In - Depth: 'സ്‌മൈലിംഗ് ബുദ്ധ': അമേരിക്കയെ അടക്കം നോക്ക് കുത്തിയാക്കി കൊണ്ട് പൊഖ്‌റാനില്‍ ഇന്ത്യ നടത്തിയ ആണവ പരീക്ഷണം
'ഡോക്ടർ രാമണ്ണ, തീരുമാനവുമായി മുന്നോട്ട് പോകൂ... ഇത് രാജ്യത്തിന് നന്മയായി ഭവിക്കും' 1974 മെയ് 17നാണ് അന്നത്തെ ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ദിര ഗാന്ധി ഇങ്ങനെയൊരു സന്ദേശം ശാസ്ത്രജ്ഞന്‍ രാജ രാമണ്ണയ്ക്ക് കൈമാറുന്നത്.
പ്രധാന മന്ത്രിയുടെ സമ്മതം കൂടി കിട്ടിയപ്പോള്‍ രാമണ്ണയുടെ നേതൃത്വത്തിലുളള ശാസ്ത്രജ്ഞരും, എഞ്ചിനിയര്‍മാരും വളരെ രഹസ്യമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ദൗത്യത്തിന്റെ അവസാന തയ്യാറെടുപ്പിലേക്ക് കടന്നു.
പിറ്റേന്ന് നേരം പുലര്‍ന്നു. ദിവസം 1974 മെയ് 18. സമയം രാവിലെ 08: 05. ശാസ്ത്രജ്ഞന്‍ പ്രണബ് രെബതിരഞ്ചന്‍ ദസ്തിദര്‍ തന്റെ മുന്നിലെ ബട്ടണില്‍ വിരല്‍ പതിപ്പിച്ചതോട് കൂടി ആ ചരിത്ര നിമിഷം പിറവി കൊണ്ടു...
രാജസ്ഥാന്‍ മരുഭൂമിയിലെ പൊഖ്‌റാന്‍ ദേശത്തില്‍ വലിയ ശബ്ദത്തോട് കൂടി പൊടി പടലങ്ങള്‍ പരന്നു. ലോകം ഒന്നാകെ അമ്പരന്നു. ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയായപ്പോള്‍ ശാസ്ത്രജ്ഞര്‍ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിക്ക് സന്ദേശം കൈമാറി 'ദ ബുദ്ധ ഹാസ് സ്‌മൈല്‍ഡ്!' സമാധാനത്തിന്റെ പ്രതീകമായ ബുദ്ധന്റെ നാമത്തില്‍ ഇന്ത്യ പൊഖ്‌റാനില്‍ നടത്തിയത് രാജ്യത്തിന്റെ ആദ്യ ആണവ പരീക്ഷണമായിരുന്നു. അങ്ങനെ യുഎസ്, റഷ്യ, യുകെ, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ആണവായുധം വികസപ്പിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. നിലവില്‍ ആണവായുധം കൈവശമുളള ഒമ്പത് രാജ്യങ്ങളില്‍ ഒരു രാജ്യവും കൂടിയാണ് ഇന്ത്യ.
എന്തിന് ഇന്ത്യ ആണവായുധം വികസിപ്പിച്ചു?
അതിര്‍ത്തി തര്‍ക്കവും, ദലൈലാമയ്ക്ക് കീഴിലെ ടിബറ്റ് വിമോചന സമരത്തിന് ഇന്ത്യയുടെ പിന്തുണ പ്രഖ്യാപനവുമാണ് 1961ലെ ഇന്ത്യ - ചൈന യുദ്ധത്തില്‍ കലാശിച്ചത്. മാസങ്ങള്‍ നീണ്ടു നിന്ന ശേഷം യുദ്ധ അവസാനിച്ചെങ്കിലും, 1964ല്‍ ചൈന ആണവ പരീക്ഷണം നടത്തി. ഇതിന് ശേഷമാണ് ബംഗ്ലാദേശ് രൂപീകരണവുമായി ബന്ധപ്പെട്ട് പാകിസ്താനില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. ഇന്ത്യ ബംഗ്ലാദേശിന്റെ രൂപീകരണത്തെ പിന്തുണച്ചു. സ്വതന്ത്ര ബംഗ്ലാദേശിനുളള ഇന്ത്യയുടെ പിന്തുണ പാകിസ്താനിന് ഇന്ത്യയോടുളള എതിര്‍പ്പ് വര്‍ധിപ്പിക്കാന്‍ കാരണമായി. ഇത് ഇന്ത്യയും, പാകിസ്താനും തമ്മിലുളള അക്രമ - പ്രത്യാക്രമണങ്ങളിലേക്കും ഒടുവില്‍ യുദ്ധത്തിലേക്കും വരെ നയിച്ചു. അങ്ങനെ ചുറ്റിലും ശത്രക്കള്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന സുപ്രധാനപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യ വളരെ രഹസ്യമായി ആണവ ആയുധങ്ങള്‍ വികസിപ്പിക്കുന്നത്.
