പൂര്‍വവിദ്യാര്‍ഥികളുടെ ഉയര്‍ച്ചകളാണ് വിദ്യാലയത്തിന്റെ മൂല്യം നിര്‍ണയിക്കുന്നത്: ഡോ. ടി.പി ശശികുമാര്‍
കയ്പമംഗലം: ഒരു സ്‌കൂളിന്റെ മൂല്യനിര്‍ണയം എത്ര പേര്‍ക്ക് എ പ്ലസ് ലഭിച്ചു എന്നല്ലെന്നും, സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ എത്രപേര്‍ക്ക് എത്താന്‍ കഴിഞ്ഞു എന്നത് കണക്കാക്കിയാണ് ആ സ്‌കൂളിന്റെ മൂല്യം നിര്‍ണയിക്കേണ്ടത് എന്നും വിദ്യാഭ്യാസ വിദഗ്ദനും, മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനുമായ ഡോ. ടി.പി ശശികുമാര്‍ അഭിപ്രായപ്പെട്ടു. പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ് സ്‌കൂള്‍ ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഒന്നാം വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. ടി.പി ശശികുമാര്‍.
ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിലെ പോരായ്മകള്‍ക്ക് കാരണം നല്ല അധ്യാപകരുടെ അഭാവമാണെന്നും, സമൂഹ നന്മക്കായ് നല്ല തലമുറയെ വാര്‍ത്തെടുക്കുന്നവരാണ് നല്ല അധ്യാപകരെന്നും അദ്ദേഹം പറഞ്ഞു. സംസര്‍ഗമാണ് മനുഷ്യനെ നല്ലവനാക്കുന്നത്. ശ്രീകൃഷ്ണന്റെ സംസര്‍ഗത്താല്‍ യുധീഷ്ഠരന്‍ ധര്‍മ്മപുത്രനാവുകയും ശകുനിയുടെ സംസര്‍ഗത്താല്‍ ദുര്യോധനന്‍ മോശപ്പെട്ടവനാവുകയും ചെയ്തു.
ഇതില്‍ യുധിഷ്ഠരന്‍ ധര്‍മ്മപുത്രനായത് ശ്രീകൃഷ്ണന്റെ സു:ദര്‍ശനത്താലാണ്, ആയതിനാല്‍ നല്ല ജനതയുടെ വളര്‍ച്ചയുടെ ആധാരം സു:ദര്‍ശനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒ.എസ്.എ പ്രസിഡന്റ് എന്‍.കെ അബ്ദുല്‍ നാസര്‍ അധ്യക്ഷനായി. ചടങ്ങില്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി പി.കെ അജ്മല്‍ എഴുതിയ ക്വിസ് അറ്റ് കേരള 360 എന്ന പുസ്തകം മുംബൈ ഇന്‍കം ടാക്‌സ് ഡെപ്യൂട്ടി കമ്മിഷനര്‍ ജ്യോതിസ് മോഹന്‍ ഐ.ആര്‍.എസ്, ആര്‍.എം.വി.എച്ച്.എസ് സ്‌കൂള്‍ പിടി.എ പ്രസിഡന്റ് ശംസുദ്ദീന്‍ വാത്യേടത്തിന് നല്‍കി പ്രകാശനം ചെയ്തു.
ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. നിഥിന്‍.ടി.ജേക്കബ് പുസ്തകം പരിചയപ്പെടുത്തി. നാഷണല്‍ ടീച്ചേഴ്‌സ് അവാര്‍ഡ് നേടിയ തൃശൂര്‍ ജില്ലയിലെ അധ്യാപകരായ ഡോ. അബി പോള്‍, സി.ബി ഷക്കീല ടീച്ചര്‍, പി.എ സീതിമാസ്റ്റര്‍, കെ.എസ് ദീപന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് ഉപഹാരം നല്‍കി ആദരിച്ചു. സ്‌കൂള്‍ പി.ടി.എ നടപ്പിലാക്കുന്ന സിവില്‍ സര്‍വിസ് കോച്ചിങ്ങിന്റെ ഉദ്ഘാടനം സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമി പൊന്നാനി ഫാക്വല്‍ടി മെമ്പര്‍ ഷിജിത്ത് വി.പി നിര്‍വഹിച്ചു.
സമ്മേളനത്തില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 136-ാം റാങ്ക് നേടിയ അശ്വതി, കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ എന്‍.എസ്.എസ് പ്രതിനിധിയായി ന്യൂഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുവാന്‍ അവസരം കിട്ടിയ വി.എച്ച്.എസ്.ഇയിലെ വിദ്യാര്‍ഥിനി പി.ജെ രേഷ്മക്കും, കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ സ്‌കൂളിലെ ദിയ ശശിധരന്‍, കെ.എസ് ആദിത്യ, വി.എസ് ദേവിക, പി.ചാരുദര്‍ശന്‍ എന്നീ വിദ്യാര്‍ഥികളെ ലിജു രാജു ഉപഹാരം നല്‍കി അനുമോദിച്ചു. െ
പരിഞ്ഞനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ സുധീര്‍ പോട്ടത്ത്, ദിലീപ് കുമാര്‍ കെ.എസ്, പ്രജിത രതീഷ്, റിജ ദേവദാസ്, മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൃന്ദ പ്രേംദാസ്, കെ.ആര്‍ രാമനാഥന്‍ മാസ്റ്റര്‍, കെ.കെ അബ്ദുല്‍ നാസര്‍, ഇ.എസ് മിനി, പി.ആര്‍ ജയപാലന്‍, വി.വി യതീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."