ഇറാന്റെ മിസൈലുകളെ തകർത്ത് യുഎഇ പ്രതിരോധ സംവിധാനം; താമസക്കാർക്ക് പരുക്കേറ്റത് നേരിട്ടുള്ള ആക്രമണം മൂലമല്ലെന്ന് പ്രതിരോധ മന്ത്രാലയം
അബുദബി: ഇറാന്റെ ആക്രമണങ്ങളെത്തുടർന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പരുക്കുകളും നാശനഷ്ടങ്ങളും ശത്രുക്കളുടെ നേരിട്ടുള്ള ആക്രമണം മൂലമല്ലെന്ന് പ്രതിരോധ മന്ത്രാലയം. വിക്ഷേപിക്കപ്പെട്ട മിസൈലുകളെ വ്യോമ പ്രതിരോധ സംവിധാനം വഴി ആകാശത്തുവെച്ച് തടഞ്ഞപ്പോൾ, അവയുടെ അവശിഷ്ടങ്ങൾ പതിച്ചാണ് നാശനഷ്ടങ്ങൾ ഉണ്ടായതെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി.
യുഎഇയ്ക്ക് നേരെ തൊടുത്ത 186 ബാലിസ്റ്റിക് മിസൈലുകളിൽ 172 എണ്ണവും വിജയകരമായി നശിപ്പിച്ചു. 13 എണ്ണം കടലിൽ വീണു. ഒരെണ്ണം മാത്രമാണ് രാജ്യത്തിനുള്ളിൽ പതിച്ചത്. രാജ്യത്തിനു നേരേ തൊടുത്ത 8 ക്രൂയിസ് മിസൈലുകളും ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചു.
പ്രതിരോധ നടപടികൾക്കിടെ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് 3 പേർ മരിക്കുകയും 68 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ചില സിവിലിയൻ കേന്ദ്രങ്ങളിൽ ചെറിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യുദ്ധസാഹചര്യത്തിൽ അവശ്യവസ്തുക്കളുടെ കുറവുണ്ടാകുമെന്ന ആശങ്ക യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള തൗഖ് അൽ മാരി തള്ളി. അടുത്ത 4 മുതൽ 6 മാസം വരെ രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ തന്ത്രപരമായ ഭക്ഷ്യശേഖരം യുഎഇയിൽ നിലവിലുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി. വിതരണ ശൃംഖലയിൽ തടസ്സങ്ങളില്ലെന്നും ഇറക്കുമതി സാധാരണ നിലയിൽ തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചകളിലൂടെ സമാധാനം വേണമെന്ന് യുഎഇ
പ്രതിസന്ധി പരിഹരിക്കാൻ ചർച്ചകൾ മാത്രമാണ് ഏക പോംവഴിയെന്ന് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി പറഞ്ഞു. രാജ്യം സംഘർഷം ലഘൂകരിക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാൽ തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ പ്രതികരിക്കാനുള്ള അവകാശം യുഎഇക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ അടിയന്തര പ്രതിസന്ധി ദുരന്തനിവാരണ ഏജൻസി (NCEMA) സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. രാജ്യത്തെ എല്ലാ അവശ്യ സേവനങ്ങളും തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും ബിസിനസ് പ്രവർത്തനങ്ങൾക്കായി പ്രത്യേക പദ്ധതികൾ സജീവമാക്കിയതായും അധികൃതർ അറിയിച്ചു.
the uae defense system successfully intercepted iranian missiles, according to the ministry of defense. officials clarified that reported injuries were not caused by a direct missile strike but resulted from falling debris after interception. authorities assured residents of continued vigilance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."