്കു ഒഴിഞ്ഞു കൊടുക്കണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ ഇത്തരമൊരു രീതി പലപ്പോഴും ആരും കണ്ടതായി പൊലും ഗൗനിക്കാറില്ല. സംവരണ സീറ്റുകള്‍ പല്ലപ്പോഴും ആവശ്യപ്പെട്ടാല്‍ പോലും ഒഴിഞ്ഞു കൊടുക്കാതിരിക്കുന്നുണ്ട്. ദീര്‍ഘദൂര യാത്രകളിലാണ് ഇതി പൊതുവെ ആവര്‍ത്തിക്കപ്പെടുന്നതെന്നതാണ് വസ്തുത.
ബാലവേല
ജില്ലയില്‍ നിര്‍ബാധം തുടരുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും ബാലവേല സജീവമാണ്. പലപ്പോഴും അന്യസംസ്ഥാനങ്ങളിലെ കുട്ടികളാണ് ബാലവേലക്ക് വിധേയരാവുന്നത്. പ്രായം തെളിയിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വച്ചുപോലും ബാലവേല നടക്കുന്നുണ്ട്. നിരോധനങ്ങളുടെ കാര്യത്തില്‍ ഒരിടപെടലും ജില്ലയില്‍ നടക്കാത്ത മേഖലയാണ് ഇത്.
മായം ചേര്‍ക്കല്‍
ഒരു നിയന്ത്രണവുമില്ലാതെ മായം ചേര്‍ക്കല്‍ നിര്‍ബാധം നടക്കുന്നു. രുചി കൂട്ടുവാനും ഏറെകാലം നീണ്ടുനില്‍ക്കുവാനും ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് വ്യാപകമാണ്. പരിശോധനകള്‍ പലപ്പോഴും പേരിനു മാത്രമായി പോവുന്നു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതിനാല്‍ മായം ചേര്‍ക്കുന്നതിനും മായം ചേര്‍ത്ത സാധനങ്ങള്‍ വില്‍ക്കുന്നതിനും ഒരു നിയന്ത്രണവുമില്ല.
റേഷന്‍ കരിഞ്ചന്തയില്‍
റേഷന്‍ കടകള്‍ ഉള്‍പ്പെടെയുള്ള പൊതുമാര്‍ക്കറ്റിലെ വസ്തുക്കള്‍ കരിഞ്ചന്തയില്‍ വില്‍ക്കരുതെന്നത് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തന്നെ അട്ടിമറിക്കപ്പെടുന്നു. മണ്ണെണ്ണയും മറ്റു വസ്തുക്കളും റേഷന്‍ കടകളില്‍ നിന്നും യഥേഷ്ടം പുറത്തേക്ക് പോകുന്നുണ്ട്. അവധി ദിവസങ്ങളില്‍ ജില്ലയിലെ ചില ഉദ്യോഗസ്ഥര്‍ റേഷന്‍ കട ഉടമകളുടെ രജിസ്റ്ററുകള്‍ പരിശോധിക്കുന്നുവെന്ന ആരോപണവും ഉണ്ട്.
സിനിമകളുടെ വ്യാജ പതിപ്പുകള്‍
പല സിനിമകളുടെയും വ്യാജ പതിപ്പുകള്‍ സിനിമ ഇറങ്ങിയയുടനെ കാസര്‍കോടെ കമ്പോളത്തില്‍ കിട്ടും. കൂടാതെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള പല ഉല്‍പ്പന്നങ്ങളുടെയും വ്യാജ മോഡലുകള്‍ കാസര്‍കോട് ജില്ലയിലെ വിപണികളില്‍ സുലഭമാണ്.
മൊബൈല്‍ സ്‌കൂളില്‍
കയറ്റരുത്
മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കയറ്റരുതെന്ന് നിയമം മൂലം നിരോധിച്ചതാണ്. ഇക്കുറി അധ്യയനം തുടങ്ങിയ ഉടനെ വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദേശം ഒരിക്കല്‍ കൂടി നല്‍കി. എന്നാല്‍ തൊട്ടടുത്ത കടകളില്‍ മൊബൈല്‍ ഫോണുകള്‍ വെച്ചാണ് പല കുട്ടികളും സ്‌കൂളിലെത്തുന്നത്. അതുകടന്നു ചിലയിടങ്ങളില്‍ വിദ്യാര്‍ഥികളോടൊപ്പമുള്ള അധ്യാപകരുടെ സെല്‍ഫിയാണ് ഇപ്പോഴത്തെ ചര്‍ച്ച.
