രുഗ്മണിയമ്മക്ക് നഗരസഭയുടെ ഓണസമ്മാനം: ഉത്സവ നിറവില്‍ പുതിയ ഭവനത്തില്‍ ഗൃഹപ്രവേശനം
വടക്കാഞ്ചേരി: ഏത് നിമിഷവും തകര്‍ന്ന് വീഴാറായ വീട്ടില്‍ ജീവിത ദുരിതത്തോട് മല്ലടിച്ച് ബന്ധുക്കളുടെ പരിചരണം ലഭിക്കാതെ കഴിഞ്ഞിരുന്ന എങ്കക്കാട് സ്വദേശിനിയായ വയോധികക്ക് നഗരസഭയുടെ ഓണസമ്മാനം. കിഴക്കേടത്ത് വീട്ടില്‍ രുഗ്മണി അമ്മയുടെ പുനരധിവാസം രണ്ട് മാസം മുമ്പ് ഏറ്റെടുത്ത നഗരസഭ തകര്‍ന്ന് വീഴാറായ വീട് പൊളിച്ച് മാറ്റി ജനകീയ കൂട്ടായ്മയില്‍ പുതിയൊരു ഭവനം നിര്‍മിക്കുകയായിരുന്നു.
പ്രായാധിക്യം മൂലം അവശതയിലായ 77 കാരിയെ വിദഗ്ദ ചികിത്സക്കായി നഗരസഭ മുന്‍കൈ എടുത്ത് പെരിങ്ങണ്ടൂര്‍ പോപ്പ് പോള്‍ മേഴ്‌സി ഹോമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അസുഖങ്ങള്‍ ചികിത്സിച്ച് മാറ്റുകയും കാഴ്ച ശക്തി നഷ്ടപ്പെട്ട കണ്ണിന്റെ കാഴ്ച ശക്തി തിരിച്ചെടുക്കുകയും ചെയ്തതിന് ശേഷം രുഗ്മണിയമ്മയെ പുതിയ ഭവനത്തില്‍ തിരിച്ചെത്തിച്ചപ്പോള്‍ അത് ആധുനിക കാലത്ത് അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നന്മയുടെ വീണ്ടെടുക്കലായി. ഇന്നലെ രാവിലെയായിരുന്നു പുതിയ ഭവനത്തിലേക്ക് രുഗ്മണിയമ്മയുടെ ഗൃഹപ്രവേശനം.
പെരിങ്ങണ്ടൂര്‍ പോപ് പോള്‍ മേഴ്‌സി ഹോം ഡയറക്ടര്‍ ഫാ. ജോജു ആളൂര്‍ വീടിന് മുന്നില്‍ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ സൈറാ ബാനു അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.കെ പ്രമോദ്കുമാര്‍, എം.ആര്‍ സോമനാരായണന്‍, കൗണ്‍സിലര്‍മാരായ വി.പി മധു, ടി.വി സണ്ണി, പി.ആര്‍ അരവിന്ദാക്ഷന്‍, മധു അമ്പലപുരം, പോപ്പ് പോള്‍ മേഴ്‌സി ഹോം മദര്‍ സിസ്റ്റര്‍ ത്രേസ്യാമ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."