ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം; 101 പേരെ കാണാതായി
കൊളംബോ: ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാൻ നാവികസേനയുടെ യുദ്ധക്കപ്പലായ 'ഐറിസ് ദേന' അന്തർവാഹിനി ആക്രമണത്തിൽ തകർന്നു. ആക്രമണത്തെത്തുടർന്ന് കപ്പൽ പൂർണ്ണമായും മുങ്ങിയതായും 101 ജീവനക്കാരെ കാണാതായതായും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ 78 പേർക്ക് പരുക്കേറ്റു, ഇതിൽ 32 പേരുടെ നില അതീവ ഗുരുതരമാണ്.
ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന 'മിലാൻ 2026' ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു മൗഡ്ജ് ക്ലാസ് ഫ്രിഗേറ്റായ ഐറിസ് ദേന. ആക്രമണം നടക്കുമ്പോൾ 180 ഓളം ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
ഇറാനും ഇസ്റാഈലും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഈ ആക്രമണം. മേഖലയിൽ യുഎസ്-ഇസ്റാഈൽ സഖ്യം ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്തിവരികയാണ്.
കപ്പൽ അപകടത്തിൽപ്പെട്ട വിവരം ലഭിച്ച ഉടൻ തന്നെ ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും രക്ഷാപ്രവർത്തനത്തിനായി കപ്പലുകളും വിമാനങ്ങളും അയച്ചതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പാർലമെന്റിനെ അറിയിച്ചു.
നിലവിൽ 79 പേരെ രക്ഷപ്പെടുത്തി ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചികിത്സയിലായിരുന്നവരിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷപ്പെടുത്തിയവരിൽ 32 പേരെ ശ്രീലങ്കൻ സൈന്യമാണ് കടലിൽ നിന്ന് കരയ്ക്കെത്തിച്ചത്. പരുക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകിവരികയാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഡോ. അനിൽ ജാസിംഗെ വ്യക്തമാക്കി.
കാണാതായ 101 പേർക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്. കപ്പൽ പൂർണ്ണമായും മുങ്ങിയതിനാൽ ഇവരെ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് ശ്രീലങ്കൻ നാവികസേനാ വൃത്തങ്ങൾ സൂചിപ്പിച്ചു. മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ നടന്ന ഈ ആക്രമണം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
An alleged submarine attack targeted an Iranian warship off the coast of Sri Lanka, with reports saying 101 personnel are missing. Authorities are assessing the situation as maritime security concerns rise amid heightened regional tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."