1967 മുതല്‍ തന്നെ ബാബ അറ്റോമിക്ക് റിസര്‍ച്ച് സെന്ററിന് (ബാര്‍ക്ക്) കീഴില്‍ ഇന്ത്യ ആണവ പരീക്ഷണത്തിനായി തയ്യാറെടുക്കുന്നുണ്ടായിരുന്നു. രാജ രാമണ്ണ, പി കെ ഐയ്യങ്കര്‍, രാജ ഗോപാലന്‍ ചിദംബരം എന്നീ ശാസ്ത്രജ്ഞര്‍ക്ക് കീഴില്‍ ഏതാണ്ട് 75 ശാസ്ത്രജ്ഞരും, എഞ്ചിനിയര്‍മാരും ചേര്‍ന്നാണ് രഹസ്യമായിട്ടുളള ആണവ പദ്ധതിക്ക് നേതൃത്വം നല്‍കിയിരുന്നത്.
1972 സെപ്തംബര്‍ ഏഴിന് നടന്ന ബാര്‍ക്ക് യോഗത്തില്‍ പ്രധാന മന്ത്രി ഇന്ദിര ഗാന്ധി പൂര്‍ണ്ണ സമ്മതം മൂളിയതോട് കൂടി പദ്ധതിയുടെ വേഗത കൂടി.
പൊഖ്‌റാനിലെ പരീക്ഷണം;
ചുറ്റിലും ശത്രുക്കളായത് കൊണ്ടും, അമേരിക്ക ഇന്ത്യയുമായി ഇടഞ്ഞ് നില്‍ക്കുന്ന സമയമായത് കൊണ്ടും വളരെ രഹസ്യമായിട്ടാണ് ഇന്ത്യ ആണവ പരീക്ഷണം നടത്തിയിരുന്നത്. സി ഐ എ അടങ്ങുന്ന അമേരിക്കയുടെ ഇന്റലിജന്‍സ് സംവിധാനത്തെയും, അമേരിക്കന്‍ സാറ്റ്‌ലൈറ്റുകളെയും മറി കടന്ന് കൊണ്ട് വേണമായിരുന്നു ഇന്ത്യക്ക് ആണവ പരീക്ഷണം നടത്തുവാന്‍. ജനങ്ങള്‍ക്ക് ഉപദ്രവമില്ലാതിരിക്കാന്‍ വേണ്ടി രാജസ്ഥാനിലെ ആളൊഴിഞ്ഞ ഇടമായ പൊഖ്‌റാനെന്ന മരുഭൂമി പ്രദേശമായിരുന്നു ഇന്ത്യ പരീക്ഷണത്തിന് തിരഞ്ഞെടുത്തിരുന്നത്.
ഇരുട്ടിന്റെ മറവിലായിരുന്നു ശാസ്ത്രജ്ഞരുടെ തയ്യാറെടുപ്പുകള്‍. അമേരിക്കയുടെ കെ എച്ച് - 11 സാറ്റ്‌ലൈറ്റിനെ കബളിപ്പിച്ചായിരുന്നു ഇന്ത്യയുടെ എല്ലാ നീക്കങ്ങളും... പൊഖ്‌റാന്‍ 1 നൂക്ലിയര്‍ ടെസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതിക്ക് ഇന്ത്യ നല്‍കിയ പേര് 'സ്‌മൈലിംഗ് ബുദ്ധ' എന്നാണ്. പരീക്ഷണം നടപ്പിലാക്കുന്ന അന്നേ ദിവസം സിദ്ധാര്‍ത്ഥ ബുദ്ധയുടെ ജന്മ ദിവസമായതിനാലാണ് ഇന്ത്യ സ്‌മൈലിംഗ് ബുദ്ധ എന്ന പേര് പരീക്ഷണത്തിന് നല്‍കിയത്.
പൊഖ്‌റാനില്‍ പരീക്ഷിച്ച ആണവായുധം നിര്‍മ്മിച്ചതെങ്ങനെ?
