നെല്ല് സംഭരണം ; ജില്ലയില്‍ 38,121 പേര്‍ രജിസ്റ്റര്‍ ചെയ്തു ഒന്നാം വിളയ്ക്ക് രജിസ്റ്റര്‍ ചെയ്തതിനേക്കാള്‍ 5,262 കൂടുതലാണ് ഇത്തവണ
കോട്ടായി: നെല്ലുസംഭരണം തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 38,121 കര്‍ഷകര്‍. കഴിഞ്ഞ ഒന്നാം വിളയ്ക്ക് രജിസ്റ്റര്‍ ചെയ്തതിനേക്കാള്‍ 5,262 കര്‍ഷകര്‍ കൂടുതല്‍. സംസ്ഥാനത്താകെ 57,600 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് ആലത്തൂര്‍ താലൂക്കിലാണ്. 15,795 പേര്‍. ചിറ്റൂരില്‍ 13,153 പേരും പാലക്കാട് 8,232 പേരും ഒറ്റപ്പാലത്ത് 467 പേരും പട്ടാമ്പിയില്‍ 467 പേരും മണ്ണാര്‍ക്കാട് രണ്ടു പേരുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
17 ന് രജിസ്‌ട്രേഷന്‍ അവസാനിക്കും. രജിസ്‌ട്രേഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. 21.50 രൂപയ്ക്കാണ് നെല്ല് സംഭരിക്കുന്നത്. ഇതില്‍ 14.70 രൂപ കേന്ദ്രവിഹിതവും 6.80 രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ സംഭരിച്ച നെല്ലിന്റെ പണം കൃത്യമായി നല്‍കിയിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ സപ്ലൈകോയ്ക്ക് കുടിശ്ശിക നല്‍കുവാനുള്ള പണം അനുവദിച്ചു. കഴിഞ്ഞ ഒന്നാം വിളയ്ക്ക് 32, 859 കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 9,17,70,117 കിലോഗ്രാം നെല്ല് സംഭരിച്ചപ്പോള്‍ 197.31 കോടി രൂപയാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. രണ്ടാംവിളയ്ക്ക് 38,940 പേര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 282.72 കോടി രൂപയുടെ 13,14,99764 കിലോ ഗ്രാം നെല്ല് സംഭരിച്ചിരുന്നു.
പൂര്‍ണമായും കാലവര്‍ഷത്തെ ആശ്രയിച്ചുള്ള ഒന്നാംവിള ഇത്തവണ രൂക്ഷമായ പ്രതിസന്ധയിലാണ്. ആവശ്യത്തിന് മഴ കിട്ടാത്തതിനാല്‍ പലയിടത്തും നെല്‍ച്ചെടിയില്‍ കതിര്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഇനി നനവുണ്ടായെങ്കില്‍ മാത്രമേ പാകപ്പെടുകയുള്ളു. ഇത്തവണ വിളവ് കുറവായിരിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. കൃത്യസമയത്ത് മഴ കിട്ടാതെ ഇടയ്ക്കിടെ പെയ്തത് കളശല്യവും കീടബാധയും രൂക്ഷമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."