ഉറച്ച നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ്, ആശയദൃഢതയുള്ള കോണ്‍ഗ്രസുകാരന്‍
ദീര്‍ഘകാലബന്ധമായിരുന്നു അന്തരിച്ച കെ.പി ഉണ്ണികൃഷ്ണനുമായി എനിക്കുണ്ടായിരുന്നത്. 1989 ല്‍ ആദ്യമായി പാര്‍ലമെന്റിലെത്തുമ്പോള്‍ ഞാന്‍ പ്രതിപക്ഷത്തും അദ്ദേഹം ഭരണപക്ഷത്തുമായിരുന്നു. എന്നാല്‍ ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് അതൊന്നും തടസമായിരുന്നില്ല. സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച് അദ്ദേഹം കോഴിക്കോട്ട് സ്ഥിരതാമസമായിരുന്ന കാലത്തും അവിടെപ്പോകുമ്പോള്‍ അദ്ദേഹത്തെ കാണാതെ തിരിച്ചുപോരാന്‍ കഴിയുമായിരുന്നില്ല. ഞാനുള്‍പ്പെടെയുള്ള ചെറുപ്പക്കാരായ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വലിയ പ്രോത്സാഹനങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും അടുത്ത വ്യക്തിബന്ധം പുലര്‍ത്താന്‍ എനിക്ക് കഴിഞ്ഞിരുന്നു.
എക്കാലവും കോണ്‍ഗ്രസിന്റെ ആശയങ്ങളാല്‍ പ്രചോദിതമായിരുന്നു കെ.പി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയ ജീവിതം. മറ്റു പാര്‍ട്ടികളുടെ ഭാഗമായി നില്‍ക്കുമ്പോഴും അദ്ദേഹം പ്രത്യയശാസ്ത്രപരമായി കോണ്‍ഗ്രസുകാരന്‍ തന്നെയായിരുന്നു. അമ്പതുകളിലും അറുപതുകളിലുമുള്ള മറ്റേത് ചെറുപ്പക്കാരെയും പോലെ പണ്ഡിറ്റ് നെഹ്‌റുവും അദ്ദേഹത്തിന്റെ ആശയങ്ങളും കെ.പി ഉണ്ണികൃഷ്ണനില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഒരു സമ്പൂര്‍ണ നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ അടിസ്ഥാന ആശയങ്ങളായ ജനാധിപത്യവും മതേതരത്വവും അദ്ദേഹത്തിന് ജീവവായുപോലെയായിരുന്നു. കോഴിക്കോട്ടെ വീട്ടിലെത്തി അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഞങ്ങള്‍ ദീര്‍ഘമായി രാഷ്ട്രീയം സംസാരിക്കാറുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിനും ചിന്താധാരക്കും ഇന്ത്യ ഉള്ളിടത്തോളം കാലം പ്രസക്തിയുണ്ടെന്ന് ഉറച്ചു വിശ്വസിച്ചിരുന്നയാളായിരുന്നു അദ്ദേഹം. ബി.ജെ.പി പോലുള്ള രാഷ്ട്രീയ കക്ഷിക്ക് അധികകാലം ഇന്ത്യയെ ഭരിക്കാന്‍ കഴിയില്ലെന്ന് തന്നെയാണ് അദ്ദേഹം പറയാറുണ്ടായിരുന്നത്. കോണ്‍ഗ്രസിന്റെ ആശയധാര അത്രയേറെ ഇന്ത്യയുടെ മണ്ണുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും വി.കെ കൃഷ്ണമേനോന്റെയും ജീവിതത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് കോണ്‍ഗ്രസിലേക്കെത്തിയ ഉണ്ണികൃഷ്ണന്‍ അടിമുടി സോഷ്യലിസ്റ്റായിരുന്നു. നെഹ്‌റുവിയന്‍ സോഷ്യലിസത്തിന് ഇന്ത്യയില്‍ ഒരിക്കലും പ്രസക്തി നഷ്ടപ്പെടില്ലെന്ന് ഉറപ്പിച്ച് പറയാറുള്ള ഉണ്ണികൃഷ്ണനെ ഞാനിപ്പോഴുമോര്‍ക്കുന്നു. സംഘ്പരിവാറിന്റെ മതരാഷ്ട്രവാദത്തെ എക്കാലവും അതിശക്തമായിത്തന്നെ അദ്ദേഹം എതിര്‍ത്തിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജനാധിപത്യ ശക്തികള്‍ ഒരുമിച്ച് നിന്ന് ഇത്തരം ഭീഷണികളെ ചെറുക്കേണ്ട