ആക്രമണത്തില്‍ പങ്കുചേര്‍ന്ന് ഹിസ്ബുല്ലയും; ലബനാനില്‍ ഇസ്‌റാഈല്‍ ബോംബിങ്, യു.എ.ഇയിലെ സ്റ്റോക്ക് മാര്‍ക്കറ്റ് അടച്ചു | Israel, US Attack on Iran Live Updates
തെഹ്‌റാന്‍/ദുബൈ: യു.എസും ഇസ്‌റാഈലും ഇറാനെതിരേ തുടങ്ങിവച്ച ആക്രമണവും അതിന്റെ പ്രത്യാക്രമണവും കൂടുതല്‍ തലത്തിലേക്ക് വ്യാപിക്കുന്നു. ഇസ്‌റാഈലിലേക്ക് ലബനാനിലെ ശീഈ സായുധ സംഘടനയായ ഹിസ്ബുല്ല ആക്രമണം നടത്തിയതോടെ ലബനാനിലേക്ക് തിരിച്ചും ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷിച്ചു. ഇസ്‌റാഈലിലെ തുറമുഖ നഗരമായ ഹൈഫയ്ക്ക് സമീപമുള്ള സൈനിക താവളത്തിന് നേരെയാണ് ഹിസ്ബുല്ല റോക്കറ്റ്- ഡ്രോണ്‍ ആക്രമണം നടത്തിയത്. പിന്നാലെ ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ ശക്തമായ ബോംബാക്രമണം നടത്തി. ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ വധത്തിന് പകരമായും, ലബനന്റെ പ്രതിരോധത്തിനായുമാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല പ്രസ്താവനയില്‍ അറിയിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മേഖലയെ യുദ്ധഭീതിയിലാഴ്ത്തിയുള്ള ആക്രമണങ്ങള്‍ നടന്നത്. ലബനാനിലെ ജനങ്ങളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള ഇസ്‌റാഈല്‍ അധിനിവേശത്തിനും കൊലപാതകങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്- ഹിസ്ബുല്ല വ്യക്തമാക്കി. തങ്ങളുടെ അധിനിവേശം അവസാനിപ്പിച്ച് പിന്മാറാന്‍ ഇസ്‌റാഈല്‍ തയ്യാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തെക്കന്‍ ബെയ്‌റൂത്ത്, കിഴക്കന്‍ ലെബനനിലെ ബെക്കാ വാലി, തെക്കന്‍ ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ ആണ് ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങള്‍ അതിശക്തമായ ആക്രമണം നടത്തിയത്. ഹിസ്ബുല്ലയെ തകര്‍ക്കുമെന്നും വടക്കന്‍ ഇസ്‌റാഈലിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു. ലെബനന്റെ തകര്‍ച്ചയ്ക്ക് കാരണം ഹിസ്ബുല്ലയാണെന്നും അവര്‍ ആരോപിച്ചു. 2024 നവംബറില്‍ ഇരുവിഭാഗവും വെടിനിര്‍ത്തലില്‍ എത്തിയിരുന്നെങ്കിലും, ഇസ്‌റാഈല്‍ നിരന്തരം ഇത് ലംഘിക്കുന്നതായ ആക്ഷേപം നിലനില്‍ക്കെയാണ് പുതിയ സംഘര്‍ഷം.
അതേസമയം, യു.എ.ഇയിലെതുള്‍പ്പെടെയുള്ള ഗള്‍ഫിലെ യു.എസ് കേന്ദ്രങ്ങളെ ഇറാന്‍ ലക്ഷ്യംവച്ചതിനെത്തുടര്‍ന്ന് രാജ്യത്തെ ഓഹരി വിപണികള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടാന്‍ യുഎഇ ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി തീരുമാനിച്ചു. അബൂദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച്, ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് എന്നിവ ഇന്നും നാളെയും (മാര്‍ച്ച് 2 തിങ്കള്‍, മാര്‍ച്ച് 3 ചൊവ്വാഴ്ച) പ്രവര്‍ത്തിക്കില്ല.
നിലവിലെ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി നിക്ഷേപകരുടെ സുരക്ഷയും വിപണിയുടെ സ്ഥിരതയും ഉറപ്പാക്കുന്നതിനായുള്ള മേല്‍നോട്ട ചുമതലയുടെ ഭാഗമായാണ് ഈ നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കി. മേഖലയിലെ സംഭവവികാസങ്ങള്‍ അതോറിറ്റി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
സാമ്പത്തിക വ്യവസ്ഥയുടെ സുരക്ഷയും അവശ്യ സേവനങ്ങളുടെ തുടര്‍ച്ചയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. വിപണി സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ക്കായി അതോറിറ്റിയുടെയും അബൂദബി, ദുബൈ ഓഹരി വിപണികളുടെയും ഔദ്യോഗിക ചാനലുകള്‍ മാത്രം ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു
Summary: Tensions have escalated significantly as Israel launched airstrikes on Beirut and other parts of Lebanon on March 2, 2026. This followed a combined rocket and drone attack by Hezbollah on an Israeli military base near Haifa. Hezbollah stated their actions were a retaliation for the killing of Iran’s Supreme Leader and a defense of Lebanese sovereignty. The Israeli military has vowed to continue its strikes to eliminate threats from the north, marking a potential shift toward a broader regional war involving the US, Israel, and Iran.
In response to the rising regional instability and military confrontations in the Gulf, the UAE's Capital Market Authority has ordered the closure of the country’s stock exchanges for two days (March 2 and 3). This suspension affects both the Abu Dhabi Securities Exchange and the Dubai Financial Market. The decision is a precautionary measure to safeguard the financial system and protect investors as authorities closely monitor the security situation involving Iran, Israel, and the United States, which has impacted several GCC nations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."