സഞ്ജുവിന് ഇംഗ്ലിഷ് പരീക്ഷ പാസാകണം; ഇംഗ്ലണ്ടിനോട് കാത്തിരിക്കുന്നത് പേസ് ഭീഷണി
മുംബൈ: സഞ്ജു സാംസണ്‍ ഇപ്പോള്‍ ഇന്ത്യയുടെ ഹീറോയാണ്. നോക്കൗട്ടിന് സമാനമായ മത്സരത്തില്‍ ഇന്ത്യയെ ഒറ്റയ്ക്ക് പോരാടി വിജയിപ്പിച്ചവനെന്ന പേരും താരത്തിന് ലഭിച്ച് കഴിഞ്ഞു. ഇനി കാത്തിരിക്കുന്നതാണ് യഥാര്‍ത്ഥ വെല്ലുവിളി. കാരണം പേസ് ബൗളിങ് സഞ്ജുവിന് എന്നും ഭീഷണി. ആ വെല്ലുവിളിയെ മറികടന്നാണ് സഞ്ജു വിന്‍ഡീസിനെതിരേ ഗംഭീര ഇന്നിങ്‌സ് കളിച്ചത്. എന്നാല്‍ ഇംഗ്ലണ്ട് ബൗളിങ്ങില്‍ ഒരുപടി മുകളിലാണ്. പേസ് ബൗളിങ് അവരുടെ കരുത്താണ്. ജോഫ്ര ആര്‍ച്ചറും ജാമി ഓവര്‍ട്ടണും സഞ്ജുവിന് മറികടക്കേണ്ട കടമ്പകളാണ്. മാര്‍ക് വുഡ് ടീമില്‍ ഇല്ലാത്തത് ഒരുപരിധി വരെ സഞ്ജുവിന് ആശ്വാസവുമാണ്.
വാംഖഡെയില്‍ ഈഡനിലെ പോലെ ബാറ്റിങ് പറുദീസ എന്ന് പറയാനാവില്ല. പക്ഷേ റണ്‍സ് ക്ഷമയോടെ നിന്നാല്‍ കണ്ടെത്താനാവും. ഈഡനിലെ പ്രകടനം അതുകൊണ്ട് സഞ്ജു ആവര്‍ത്തിക്കേണ്ടി വരും. സഞ്ജുവിനെ എങ്ങനെ നേരിടണമെന്ന് അറിയുന്ന ജോസ് ബട്‌ലറും ടീമിലുണ്ട്. അഭിഷേക് ശര്‍മയും, ഇഷാന്‍ കിഷനും ഭീഷണിയാണെന്ന് ഇംഗ്ലണ്ടിന് അറിയാം. എന്നാല്‍ ഇവര്‍ക്കൊപ്പം സഞ്ജുവിനെയും വീഴ്ത്താനുള്ള നീക്കങ്ങള്‍ ഇംഗ്ലണ്ട് ആവിഷ്‌കരിക്കും. സഞ്ജുവിന്റെ സ്ഥാനം ടീമില്‍ ശരിക്കും അസ്ഥിരമാകാന്‍ തുടങ്ങിയതും ഇംഗ്ലണ്ടിനോടുള്ള മത്സരത്തിന് ശേഷമാണ്.
മികച്ച ഫോമില്‍ നില്‍ക്കെ ഇന്ത്യ ഇംഗ്ലണ്ടിനെതിരേ 2025 ജനുവരിയില്‍ ടി20 പരമ്പര കളിച്ചിരുന്നു. അഞ്ച് ഇന്നിങ്‌സില്‍ നിന്ന് സഞ്ജുവിന്റെ സമ്പാദ്യം വെറും 51 റണ്‍സായിരുന്നു. 12 പന്തില്‍ 16 റണ്‍സ് നേടിയതായിരുന്നു ആ പരമ്പരയില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. അതിവേഗത്തിലുള്ള പന്തുകള്‍ സഞ്ജുവിനെ നന്നായി ബുദ്ധിമുട്ടിച്ചത് ആ പരമ്പരയിലായിരുന്നു. ഒരേരീതിയിലുള്ള പുറത്താകലുകളായിരുന്നു എല്ലാം. അഞ്ച് മത്സരത്തിലും പേസര്‍മാര്‍ക്ക് മുന്നിലാണ് സഞ്ജുവിന് അടിപതറിയത്. മൂന്നുതവണ പുറത്താക്കിയത് ജോഫ്ര ആര്‍ച്ചറായിരുന്നു. ന്യൂസിലന്‍ഡിനെതിരേയും ആ ദൗര്‍ബല്യം ഈ വർഷം ആവര്‍ത്തിക്കപ്പെട്ടു. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് ആകെ നേടിയത് 16 റണ്‍സാണ്. മൂന്നുതവണയും പേസര്‍മാരാണ് വിക്കറ്റെടുത്തത്.
സഞ്ജു പേസ് ബൗളിങ്ങിനെതിരേ ലെങ്ത് അഡ്ജസ്റ്റ്‌മെന്റ് നടത്തി കളിക്കുമ്പോള്‍ സ്റ്റമ്പ് കൂടുതല്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പ്രകടമാകുന്നതായിരുന്നു രീതി. ഇത് വിക്കറ്റുകള്‍ എളുപ്പത്തില്‍ നഷ്ടമാകുന്നതിന് കാരണമാകും. കുറച്ച് വൈകിയാണ് ഈ അഡ്ജസ്റ്റ്‌മെന്റ് നടത്തുന്നതെങ്കില്‍ അനായാസം കളിക്കാനും സാധിക്കും. ആര്‍ച്ചറും ഓവര്‍ട്ടനും ചേര്‍ന്ന് ഈ ലോകകപ്പില്‍ നേടിയത് 19 വിക്കറ്റുകളാണ്. ഇരുവരെയും സഞ്ജു എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചാണ് ഇന്ത്യയുടെ മുന്നോട്ട് പോക്കും സാധ്യമാകുക. പവര്‍പ്ലേയില്‍ ഏറ്റവും അപകടകാരിയും ആര്‍ച്ചറാണ്. ടൂര്‍ണമെന്റില്‍ എട്ട് വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. ഇതില്‍ ഡോട് ബോള്‍ ശതമാനം 66 ആണ്. സഞ്ജു സെമി ഫൈനലില്‍ തന്റെ പേസ് ദൗര്‍ബല്യം മറികടന്നാല്‍, ദീര്‍ഘകാലം ടീമില്‍ നിലനില്‍ക്കാന്‍ പോകുന്ന താരമാകുമെന്ന് ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."