നിരോധിത വസ്തുക്കള്‍
ഇതുവഴി കടന്നു പോവുന്നു...
ഉപ്പളയിലെ കഞ്ചാവു 'ഗല്ലി ' മുതല്‍ പടന്നയിലെ 'ലഹരി റാക്കറ്റു ' വരെ
(അധികൃതര്‍ ഇതു ശ്രദ്ധിക്കാതെ പോകരുത്).
നിരോധിത വസ്തുക്കളുടെ കടത്തലിനു പേരുകേട്ടതാണ് ഉപ്പളയിലെ കഞ്ചാവു ' ഗല്ലി '. ഉപ്പളയിലെ കഞ്ചാവു ഗല്ലി മുതല്‍ പടന്നയിലെ ലഹരി റാക്കറ്റുവരെ ഇത്തരം നിരോധിത വസ്തുക്കളുടെ കടത്തലിലും വില്‍പ്പനയിലും സജീവമാണെന്ന് പൊലിസ് പറയുന്നു. നിരോധിത വസ്തുക്കളായ പാന്‍മസാലയും കഞ്ചാവിനും പുറമെ ബ്രൗണ്‍ ഷുഗറും കറുപ്പും പോലും ജില്ലയിലെ അതിര്‍ത്തി കടന്നു വരുന്നുണ്ടെന്നാണ് സൂചന. പ്രതിമാസം ഒന്നേക്കാല്‍ ക്വിന്റല്‍ കഞ്ചാവാണ് ഉപ്പളയില്‍ വിതരണത്തിനെത്തുന്നത്. ഉപ്പളയിലെ കഞ്ചാവ് ഗല്ലിയില്‍ ലഹരി ഉല്‍പന്നങ്ങള്‍ എത്തിച്ച് ഇവിടെ നിന്നും മാഫിയ ചെറു പൊതികളിലാക്കി ഇടനിലക്കാര്‍ വഴി ജില്ലയിലെ മറ്റു മേഖലകളിലേക്ക് വില്‍പനയ്ക്കായി എത്തിക്കും. മയക്കുമരുന്നിന് അടിമപ്പെട്ട വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപ്പളയിലെ കഞ്ചാവ് ഗല്ലി യിലെ സ്ഥിരം സന്ദര്‍ശകരാണ്.
ലഹരി കടത്ത് സംഘത്തലവന്‍ ഉപയോഗിക്കുന്നത് 25 ഓളം മൊബൈല്‍ സിം കാര്‍ഡുകള്‍ ഓരോ ദിവസവും സിം കാര്‍ഡുകള്‍ മാറ്റിയാണ് ഇടപാടുകള്‍ നടത്താറുള്ളത്. അന്യ സംസ്ഥാനങ്ങളില്‍ നിരോധിത വസ്തുക്കള്‍ കാസര്‍കോടെത്തിക്കാന്‍ പ്രത്യേക സംഘങ്ങളും വാഹനങ്ങളും തന്നെ ഇത്തരം സംഘങ്ങള്‍ക്കുണ്ട്.