അനിവാര്യതയിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടായിരുന്നു അദ്ദേഹം എല്ലായ്‌പ്പോഴും സംസാരിക്കാറുണ്ടായിരുന്നത്. അദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നതും ഇതുമുന്‍നിര്‍ത്തിയായിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് മാത്രമേ ഇന്ത്യന്‍ സമൂഹത്തില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും എല്ലാവരെയും ഒരുമിച്ച് നിര്‍ത്താനും കഴിയുമായിരുന്നുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചു. കോണ്‍ഗ്രസിലെത്തി പ്രത്യേക പദവികളൊന്നും വഹിക്കാതിരുന്ന കാലത്തുപോലും ആശയദൃഢതയോടെ സംഘടനയില്‍ അദ്ദേഹം ഉറച്ചു നിന്നു. ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ ഹീറോ. കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റുധാരയുടെ ശക്തനായ വക്താവെന്ന നിലയിലാണ് ഇന്ദിരാഗാന്ധിക്ക് ഉണ്ണികൃഷ്ണനോട് താല്‍പര്യം തോന്നിയതും.
സമകാലിക ഇന്ത്യ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ അതീവ ദുഃഖിതനായിരുന്നു കെ.പി ഉണ്ണികൃഷ്ണന്‍. രാജ്യത്തെ ജനങ്ങളെ മതപരമായി വിഭജിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇന്ത്യക്ക് വലിയൊരു ശാപമായി മാറുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഇന്ത്യന്‍ മതേതര ചേരിയുടെ ഏറ്റവും സജീവമായ മുഖമായി കോണ്‍ഗ്രസ് നിലകൊള്ളണമെന്ന് അദ്ദേഹം എക്കാലവും ആഗ്രഹിച്ചിരുന്നു. സംസാരിക്കുമ്പോഴൊക്കൊ ഈ വികാരമാണ് അദ്ദേഹം എന്നോട് പങ്കുവച്ചിരുന്നത്. ഈ രാഷ്ട്രത്തെയും ഇവിടുത്തെ ജനതയെയും ഒന്നായി നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം വഹിച്ച ചരിത്രപരമായ പങ്കിനെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളയാളായിരുന്നു കെ.പി ഉണ്ണികൃഷ്ണന്‍. കോണ്‍ഗ്രസ് എങ്ങിനെയാണ് ഇന്ത്യയെ ഒന്നായി നിലനിര്‍ത്തിയതിനെക്കുറിച്ച് വരും തലമുറകള്‍ അറിയണമെന്നും അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു.
വായനയില്‍ അതിയായ സന്തോഷം കണ്ടെത്തിയിരുന്ന കെ.പി ഉണ്ണികൃഷ്ണന്റെ പുസ്തകശേഖരം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഡല്‍ഹിയിലെ ഉന്നത നേതാക്കള്‍ പലരും അദ്ദേഹത്തിന്റെ സ്വകാര്യലൈബ്രറിയിലെ നിത്യസന്ദര്‍ശകരായിരുന്നു. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനും മുമ്പ് മാതൃഭൂമിയിലും അക്കാലത്തെ പ്രശസ്തമായ ബ്‌ളിറ്റ്‌സ് വാരികയിലുമൊക്കെ നിറഞ്ഞു നിന്ന പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. താന്‍ വിശ്വസിച്ച രാഷ്ട്രീയ ബോധ്യങ്ങളില്‍ അവസാനം നിമിഷം വരെ ഉറച്ചുനിന്ന നേതാവായിരുന്നു കെ.പി ഉണ്ണികൃഷ്ണന്‍. നെഹ്‌റുവും വി.കെ കൃഷ്ണമേനോനും ഇന്ദിരാഗാന്ധിയും അദ്ദേഹത്തിന് മുന്നില്‍ എക്കാലവും പ്രകാശഗോപുരങ്ങളും വഴിവിളക്കുകളുമായിരുന്നു. പ്രിയപ്പെട്ട കെ.പി ഉണ്ണികൃഷ്ണന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."