ഭക്ഷണം ഉണ്ടാക്കാൻ പോലും അനുവദിക്കുന്നില്ല; ഐടി ജീവനക്കാരി ജീവനൊടുക്കിയ നിലയിൽ, സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
ബെംഗളൂരു: ഇഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കാൻ പോലും അനുവദിക്കാതെ അമ്മായിയമ്മ നടത്തിയ മാനസിക പീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. പ്രമുഖ ഐടി കമ്പനിയായ ഡെല്ലിലെ (Dell) ജീവനക്കാരിയായ സുഷമയാണ് (35) മരിച്ചത്. സംഭവത്തിൽ സുഷമയുടെ ഭർത്താവ് പുനീത് കുമാറിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ അമ്മായിയമ്മ കൽപനയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.
സംഭവം ഇങ്ങനെ:
അഞ്ച് വർഷം മുൻപാണ് പുനീത് കുമാറും സുഷമയും വിവാഹിതരായത്. ഇവർക്ക് നാല് വയസ്സുള്ള ഒരു മകനുണ്ട്. എന്നാൽ വിവാഹം കഴിഞ്ഞ കാലം മുതൽ അമ്മായിയമ്മ കൽപന നിസ്സാര കാര്യങ്ങൾക്ക് പോലും സുഷമയെ അപമാനിക്കുന്നത് പതിവായിരുന്നുവെന്ന് പൊലിസ് പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലി സുഷമയും കൽപനയും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. സുഷമ ഭക്ഷണം ഉണ്ടാക്കേണ്ടതില്ലെന്നും അടുക്കളയിൽ കയറരുതെന്നും അമ്മായിയമ്മ കടുത്ത നിലപാടെടുത്തു. ഇതിൽ മനംനൊന്ത സുഷമ മുറിയിൽ കയറി വാതിലടയ്ക്കുകയും പിന്നീട് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
കുടുംബത്തിന്റെ ആരോപണം:
മകന് ലഭിച്ച സ്ത്രീധനം കുറഞ്ഞുപോയെന്ന പരാതി ഉന്നയിച്ച് കൽപന സുഷമയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി വീട്ടുകാർ ആരോപിക്കുന്നു. വീട്ടുജോലികളിലും ഭക്ഷണകാര്യങ്ങളിലും സുഷമയെ പൂർണ്ണമായും മാറ്റിനിർത്തി അപമാനിച്ചിരുന്നതായും പരാതിയിലുണ്ട്.
സുഷമയുടെ മാതാപിതാക്കളുടെ പരാതിയിൽ സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പുനീത് കുമാറിനെ പൊലിസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ അമ്മായിയമ്മ കൽപനയ്ക്കായി ബെംഗളൂരു പൊലിസ് അന്വേഷണം വ്യാപിപ്പിച്ചു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."