ആന്ധ്ര, ഒഡീസ സംസ്ഥാനങ്ങളിലെ നക്‌സല്‍ ഏരിയകളില്‍ നിന്നും കഞ്ചാവ് ശേഖരിച്ച് ആഡംബര കാറുകളുടെ മേല്‍ക്കൂരയില്‍ പ്രത്യേക അറകള്‍ ഉണ്ടാക്കി കേരളത്തിലേക്ക് പുറപ്പെടും അടുത്ത വാഹനത്തില്‍ കയറിയാല്‍ മേല്‍ക്കൂരയ്ക്ക് പകരം കാറുകളുടെ ബംപറിനകത്തും പെട്രോള്‍ ടാങ്കിലെ രഹസ്യ അറകളിലുമായി കഞ്ചാവ് ഒളിപ്പിച്ചാണ് തുടര്‍ന്നുള്ള യാത്ര. ആന്ധ്രയില്‍ നിന്നും 3000 രൂപയ്ക്ക് ഒരു കിലോ കഞ്ചാവ് ശേഖരിച്ച് കാസര്‍കോട് എത്തിയാല്‍ വില 50, 000 കൈയില്‍ കിട്ടും. ഇതുപോലെ ഒരോ യാത്രയിലും കഞ്ചാവ് മാഫിയ സംഘം കാസര്‍കോടന്‍ അതിര്‍ത്തിയില്‍ എത്തിക്കുന്നത് ക്വിന്റല്‍ കണക്കിന് കഞ്ചാവ്
കുമ്പള കേന്ദ്രീകരിച്ച് വന്‍ തോതിലാണ് കഞ്ചാവ്, നിരോധിത പാന്‍ മസാല ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നത്. ഇതിന് നേതൃത്വം നല്‍കുന്നത് 'സമൂസ' ' പാലക്കി ' എന്നീ വിളിപ്പേരുകളില്‍ അറിയപ്പെടുന്ന രണ്ടംഗ സംഘം. കൊടിയമ്മ സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഇല്ലായ്മയില്‍ നിന്നും ഉയരങ്ങള്‍ കീഴടക്കിയ വ്യക്തിയാണ്. ഇയാളുടെ കീഴില്‍ ഇടനിലക്കാരായി ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ബദിയടുക്ക, ചെര്‍ക്കള, മുളീയാര്‍ എന്നിവിടങ്ങളിലും നിരോധിത ഉല്‍പ്പന്ന വില്‍പ്പനക്കാരുടെ പ്രവര്‍ത്തനം സജീവമാണ്.
ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ് പ്രദേശങ്ങളില്‍ നിരോധിത ലഹരി വസ്തുക്കള്‍ എത്തിക്കുന്നത് കാസര്‍കോടെ ഇടനിലക്കാരാണ്. ഇവര്‍ക്ക് ഈ നാലു സ്ഥലങ്ങളിലും പ്രത്യേക ഏജന്റുമാര്‍ തന്നെയുണ്ട്.
നീലേശ്വരം രാജാസ് സ്‌കൂള്‍ പരിസരം, ബസ് സ്റ്റാന്റ്, മാര്‍ക്കറ്റ്, കോണ്‍വെന്റ് ജങ്ഷന്‍, കോട്ടപ്പുറം സ്‌കൂള്‍ പരിസരം, പരപ്പ സ്‌കൂള്‍ പരിസരം, ബിരിക്കുളം സ്‌കൂള്‍ പരിസരം, ബങ്കളം സ്‌കൂള്‍ പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ ലഹരി വസ്തു വില്‍പ്പനയുടെ കേന്ദ്രങ്ങളാണ്.
കോട്ടപ്പുറം,
ഓര്‍ച്ച, നെടുങ്കണ്ട,പുലിയന്നൂര്‍, പാലായി വളവ് എന്നിവിടങ്ങളിലെ പുഴയില്‍ നിന്നും വ്യാപകമായി മണലൂറ്റും നടക്കുന്നുണ്ട്. കാഞ്ഞങ്ങാടെ നഗര പരിസരങ്ങളില്‍ ലഹരി വില്‍പ്പന വ്യാപകമാണ്. മംഗ്‌ളുരുവില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികളാണ് ഇവ എത്തിക്കുന്നത്.
മംഗ്‌ളുരുവിലേക്ക് ഓട്ടം പോകുന്ന ചില വാഹനങ്ങളും ആംബുലന്‍സുകളും ഇത്തരം ലഹരിക്കടത്തില്‍ ഇടപെടുന്നുണ്ടെന്ന സൂചനയും പൊലിസിന് ലഭിച്ചിട്ടുണ്ട്. സ്വകാര്യ ബസുകളില്‍ നിരോധിത വസ്തുക്കള്‍ കയറ്റി വെച്ചശേഷം ഉടമസ്ഥര്‍ മാറിയിരിക്കുകയാണ് പതിവു. പൊലിസോ എക്‌സൈസോ പിടികൂടിയാലും ഉടമസ്ഥനെ കണ്ടെത്താനാവില്ല. ചില ഉദ്യോഗസ്ഥരും ഇവര്‍ക്കു കുട പിടിക്കുന്നതായി മനസിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."