ആഗോള എണ്ണവിപണിയിൽ കനത്ത ആഘാതം; ചൈനയിലെ വമ്പൻ റിഫൈനറി ഭാഗികമായി അടച്ചു
ബീജിംഗ്: മധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ യുദ്ധസമാനമായ സാഹചര്യം ആഗോള എണ്ണ വിപണിയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നു. അസംസ്‌കൃത എണ്ണയുടെ ലഭ്യത കുറഞ്ഞതോടെ, ചൈനയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലകളിലൊന്നായ സെജിയാങ് പെട്രോകെമിക്കൽ കോർപ്പറേഷൻ (ZPC) ഉൽപ്പാദനത്തിൽ വൻ നിയന്ത്രണം ഏർപ്പെടുത്തി.
സഊദി അരാംകോയുടെ പങ്കാളിത്തമുള്ളതാണ് ഈ റിഫൈനറി. എന്നാൽ തങ്ങളുടെ ഒരു പ്രധാന ക്രൂഡ് യൂണിറ്റ് താൽക്കാലികമായി അടച്ചുപൂട്ടുകയാണെന്ന് സെജിയാങ് പെട്രോകെമിക്കൽ കോർപ്പറേഷൻ അറിയിക്കുകയായിരുന്നു. പ്രതിദിനം 2,00,000 ബാരൽ ശേഷിയുള്ള യൂണിറ്റാണ് സെജിയാങ് അടച്ചുപൂട്ടിയത്.
മാർച്ചിൽ നടക്കാനിരിക്കുന്ന അറ്റകുറ്റപ്പണികൾ കൂടി പരിഗണിക്കുമ്പോൾ മൊത്തം ഉൽപ്പാദനത്തിൽ 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് കമ്പനി വക്താവ് റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. പ്രതിദിനം 8,00,000 ബാരൽ എണ്ണ ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റ് ആണ് ഇപ്പോൾ അടച്ചുപൂട്ടിയത്. കഴിഞ്ഞ മാസം പൂർണമായി പ്രവർത്തിച്ചുകൊണ്ടിരുന്ന കമ്പനിയാണ് അടച്ചുപൂട്ടിയത്.
ഇറാനെതിരെ ഇസ്റാഈൽ - യുഎസ് സഖ്യം നടത്തുന്ന ആക്രമണം രൂക്ഷമായതോടെ ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണ്. ഇതാണ് ചൈനയെപ്പോലുള്ള വൻകിട ഇറക്കുമതി രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയത്.
ചൈന തങ്ങളുടെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ പകുതിയോളം മിഡിൽ ഈസ്റ്റിൽ നിന്നാണ് കണ്ടെത്തുന്നത്. നിലവിലെ സാഹചര്യത്തിൽ എണ്ണവില വർദ്ധിക്കുന്നത് മറ്റ് റിഫൈനറികളെയും സമാനമായ രീതിയിൽ ഉൽപ്പാദനം കുറയ്ക്കാൻ പ്രേരിപ്പിച്ചേക്കാം എന്ന് വ്യവസായ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കപ്പെടാത്ത പക്ഷം ആഗോള വിപണിയിൽ എണ്ണവില ഇനിയും കുതിച്ചുയരാനാണ് സാധ്യത. ഇത് ചൈനീസ് വിപണിയെ മാത്രമല്ല, ഇന്ത്യയുൾപ്പെടെയുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളെയും വരും ദിവസങ്ങളിൽ ബാധിച്ചേക്കാം.
The ongoing conflict in the Middle East, exacerbated by strikes between the US-Israel alliance and Iran, has led to a near-total halt of shipping through the Strait of Hormuz. As this vital waterway carries approximately 20% of the world's oil, the disruption has triggered a supply crisis for major importers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."