കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡ് തകർത്തു; ചരിത്രമെഴുതി സഞ്ജു സാംസൺ
കൊൽക്കത്ത: 2026 ടി-20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് നേടിയത്. വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
മലയാളി സൂപ്പർതാരം സഞ്ജു സാംസണിന്റെ തകർപ്പൻ ഇന്നിങ്സിന്റെ കരുത്തിലാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. 50 പന്തിൽ നിന്നും പുറത്താകാതെ 97 റൺസ് നേടിയാണ് സഞ്ജു ഇന്ത്യയുടെ വിജയശില്പിയായത്. 12 ഫോറുകളും നാല് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് മലയാളി താരത്തിന്റെ ഇന്നിംഗ്സ്.
Take a bow, Sanju Samson 🙇♂️#TeamIndia | #T20WorldCup | #MenInBlue | #INDvWI | @IamSanjuSamson pic.twitter.com/8sDSdkiIWw
— BCCI (@BCCI) March 1, 2026
ടി-20 ലോകകപ്പ് ചരിത്രത്തിൽ ചെയ്‌സ് ചെയ്ത മത്സരങ്ങളിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ ആണ് സഞ്ജു കൊൽക്കത്തയിൽ അടിച്ചെടുത്തത്. വിരാട് കോഹ്‌ലിയുടെ പേരിലുണ്ടായ റെക്കോർഡാണ് സഞ്ജു തകർത്തത്. 2016 ടി-20 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ പുറത്താവാതെ 82 റൺസായിരുന്നു കോഹ്‌ലി നേടിയിരുന്നത്. ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ളതും കോഹ്‌ലി തന്നെയാണ്. 2022ൽ പാകിസ്ഥാനെതിരെയായിരുന്നു കോഹ്‌ലി 82 റൺസ് നേടിയിരുന്നത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. സ്കോർ ബോർഡിൽ 10 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ അഭിഷേക് ശർമ്മയെ (10) ഇന്ത്യക്ക് നഷ്ടമായി. തൊട്ടുപിന്നാലെ ഇഷാൻ കിഷനും (10) മടങ്ങിയതോടെ ഇന്ത്യ 20/2 എന്ന നിലയിൽ പതറി. എന്നാൽ പിന്നീട് ഒന്നിച്ച സൂര്യകുമാർ യാദവ് - സഞ്ജു സാംസൺ സഖ്യം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
സൂര്യകുമാർ യാദവ് (18) പുറത്തായെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന സഞ്ജു വിൻഡീസ് ബൗളർമാരെ കടന്നാക്രമിച്ചു. വെറും 28 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച സഞ്ജു, സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ നിൽക്കെ വിജയബൗണ്ടറി കുറിച്ചാണ് കളം വിട്ടത്.
അതേസമയം ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിന് വേണ്ടി ഷായ് ഹോപ്പും (32), റോസ്റ്റൺ ചേസും (40) മികച്ച തുടക്കം നൽകി. മധ്യനിരയിൽ റോവ്മാൻ പവലും (34*), ജേസൺ ഹോൾഡറും (37*) ചേർന്ന് വലിയ സ്കോറിലേക്ക് എത്തിച്ചു.ഇന്ത്യക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റ് നേടി.
സെമി ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. മാർച്ച് അഞ്ചിനാണ് ഇന്ത്യയുടെ സെമി പോരാട്ടം നടക്കുന്നത്. ഒന്നാം സെമിയിൽ മാർച്ച് നാലിന് സൗത്ത് ആഫ്രിക്കയും ന്യൂസിലാൻഡും ഏറ്റുമുട്ടും.
Sanju Samson made history in the T20 World Cup. Sanju scored the highest score by an Indian player in a chase in the history of the T20 World Cup in Kolkata. Sanju broke the record held by Virat Kohli. Kohli had scored 82 not out against Australia in the 2016 T20 World Cup.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."