രണ്ടാം ലോകമഹായുദ്ധകാലത്ത് നാഗസാക്കിയില്‍ പ്രയോഗിച്ച 'ഫാറ്റ് മാന്‍' ബോംബിനോട് സാമ്യമുള്ള ഇംപ്ലോഷന്‍ ടൈപ്പ് (Implosion-type) ഡിസൈനാണ് ഈ പദ്ധതിക്കായി ഇന്ത്യ തിരഞ്ഞെടുത്തത്. ഉയര്‍ന്ന പ്രഹരശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പ്ലൂട്ടോണിയം കോറിനെ അതീവമായി കംപ്രസ് ചെയ്യുകയും, ആ സമ്മര്‍ദ്ദത്തിലൂടെ ഒരു ആണവ സ്‌ഫോടനം സൃഷ്ടിക്കുകയുമാണ് ഇതിന്റെ പ്രവര്‍ത്തനരീതി. സൈറസ് (CIRUS) റിയാക്ടറില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഏകദേശം 6 കിലോഗ്രാം പ്ലൂട്ടോണിയമാണ് ഇതില്‍ ഇന്ധനമായി ഉപയോഗിച്ചത്.
ആണവ ചെയിന്‍ റിയാക്ഷന്‍ കൃത്യമായി ആരംഭിക്കുന്നതിനായി 'ഫ്‌ളവര്‍' (Flower) എന്ന കോഡ് നാമത്തില്‍ അറിയപ്പെട്ട ഒരു പൊളോണിയംബെറിലിയം ഇനിഷ്യേറ്ററും ഇതില്‍ സജ്ജീകരിച്ചിരുന്നു.
ഈ ഉപകരണത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇന്ത്യയുടെ വിവിധ നഗരങ്ങളിലായാണ് വികസിപ്പിച്ചെടുത്തത്. ഇതിലെ ഇംപ്ലോഷന്‍ സിസ്റ്റം ചണ്ഡീഗഢിലും, ഡിറ്റണേഷന്‍ (സ്‌ഫോടന) സംവിധാനം പൂനെയിലുമാണ് തയ്യാറാക്കിയത്. ബാര്‍ക്കിലെ (BARC) എഞ്ചിനീയര്‍മാര്‍ ഈ ഭാഗങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് ഉപകരണത്തിന് പൂര്‍ണ്ണരൂപം നല്‍കി. ഏകദേശം 1.25 മീറ്റര്‍ വീതിയും 1,400 കിലോഗ്രാം ഭാരവുമുള്ള ഈ ഉപകരണം ഒരു ഷഡ്ഭുജാകൃതിയിലാണ് (Hexagonal) നിര്‍മ്മിക്കപ്പെട്ടത്.
പരീക്ഷണത്തിന്റെ അവസാന ഘട്ടത്തില്‍, ഒരു മെറ്റല്‍ ട്രൈപോഡില്‍ ഉറപ്പിച്ച ഈ ഉപകരണം ഒരു റെയില്‍ സംവിധാനം വഴിയാണ് പരീക്ഷണ കുഴിയിലേക്ക് (Test shaft) എത്തിച്ചത്. പരീക്ഷണത്തിന്റെ അതീവ രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ ഇന്ത്യന്‍ സൈന്യം ഈ റെയില്‍ പാതകളും മറ്റ് അനുബന്ധ ഉപകരണങ്ങളും മണല്‍ ഉപയോഗിച്ച് മൂടി പൂര്‍ണ്ണമായും മറച്ചിരുന്നു. ബാഹ്യമായ നിരീക്ഷണങ്ങളില്‍ നിന്ന് പരീക്ഷണത്തെ ഒളിപ്പിച്ചു വെക്കാന്‍ ഈ മുന്‍കരുതലുകള്‍ ഏറെ സഹായിച്ചു.
ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണം
ഏതാണ്ട് ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം 1998ല്‍ പൊഖ്‌റാനില്‍ വെച്ച് തന്നെ ഇന്ത്യ രണ്ടാമതും ഒരു ആണവ പരീക്ഷണം നടത്തി. 'ഓപ്പറേഷന്‍ ശക്തി' എന്ന പേരില്‍ രണ്ട് ദിവസത്തിനിടയില്‍ ഏതാണ്ട് 5 പരീക്ഷണങ്ങളാണ് ഇന്ത്യ നടത്തിയത്.
ലോക രാജ്യങ്ങളില്‍ പലരും ഇന്ത്യയെ വിമര്‍ശിച്ചെങ്കില്‍ കൂടിയും, ഈ ആണവ പരീക്ഷണങ്ങള്‍ മറ്റുളള രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ പ്രതാപം വളര്‍ത്തിയെന്നത് ചരിത്രപരമായ വസ്തുതയാണ്.
'smiling buddha' was the code name for india’s first successful nuclear bomb test, conducted on may 18, 1974, in pokhran, rajasthan. it was a historic moment that made india the first nation outside the permanent members of the un security council to demonstrate nuclear capability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."