സപ്ലൈകോ ഡിപ്പോയില്‍ നിന്നും സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ അരി വിതരണം
വടക്കാഞ്ചേരി: ഉച്ചഭക്ഷണത്തിന് അര്‍ഹതയുള്ള കുട്ടികള്‍ക്ക് ഓണത്തിന് നല്‍കുന്ന അഞ്ച് കിലോ അരി ഓണത്തിന് മുമ്പ് വിതരണം ചെയ്യാന്‍ നടപടി കൈകൊള്ളാത്ത അധികൃതരുടെ നടപടി വന്‍ വിവാദമായതിനെ തുടര്‍ന്ന് ഒടുവില്‍ സപ്ലൈകോ അധികൃതരുടെ ഉറക്കമുണരല്‍. മന്ത്രിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് അരി വിതരണം എങ്ങിനെയെങ്കിലും പൂര്‍ത്തിയാക്കാന്‍ നെട്ടോട്ടമോടുകയാണ് ഉദ്യോഗസ്ഥര്‍. അരി ലഭ്യമായ മാവേലി സ്‌റ്റോറുകളില്‍ നിന്ന് കഴിഞ്ഞ ദിവസം അരി വാങ്ങി കുട്ടികള്‍ക്ക് വിതരണം ചെയ്തുവെന്നും അവധി ദിനങ്ങളിലും ലഭ്യമായാല്‍ അരി നല്‍കാന്‍ തയാറാണെന്നും വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ സ്‌കൂള്‍ ഓണാവധിക്ക് അടച്ച സാഹചര്യത്തില്‍ എന്ത് ക്രമീകരണം ഏര്‍പ്പെടുത്തിയാലും അത് ഫലവത്താകില്ലെന്നാണ് വിലയിരുത്തല്‍. അതു കൊണ്ടു തന്നെ സപ്ലൈകോ നേരിട്ട് അരി വിതരണം ചെയ്യുന്നതിനാണ് പദ്ധതി. പരമാവധി പേര്‍ക്ക് നല്‍കുന്നതിനും, ബാക്കിയുള്ളവര്‍ക്ക് ഓണം കഴിഞ്ഞ് വിതരണം ചെയ്യുന്നതിനാണ് തീരുമാനം. തലപ്പിള്ളി താലൂക്കിലെ സ്‌കൂളുകള്‍ക്കുള്ള അരി നാളെ വരെ ഓട്ടുപാറയിലെ താലൂക്ക് സപ്ലൈകോ ഡിപ്പോയില്‍ നിന്ന് ലഭിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഓണത്തിന് മുമ്പ് അരി വിതരണം നടക്കില്ലെന്ന് ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."