ഗൾഫ് രാജ്യങ്ങൾ ദേഷ്യപ്പെടേണ്ടത് ഇറാനോടല്ല; അമർഷം ഇസ്റാഈലിനോടും അമേരിക്കയോടും വേണം: നിലപാട് വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി
തെഹ്‌റാൻ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയിൽ നിലപാട് വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഗൾഫ് രാജ്യങ്ങൾക്ക് നിലവിലെ സാഹചര്യത്തിൽ അമർഷമുണ്ടെങ്കിൽ അത് ഇറാനോടല്ല, മറിച്ച് യുദ്ധം അടിച്ചേൽപ്പിക്കുന്ന ഇസ്റാഈലിനോടും അമേരിക്കയോടും ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അൽ ജസീറയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇറാൻ മന്ത്രി നിലപാട് വ്യക്തമാക്കിയത്.
യുഎസ് സൈന്യത്തിന്റെ ആക്രമണങ്ങൾക്ക് മുന്നിൽ സ്വയം പ്രതിരോധിക്കുകയല്ലാതെ ഇറാന് മറ്റ് മാർഗമില്ല. അമേരിക്കൻ മണ്ണിൽ പോയി തിരിച്ചടിക്കാൻ സാധിക്കാത്തതിനാൽ, ഗൾഫ് മേഖലയിലുള്ള അവരുടെ സൈനിക താവളങ്ങളും സൗകര്യങ്ങളുമായിരിക്കും ഇറാന്റെ ലക്ഷ്യം.
ഗൾഫ് രാജ്യങ്ങളുമായി ഇറാന് നല്ല ബന്ധമാണുള്ളത്. അയൽരാജ്യങ്ങളെ ആക്രമിക്കാൻ ഇറാന് പദ്ധതിയോ താത്പര്യമോ ഇല്ല. എന്നാൽ ഇറാനെതിരായ നീക്കങ്ങൾക്ക് അമേരിക്കൻ സൈന്യത്തെ സഹായിക്കുന്ന കേന്ദ്രങ്ങൾ ലക്ഷ്യമിടേണ്ടി വരും. യുദ്ധം നിർത്താൻ ഇറാന് മേലല്ല സമ്മർദ്ദം ചെലുത്തേണ്ടത്, മറിച്ച് ഇസ്റാഈലിനും അമേരിക്കയ്ക്കും മേലാണ്. മേഖലയിലെ അസ്ഥിരതയ്ക്ക് കാരണം ഇറാനല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചർച്ചകൾക്കിടയിലും തങ്ങളെ ആക്രമിക്കുന്ന അമേരിക്കയിൽ നിന്ന് വ്യത്യസ്തമായി ഇറാൻ എപ്പോഴും നയതന്ത്ര ചർച്ചകൾക്ക് തുറന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അമേരിക്കൻ സൈന്യം താവളങ്ങൾ ഒഴിപ്പിച്ച് ഹോട്ടലുകളിൽ പോയി മനുഷ്യകവചങ്ങൾ തീർക്കുകയാണ്. ഇറാനെതിരായ നീക്കങ്ങളിൽ അമേരിക്കയെ സഹായിക്കുന്ന സൈനികരെയും സംവിധാനങ്ങളെയും മാത്രമാണ് ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത് എന്നും അബ്ബാസ് അരാഗ്ചി അഭിമുഖത്തിൽ പറയുന്നു.
പരമോന്നത നേതാവിന്റെ കൊലപാതകം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഈ നടപടി മേഖലയിലെ ഏറ്റുമുട്ടലുകളെ കൂടുതൽ സങ്കീർണ്ണവും അപകടകരവുമായ തലത്തിലേക്ക് എത്തിക്കുമെന്നും മുന്നറിയിപ്പ് നൽകി.
iranian foreign minister abbas araghchi has stated that gulf nations should direct their frustration toward israel and the united states rather than iran. in an interview with al jazeera, araghchi emphasized that while tehran seeks diplomacy and maintains good relations with its neighbors, it will defend itself against u.s. aggression.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."