കോടതിയിൽ ആൾമാറാട്ടം: മദ്യപിച്ച് വാഹനമോടിച്ച കേസിൽ ഹാജരാക്കിയത് 'സ്ഥിരം ജാമ്യക്കാരനെ'; പേര് മാറിപ്പോയതോടെ കളി പാളി, അഭിഭാഷക കുടുക്കിൽ
കാസർകോട്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ യഥാർത്ഥ പ്രതിക്ക് പകരം മറ്റൊരാളെ കോടതിയിൽ ഹാജരാക്കി ശിക്ഷ ഏറ്റുവാങ്ങാൻ ശ്രമിച്ച അഭിഭാഷകയുടെ തന്ത്രം പൊളിഞ്ഞു. ഹൊസ്‌ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ആൾമാറാട്ടം നടത്തിയ പ്രഭാകരൻ എന്നയാൾക്കെതിരെ ഹൊസ്‌ദുർഗ് പൊലിസ് കേസെടുത്തു.
പിടികൂടിയത് ഇങ്ങനെ:
ഹൈക്കോടതി നിർദ്ദേശപ്രകാരം മദ്യപിച്ച് വാഹനമോടിച്ച കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി സംഘടിപ്പിച്ച അദാലത്തിലാണ് തട്ടിപ്പ് നടന്നത്.പ്രതിയുടെ പേര് വിളിച്ചപ്പോൾ ഹാജരായ പ്രഭാകരനോട് കോടതി പേര് ചോദിച്ചു. പരിഭ്രമം കാരണം ഇയാൾ അറിയാതെ സ്വന്തം പേര് തന്നെ പറയുകയായിരുന്നു. രേഖകളിലെ പേരും ഇയാൾ പറഞ്ഞ പേരും തമ്മിൽ വ്യത്യാസം കണ്ടതോടെ കോടതി ജീവനക്കാർക്ക് സംശയം തോന്നി.
കോടതിയിൽ സ്ഥിരമായി പലർക്കും ജാമ്യം നിൽക്കാൻ എത്താറുള്ള ആളായിരുന്നു പ്രഭാകരൻ. കോടതി ജീവനക്കാർക്ക് ഇയാളെ നേരത്തെ പരിചയമുണ്ടായിരുന്നതും തട്ടിപ്പ് വേഗത്തിൽ പുറത്തുവരാൻ കാരണമായി.
അഭിഭാഷകയ്‌ക്കെതിരെ പ്രതിഷേധം:
പ്രഭാകരൻ മാത്രമല്ല, ഈ വനിതാ അഭിഭാഷക അന്ന് ഹാജരാക്കിയ മറ്റ് മൂന്ന് പേരും യഥാർത്ഥ പ്രതികൾക്ക് പകരം എത്തിയ പകരക്കാരാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഇതോടെ കോടതി മറ്റ് കേസുകൾ പരിഗണിക്കുന്നത് നിർത്തിവെച്ചു. മദ്യപിച്ച് വാഹനമോടിച്ചാൽ സാധാരണ നിലയിൽ 10,000 രൂപയാണ് പിഴ. എന്നാൽ അദാലത്തുകളിൽ കേസ് തീർപ്പാക്കുമ്പോൾ 500 രൂപ പിഴയും കോടതി പിരിയുന്നത് വരെ തടവുമാണ് ശിക്ഷ ലഭിക്കാറുള്ളത്. ഈ ആനുകൂല്യം മുതലെടുക്കാനാണ് അഭിഭാഷക ആൾമാറാട്ടം നടത്തിയത്.
തുടർ നടപടികൾ:
ആൾമാറാട്ടം നടത്തിയ പ്രഭാകരനെതിരെ കേസെടുക്കാൻ കോടതി പൊലിസിന് നിർദ്ദേശം നൽകി. ഈ നിയമവിരുദ്ധമായ കൃത്യത്തിൽ അഭിഭാഷകയുടെ പങ്ക് എത്രത്തോളമുണ്ടെന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്. അഭിഭാഷകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും ഈ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."